2015, ജൂലൈ 17, വെള്ളിയാഴ്‌ച

സെന്റ് സെബാസ്റ്റിന്‍ ദേവാലയം, മാടവന

എന്‍. സി. അഗസ്റ്റിന്‍


വി. സെബസ്ത്യാനോസിന്റെ ദേവാലയം, മാടവന

 വിശ്വാസസാക്ഷ്യമായി പുതിയ ഇടവക; മാടവന

രണ്ടാം ലോക മഹായുദ്ധ ക്കാലത്ത് സൈനീകാവശ്യങ്ങള്‍ക്കു   വേണ്ടി നാവികത്താവളവും വിമാനത്താവളവും ഉണ്ടാക്കിയപ്പോള്‍ ആ പ്രദേശങ്ങളില്‍ താമസിച്ചിരുന്ന ജനങ്ങള്‍ കുടിയൊഴിപ്പിക്കപ്പെട്ടു. അങ്ങനെ വെണ്ടുരുത്തിയില്‍ നിന്ന് ഒരു ജനത സ്വന്തം വീടും നാടും തൊഴിലിടങ്ങളും നഷ്ടപ്പെട്ട്, ആ ത്യാഗത്തിന് ഗവണ്‍മെന്റ്  പ്രതിഫലമായി വെച്ചുനീട്ടിയ ഔദാര്യം സ്വീകരിച്ച്, തികച്ചും അവികസിതമായ നെട്ടൂരിലേക്ക് 1942-44 കാലത്ത് കുടിയേറി. ഇക്കൂട്ടരില്‍ ഒരു വിഭാഗം താമസമാക്കിയത് നെട്ടൂര്‍ തോടിന് തെക്കുഭാഗത്തായിരുന്നു. പിന്നീട് ആ പ്രദേശം തെക്കെ കോളനി എന്നറിയപ്പെട്ടു.  പ്രവാസികളായെത്തിയവരില്‍ എല്ലാവരും തന്നെ ക്രൈസ്തവരായിരുന്നു. വെണ്ടുരുത്തി പള്ളി ഇടവകക്കാര്‍.
 അക്കാലത്ത് ഈ പ്രദേശത്ത് ക്രൈസ്തവ ദേവാലയങ്ങളോ ആരാധനാ സൗകര്യങ്ങളോ  ഉണ്ടായിരുന്നില്ല. ഏതാനും ക്രൈസ്തവ കുടുംബങ്ങളുണ്ടായിരുന്നു. ആദ്ധ്യാത്മികാവശ്യങ്ങള്‍ക്കു വേണ്ടി പനങ്ങാട് പള്ളിയും മൂത്തേടം പള്ളിയുമാണ് ഇവരുടെ ആശ്രയം. എന്നിരുന്നാലും വെണ്ടുരുത്തിയില്‍ നിന്നും വന്നവര്‍ തെക്കും വടക്കുമുള്ളവര്‍ ഒരേ കൂട്ടായ്മയിലായിരുന്നു. നെട്ടൂര്‍ വടക്കേ കോളനിയില്‍ ആദ്യത്തെ ക്രൈസ്തവ ദേവാലയം ഉയര്‍ന്നപ്പോഴും അത് ഇടവകയായിത്തീര്‍ന്നപ്പോഴും തെക്കേ കോളനിനിവാസികള്‍ അതോടൊപ്പം ചേര്‍ന്നു നിന്നു. പിന്നീട് എല്ലാവരുടേയും സൗകര്യം പരിഗണിച്ച് നെട്ടൂര്‍ ഇടവക ദേവാലയം നെട്ടൂരിന്റെ മദ്ധ്യഭാഗത്തേക്ക്  മാറ്റി സ്ഥാപിച്ചപ്പോഴും തുടര്‍ന്നു, ഈ സഹകരണവും പങ്കുചേരലും നിര്‍ലോഭമായും നിസ്സീമമായും.
ഫാത്തിമ മാതാവിന്റെ കപ്പേള



ഫാത്തിമ മാതാവിന്റെ കപ്പേള
 ഇതിനിടയില്‍ വെണ്ടുരുത്തിയില്‍ നിന്നും എത്തിയ തെക്കെ കോളനി നിവാസികള്‍ക്ക് ഒരു കുരിശുപള്ളി നിര്‍മ്മിക്കുന്നതിനു വേണ്ടി ഇന്നത്തെ മാടവന സ്‌കൂളിന് സമീപത്തായി 8 സെന്റ് സ്ഥലം വാങ്ങി നല്‍കിയിരുന്നു. 1950 ലായിരുന്നു ഇത്. അന്ന് വെണ്ടുരുത്തി പള്ളി വികാരിയായിരുന്ന ആന്റണി റിബേരോയുടേയും കൈക്കാരന്‍ പുത്തന്‍വീട്ടില്‍ ഔസേഫ് പീറ്ററിന്റെയും പേരിലാണ് കൊറ്റിയാത്ത് വക്കോ ലോനനില്‍ നിന്നും ഈ സ്ഥലം വാങ്ങിയത്.
 പിന്നീട് ഇവിടെ നാലു തൂണില്‍ ഓലമേഞ്ഞ് ഒരു കുരിശുപുര നിര്‍മ്മിക്കപ്പെട്ടു. 1957ല്‍ വരാപ്പുഴയുടെ ആദ്യത്തെ നാട്ടുകാരനായ മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. ജോസഫ് അട്ടിപ്പേറ്റി തന്റെ പൗരോഹിത്യ ജൂബിലിയുടെ ഭാഗമായി അതിരൂപതയിലെ എല്ലാ ഇടവകകളിലേയും വീടുകള്‍ സന്ദര്‍ശിക്കുകയുണ്ടായി. ഈ സംഭവത്തിന്റെ സ്മാരകമായിട്ടാണ് കുരിശുപുര നിര്‍മ്മിച്ചത്.
   അക്കാലങ്ങളില്‍ ക്രിസ്തുരാജന്റെ തിരുനാള്‍, വി. സെബസ്ത്യാനോസിന്റെ തിരുനാള്‍ തുടങ്ങിയ അവസരങ്ങളില്‍ വടക്കേ കോളനിയില്‍ സ്ഥാപിതമായിരുന്ന ഇടവകപള്ളിയില്‍ നിന്ന് ആഘോഷമായ പ്രദക്ഷിണങ്ങള്‍ ഇങ്ങോട്ട് നടത്തിയിരുന്നു. ഇവിടെ താല്‍ക്കാലിക പന്തലൊരുക്കി, വഴിനീളെ അലങ്കരിച്ച് അത്യാഡംബരപൂര്‍വ്വമായിരുന്നു ഈ ആഘോഷങ്ങള്‍.
   ഇടവക ആസ്ഥാനം പുതിയ പള്ളിയിലേക്ക് മാറിയപ്പോള്‍ മാതാവിന്റെ തിരുസ്വരൂപം ഇടവകയിലെ എല്ലാ വീടുകളിലും കൊണ്ടുചെന്നു. തെക്കെ കോളനിയില്‍ തിരുസ്വരൂപമെത്തിയത് വിശുദ്ധവാരക്കാലത്താണ്. വിശുദ്ധവാരത്തില്‍ രൂപപ്രയാണം നടത്താന്‍ സാധിക്കാത്തതിനാല്‍ മാതാവിന്റെ തിരുസ്വരൂപം വെയ്ക്കുന്നതിനായി ഓലമേഞ്ഞ ഈ കുരിശുപുര ഇഷ്ടിക കൊണ്ട് മറച്ച് വാതിലുവെച്ച് ഓടുമേഞ്ഞു. ഈ കപ്പേളയില്‍ ഒരാഴ്ചക്കാലം മാതാവിന്റെ തിരുസ്വരൂപം വെച്ചു. തെക്കെ കോളനിനിവാസികള്‍ ഒത്തു ചേര്‍ന്നാണ് കപ്പേള നിര്‍മ്മിച്ചത്.
   കപ്പേള ജീര്‍ണ്ണാവസ്ഥയിലായതിനെത്തുടര്‍ന്ന് 1981 ല്‍ ഫാ. ജോര്‍ജ് വേട്ടാപറമ്പില്‍ നെട്ടൂര്‍ പള്ളി ഇടവക വികാരിയായിരുന്ന കാലത്ത് ഇത് നവീകരിക്കുകയുണ്ടായി.
    പിന്നീട് 2006 ല്‍ ഫാ. ഷെല്‍ബിന്‍ വാര്യത്തിന്റെ കാലത്ത് ഈ കുരിശുപള്ളി കൂടുതല്‍ നവീകരിച്ച് ഫാത്തിമ മാതാവിന്റെ തിരുസ്വരൂപം പ്രതിഷ്ഠിച്ച് ആശീര്‍വദിച്ചു. വീണ്ടും 2013 ല്‍ എല്ലാവരുടേയും സഹകരണത്തോടെ ഇന്നു കാണുന്ന രീതിയില്‍ പുതുക്കിപ്പണിത് മനോഹരമാക്കി. ഈ കപ്പേളയോടു ചേര്‍ന്ന കെട്ടിടത്തിലാണ് സെ. ആന്റണീസ് മരണാവശ്യ സഹായസംഘം പ്രവര്‍ത്തിക്കുന്നത്. 
 
വി. സെബസ്ത്യാനോസിന്റെ ദേവാലയ അള്‍ത്താര, മാടവന


സെന്റ് സെബാസ്റ്റിയന്‍ ദേവാലയം
   വെണ്ടുരുത്തിക്കാര്‍ നെട്ടൂര്‍ തെക്കേ കോളനിയില്‍ താമസമാരംഭിക്കുമ്പോള്‍ തന്നെ ഏതാനും ക്രൈസ്തവ കുടുംബങ്ങള്‍ നെട്ടൂര്‍-മാടവന പ്രദേശത്തുണ്ടായിരുന്നുവെന്ന് നേരത്തെ പറഞ്ഞുവല്ലോ. ഈ കാലഘട്ടത്തില്‍ പനങ്ങാട് സെന്റ് ആന്റണീസ് പള്ളിയില്‍ നിന്ന് വി. സെബസ്ത്യാനോസിന്റെ തിരുനാളിനോടനുബന്ധിച്ച് മാടവനയിലേക്ക് അമ്പ് എഴുന്നുള്ളിപ്പ് ഉണ്ടായിരുന്നു. താല്‍ക്കാലികമായി തയ്യാറാക്കിയ പന്തലില്‍ അമ്പ് എഴുന്നുള്ളിച്ചുവെച്ച് രാത്രി മുഴുവന്‍ പ്രാര്‍ത്ഥനയും നേര്‍ച്ചകാഴ്ച സമര്‍പ്പണവും നടത്തിയിരുന്നു. മാടവനയിലെ ശ്രീനാരായണന്‍ എമ്പ്രാന്തിരി അദ്ദേഹത്തിന്റെ സ്ഥലം ഈ ആവശ്യത്തിന് നല്‍കിയിരുന്നു. എല്ലാ വിഭാഗം ജനങ്ങളുടെയൂം പങ്കാളിത്തം കൊണ്ട് ക്രമേണ ഇതൊരു പ്രാദേശിക ഉത്സവമായി മാറുകയും ചെയ്തു. 
 1964 ല്‍ ആഞ്ഞിപ്പറമ്പില്‍ ഔസേഫ് തോമസ്  മാടവനയില്‍ പള്ളിക്കുവേണ്ടി കുറച്ചു സ്ഥലം വാങ്ങിച്ചു. ഓലമേഞ്ഞ ഒരു ഷെഡ്ഡ് ഇവിടെ നിര്‍മ്മിക്കുകയും പിന്നീട് അമ്പ് എഴുന്നുള്ളിപ്പ് അവിടെ വെച്ച് നടത്തുകയും ചെയ്തു. ഫാ. വിന്‍സെന്റ് പിന്‍ഹീറോയായിരുന്നു അപ്പോള്‍ പനങ്ങാട് വികാരി.
1965 ല്‍ ജോസഫ് ഓലപ്രത്ത് അച്ചന്‍ പനങ്ങാട് പള്ളി വികാരിയായിരിക്കുമ്പോള്‍ മരവും ഓടും കല്ലും മറ്റും ഉപയോഗിച്ച് ഈ ഷെഡ് പുതുക്കിപ്പണിതു. വി. സെബസ്ത്യാനോസിന്റെ രൂപം അവിടെ പ്രതിഷ്ഠിച്ചു. അങ്ങനെ ഇന്നത്തെ മാടവന സെന്റ് സെബാസ്റ്റിയന്‍ ദേവാലയത്തിന് തുടക്കമായി. അന്നു മുതല്‍ മാടവനയില്‍ വി. സെബസ്ത്യാനോസിന്റെ തിരുനാളാഘോഷവും തുടങ്ങി.
പിന്നീട് ഫാ. അംബ്രോസ് അറക്കല്‍ പനങ്ങാട് പള്ളി വികാരിയായിരുന്നപ്പോള്‍ കപ്പേളയുടെ ഇരു വശങ്ങളും വികസിപ്പിച്ചു. 1974 മുതല്‍ ഇവിടെ ഞായറാഴ്ചതോറുമുള്ള ദിവ്യബലി ആരംഭിച്ചു. പനങ്ങാട് ഇടവകയിലെ വൈദികനെത്തിയാണ് ദിവ്യബലി അര്‍പ്പിച്ചിരുന്നത്.
   പനങ്ങാട് ഇടവകക്കാരന്‍ കൂടിയായ അഭിവന്ദ്യ ഡോ. ജോസഫ് കേളന്തറ പിതാവ് വരാപ്പുഴ മെത്രാപ്പോലീത്തയായിരിക്കുമ്പോള്‍ 1975 ല്‍ ഈ കപ്പേളയെ നെട്ടൂര്‍ ഇടവകയ്ക്കു കീഴിലാക്കി. അന്നുമുതല്‍ മാടവന നെട്ടൂര്‍ ഇടവകയുടെ സബ്സ്‌റ്റേഷനായി. ഈ പ്രദേശത്തെ കുട്ടികള്‍ക്ക് മതപഠന സൗകര്യമൊരുക്കുന്നതിനു വേണ്ടി മാടവന കേന്ദ്രീകരിച്ച് വേദപാഠക്ലാസ്സുകളും താമസിയാതെ ആരംഭിച്ചു. സൗകര്യങ്ങളുടെ അപര്യാപ്തതമൂലം ക്ലാസ്സുകള്‍ പിന്നീട് മാടവന എല്‍.പി. സ്‌കൂളിലേക്ക് മാറ്റി. ശ്രീ. രാമന്‍ മാസ്റ്ററിന്റെ ഉടമസ്ഥതയിലുള്ള മാടവന എല്‍.പി. സ്‌കൂള്‍ ഈ ആവശ്യത്തിനായി ഞായറാഴ്ചകളില്‍ വിട്ടുതന്നിരുന്നത് നന്ദിയോടെ സ്മരിക്കേണ്ടതാണ്.
 മാടവന ദേവാലയത്തിന്റെ വികസനത്തിനും അഭിവൃദ്ധിക്കും വേണ്ടി നെട്ടൂര്‍ ഇടവകയില്‍ സേവനമനുഷ്ഠിച്ചിരുന്ന വൈദികരും ഇടവക സമൂഹവും പ്രത്യേകം ശ്രദ്ധ പതിപ്പിച്ചിരുന്നു. ഫാ. സെബാസ്റ്റിയന്‍ കുന്നത്തൂരിന്റെ ശ്രമഫലമായി മാടവന കപ്പേളയോട് ചേര്‍ന്ന് കുറച്ചുസ്ഥലം കൂടി വാങ്ങിച്ചു. നിലവിലുണ്ടായിരുന്ന കപ്പേള കുറച്ചുകൂടി സൗകര്യ പ്രദമായി വികസിപ്പിച്ചു.
 ഇവിടത്തെ മതബോധനരംഗത്തും ഇടവകപ്പള്ളി പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഇടവകപ്പള്ളിയില്‍ നിന്നുള്ള അധ്യാപകര്‍ മാടവനയിലുള്ള അധ്യാപകരോടൊപ്പം ചേര്‍ന്ന് മതബോധന പ്രവര്‍ത്തനങ്ങളില്‍ സഹായിച്ചിരുന്നു; അതുപോലെ മാടവന കേന്ദ്രത്തിലെ അദ്ധ്യാപകര്‍ ഇടവക കേന്ദ്രത്തിലും.
 ഫാ. ജോണ്‍ ബോസ്‌കോ പനക്കല്‍ നെട്ടൂര്‍ പള്ളി വികാരിയായിരുന്നപ്പോള്‍ നടത്തിയ പോപ്പുലര്‍ മിഷന്‍ ധ്യാനവും കുടുംബയൂണിറ്റുകളുടെ പുനഃരൂപീകരണവും ഇടവകയാകമാനം എന്നപോലെ മാടവനയ്ക്കും പ്രത്യേകം ചൈതന്യവും ഉണര്‍വ്വും നല്‍കി. ധ്യാനത്തിന്റെ സമാപന ചടങ്ങുകള്‍ നടന്നത് മാടവന ജംഗ്ഷനില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയിലായിരുന്നു. നെട്ടൂര്‍, പനങ്ങാട് ഇടവകപ്പള്ളികളില്‍ നിന്ന് വിശ്വാസികള്‍ റാലിയായി മാടവന ജംഗ്ഷനില്‍ സംഗമിച്ചു. ദിവ്യബലിയും മറ്റു ചടങ്ങുകളും അവിടെയാണ് നടന്നത്. നെട്ടൂര്‍ വടക്കേയറ്റം മുതല്‍ പനങ്ങാട് തെക്കേയറ്റം വരെയുള്ള പ്രദേശങ്ങളിലെ ജനങ്ങള്‍ അതില്‍ അത്യാവേശപൂര്‍വ്വം സംബന്ധിച്ചു. ഇതിന്റെ അനുസ്മരണമെന്നോണമാണ് പിന്നീട് ദുഃഖവെള്ളിയാഴ്ചകളിലെ കുരിശിന്റെ വഴി മാടവന കപ്പേളയില്‍ നിന്ന് വി. കുരിശിന്റെ ദേവാലയത്തിലേക്ക് ക്രമീകരിച്ചത്.
 മാടവന കേന്ദ്രമായി ഇടവകപ്പള്ളിയും സെമിത്തേരിയും വേണമെന്ന ആവശ്യം ശക്തി പ്രാപിച്ചു വരികയായിരുന്നു. 1992 ല്‍ ഫാ. അല്‍ഫോണ്‍സ് പുത്തന്‍വീട്ടില്‍ വികാരിയായിരിക്കുമ്പോള്‍ പുതിയ ദേവാലയ നിര്‍മ്മാണ ശ്രമങ്ങള്‍ ഊര്‍ജിതമായി. ഇതിനുവേണ്ടി ഫാ. ജോസഫ് അല്‍ഫോണ്‍സ് പുത്തന്‍വീട്ടില്‍ (പ്രസിഡന്റ്), പി. ജി. പ്രഷീലിയന്‍ (വൈസ് പ്രസിഡന്റ്), കെ.എ. ജോര്‍ജ് (സെക്രട്ടറി), എന്‍. ആര്‍. സേവ്യര്‍ (ജോ. സെക്രട്ടറി), കെ.ഒ. ജോര്‍ജ് (ഖജാന്‍ജി), ടി.എം. സേവ്യര്‍, ടി.പി. ജോണ്‍, കെ.ജെ. ജോണ്‍, ടി.എ. പേറൂട്ടി, കെ.എക്‌സ്. ജോസഫ്, ടി.ഒ. പീയൂസ്, വി.ഒ. സേവ്യര്‍, എ.ടി. ഫെലിക്‌സ്, എം.കെ. ഫ്രാന്‍സിസ്, എന്‍.സി. ജോബ്, ടി.പി. ആന്റണി മാസ്റ്റര്‍ തുടങ്ങിയവര്‍ അംഗങ്ങളായി ദേവാലയ നിര്‍മ്മാണ സമിതി രൂപീകരിച്ചു പ്രവര്‍ത്തനം തുടങ്ങി. എല്ലാവരുടേയും ഒരേമനസ്സോടെയുള്ള പ്രവര്‍ത്തനത്തിന്റെ ഫലമായി 1993 ജനുവരി 23 ന് പുതിയ ദേവാലയത്തിന്റെ ശിലാസ്ഥാപനം നടന്നു. അന്നത്തെ വരാപ്പുഴ മെത്രാപ്പോലീത്തയായിരുന്ന അഭിവന്ദ്യ ഡോ. കൊര്‍ണേലിയൂസ് ഇലഞ്ഞിക്കലാണ് ശിലാസ്ഥാപനം നടത്തിയത്. വികാരിയച്ചനും, നിര്‍മ്മാണ കമ്മിറ്റിക്കാര്‍ക്കും പ്രദേശവാസികള്‍ക്കും വിശ്രമമില്ലാത്ത രണ്ടുവര്‍ഷമാണ് പിന്നീടുണ്ടായത്. മാടവന പ്രദേശത്തെ കുടുംബങ്ങള്‍ തങ്ങളുടെ ഒരു മാസത്തെ വരുമാനം പള്ളി നിര്‍മ്മാണത്തിനു നല്‍കി. ഇടവകയുടെ മറ്റു ഭാഗങ്ങളില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളില്‍ പോയി ജോലി ചെയ്യുന്നവരില്‍ നിന്നും ഗുണകാംക്ഷി കളില്‍ നിന്നും സംഭാവന സ്വീകരിച്ചും ശ്രമദാനങ്ങള്‍ നല്‍കിയും പള്ളി നിര്‍മ്മാണത്തിനുവേണ്ടി പരിശ്രമിച്ചു. പണി പൂര്‍ത്തിയായ ദേവാലയം 1995 ഫെബ്രുവരി 17ന് അതിരൂപത മെത്രാപ്പോലീത്ത ഡോ. കൊര്‍ണേലിയൂസ് ഇലഞ്ഞിക്കല്‍ ആശീര്‍വദിച്ചു. മാറ്റി സ്ഥാപിച്ച നെട്ടൂര്‍ ഇടവകപ്പള്ളിയുടെ ആശീര്‍വാദം 1970 ല്‍ നടത്തിയതും ഡോ. കൊര്‍ണേലിയൂസ് ഇലഞ്ഞിക്കലായിരുന്നു. അന്നദ്ദേഹം വരാപ്പുഴ അതിരൂപതാ വികാര്‍ ക്യാപ്പിറ്റുലര്‍ ആയിരുന്നു.
 പിന്നീട് മാടവന ഇടവകയായി മാറ്റുന്നതിനുള്ള പരിശ്രമങ്ങളാണ് നടന്നത്. 1999 ല്‍ സിമിത്തേരി നിര്‍മ്മാണത്തിനുള്ള നീക്കങ്ങള്‍ സജീവമായി. ഫാ. ജോസഫ് വാകയില്‍ ആയിരുന്നു അന്ന് വികാരി. ഇക്കാലഘട്ടത്തില്‍ തന്നെ വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍ (ദുഃഖവെള്ളിയാഴ്ചയിലേ തൊഴികെ) ഇവിടെ ആരംഭിച്ചു. 2001 ല്‍ പാസ്‌ക്ക് രൂപം വാങ്ങിയതു മുതല്‍ വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍ പൂര്‍ണ്ണമായും മാടവന പള്ളിയില്‍ നടത്തിത്തുടങ്ങി. 
 
വൈദികമന്ദിരം, മാടവന


വൈദികമന്ദിരം

 പള്ളി ഇടവകയായി ത്തീരണമെങ്കില്‍ വൈദികര്‍ക്ക് താമസിക്കാനുള്ള വൈദികമന്ദിരം അനിവാര്യമാണല്ലോ. പക്ഷേ, നിര്‍മ്മാണകാലത്തുതന്നെ ഇത് കമ്മിറ്റിക്കാര്‍ മനസ്സില്‍ കണ്ടിരുന്നു. ദേവാലയ നിര്‍മ്മാണത്തിന് സമാഹരിച്ച തുകയില്‍ കുറച്ചു സംഖ്യ മിച്ചം വെച്ച് ബാങ്കില്‍ നിക്ഷേപി ച്ചിരുന്നു. മേടയുടെ അടിസ്ഥാനശില 2003 ഡിസംബര്‍ 13 ന് ഇടവക തിരു നാള്‍ ദിവ്യബലിമദ്ധ്യേ ആര്‍ച്ച്ബിഷപ്പ് ഡോ. ഡാനിയേല്‍ അച്ചാരു പറമ്പില്‍ ആശീര്‍വദിച്ചു. ഈ ശില 14-ാം തീയതി, ഞായറാഴ്ച ഉച്ച കഴിഞ്ഞ് 1.30 ന് ഇടവക പള്ളിയില്‍ നിന്നും ഇടവക സമൂഹം റാലിയായി കൊണ്ടുവന്ന് മാടവന ദേവാലയത്തില്‍ വെച്ചു. 2004 മാര്‍ച്ച് 19 ന് അന്നത്തെ വികാരി ഫാ. മാത്യു ഡിക്കൂഞ്ഞ പള്ളിമേടയുടെ ശിലാ സ്ഥാപനം നടത്തി. സഹവികാരിയായിരുന്ന ഫാ.ജോജി കുത്തുകാട്ടാണ് മേടപണിക്ക് മേല്‍നോട്ടം വഹിച്ചത്. തങ്ങളുടെ 15 ദിവസത്തെ വരുമാനം ഇടവകാംഗങ്ങള്‍ പള്ളിപണിയ്ക്കായി നല്കിയതു കൂടാതെ ശ്രമദാനം ചെയ്ത് 10 മാസം കൊണ്ട് പണി പൂര്‍ത്തിയാക്കുകയും ചെയ്തു. 2005 ജനുവരി 20 ന് അഭിവന്ദ്യ ഡാനിയേല്‍ അച്ചാരുപറമ്പില്‍ പിതാവ് വൈദികമന്ദിരം ആശീര്‍വദിച്ചു.  

പ്രീസ്റ്റ് ഇന്‍ ചാര്‍ജ്
ഫാ. ഷെല്‍ബിന്‍ വാര്യത്ത്

വൈദികമന്ദിര നിര്‍മ്മാണം പൂര്‍ത്തിയായതോടെ ഒരു മാസത്തിനകം തന്നെ മുഴുവന്‍ സമയസേവനം അനുഷ്ഠിക്കുന്ന ഒരു വൈദികനെ ലഭിച്ചു. 2005 ഫെബ്രുവരി 11 ന് ഫാ. അഗസ്റ്റിന്‍ ഷെല്‍ബിന്‍ വാര്യത്ത് മാടവനയുടെ ആദ്യത്തെ പ്രീസ്റ്റ് ഇന്‍ ചാര്‍ജായി നിയമിതനായി. തുടര്‍ന്ന് ഫാ. ജോണ്‍ കണക്കശ്ശേരി (6.10.2008 - 17.05.2011), ഫാ. ഫ്രാന്‍സിസ് ഡിസില്‍വ (17.5.2011 - 12.6.2013) എന്നിവര്‍ പ്രീസ്റ്റ് ഇന്‍ ചാര്‍ജുമാരായി ഇവിടെ സേവനം അനുഷ്ഠിച്ചു. 
 


 സെമിത്തേരി

 മാടവനയില്‍ ഒരു സെമിത്തേരിയെന്നത് നെട്ടൂര്‍ സൗത്ത്, മാടവന പ്രദേശത്തുകാരുടെ ദീര്‍ഘനാളത്തെ ആഗ്രഹമായിരുന്നു. നിരവധി പ്രതിബന്ധങ്ങള്‍ക്കൊടുവില്‍ അതും സാധ്യമായി. തുടങ്ങിയും മുടങ്ങിയും നടന്നിരുന്ന പരിശ്രമങ്ങള്‍ പ്രീസ്റ്റ് ഇന്‍ ചാര്‍ജായി സേവനമനുഷ്ഠിച്ചിരുന്ന ഫാ. ഷെല്‍ബിന്‍ വാര്യത്തിന്റെ ശ്രമഫലമായി ഊര്‍ജിതമായി. അതിരൂപതയുടെസഹായത്തോടെ പള്ളിയുടെ പടിഞ്ഞാറുവശത്തെ 20 സെന്റ് സ്ഥലം അദ്ദേഹം പള്ളിക്കുവേണ്ടി വാങ്ങി. 

മാടവന സെമിത്തേരി

സര്‍ക്കാരില്‍നിന്നും അനുമതി ലഭിച്ചതിനെത്തുടര്‍ന്ന് 2008 മെയ് 11 ന് സെമിത്തേരിയുടെ ശിലാസ്ഥാപനം നെട്ടൂര്‍ പള്ളി വികാരി ഫാ. ജോസഫ് ചേലാട്ട് നിര്‍വഹിച്ചു.
ഫാ. ജോണ്‍ കണക്കശ്ശേരി

     2009 ജൂണ്‍ 17 ന് അഭിവന്ദ്യ വരാപ്പുഴ മെത്രാപ്പോലീത്ത ഡോ. ഡാനിയേല്‍ അച്ചാരുപറമ്പില്‍ സെമിത്തേരി ആശീര്‍വദിച്ചു. വൈറ്റില ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന ടി.പി. ആന്റണി മാസ്റ്ററുടെ അകമഴിഞ്ഞ പ്രവര്‍ത്തനവും എന്‍.സി. ജോബ്, നെടുമ്പറമ്പില്‍, പി.ജി. പ്രഷീലിയന്‍ പാവന, കെ.എ.ജോര്‍ജ്, കന്നിക്കാട്ട് എന്നിവര്‍ നല്‍കിയ സേവനങ്ങളും അനുസ്മരിക്കേണ്ടതാണ്.
    ഫാ. ഫ്രാന്‍സിസ് ഡിസില്‍വ
    മാടവനയെ സ്വതന്ത്ര ഇടവകയാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട്  പ്രീസ്റ്റ് ഇന്‍ ചാര്‍ജായിരുന്ന ഫാ. ഫ്രാന്‍സീസ് ഡിസില്‍വ ഇടവക ഭൂപടം തയ്യാറാക്കി. 

    ഫാ. യേശുദാസ് പഴമ്പിള്ളി
    തുടര്‍ന്ന് 2013 ജൂണ്‍ 12 ന് പ്രീസ്റ്റ് ഇന്‍ ചാര്‍ജായി സേവനം ഏറ്റെടുത്ത ഫാ. യേശുദാസ് പഴമ്പിള്ളി ഇടവക പ്രഖ്യാപന നിര്‍ദ്ദേശക സമിതി, ഗോള്‍ഡന്‍ ജൂബിലി ആഘോഷക്കമ്മിറ്റി, ജൂബിലി ഹാള്‍ നിര്‍മ്മാണ കമ്മിറ്റി, അള്‍ത്താര പുനര്‍നിര്‍മ്മാണക്കമ്മിറ്റി എന്നിവയ്ക്ക് രൂപം നല്കി പ്രവര്‍ത്തനം ആരംഭിച്ചു. 2014 ജനുവരി 26 ന് മാടവനയെ ഒരു സ്വതന്ത്ര ഇടവകയായി പ്രഖ്യാപിക്കുമ്പോള്‍  അമ്പതാണ്ടിന്റെ കാത്തിരിപ്പിന് സാക്ഷാത്ക്കാരം കൈവരുകയായിരുന്നു.  ഫാ. യേശുദാസ് പഴമ്പിള്ളി ഇടവകയുടെ പ്രഥമ വികാരിയായി മാറി.
     1964 ല്‍ ഓലമേഞ്ഞ കൂരയായി തുടങ്ങി 1965 ല്‍ കപ്പേളയായി മാറി, പിന്നീട് ഒട്ടേറെ വികാസപരിണാമപ്രക്രിയകളിലൂടെ കടന്നുപോയി, ഇന്ന് മനോഹരമായ ഒരു ഇടവക ദേവാലയമായി മാടവന സെന്റ് സെബാസ്റ്റിന്‍ പള്ളി. വെണ്ടുരുത്തിയില്‍ നിന്ന് കുടിയേറിയവരുള്‍പ്പെടെ നെട്ടൂര്‍ ഇടവകക്കാരും പനങ്ങാട് ഇടവകക്കാരും കാലാകാലങ്ങളില്‍ മറ്റു ഇടവകകളില്‍ നിന്ന് താമസം മാറിയെത്തിയവരുമായി 230 കുടുംബങ്ങള്‍ ഇപ്പോള്‍ ഇവിടെയുണ്ട്. 
    അള്‍ത്താര നവീകരണം കൂടി കഴിഞ്ഞതോടെ പാരീഷ്ഹാള്‍ എന്ന സ്വപ്‌നസാക്ഷാത്ക്കാരത്തിനുള്ള പ്രയത്‌നത്തിലാണ് ഇടവക സമൂഹം. ചരിത്രത്തിന്റെ നാള്‍വഴികള്‍ താണ്ടി 3.75 ചതുരശ്ര കിലോമീറ്ററില്‍ മാടവന എന്ന പുതിയ ഇടവക യാഥാര്‍ത്ഥ്യമായപ്പോള്‍ സാമ്പത്തികം കൊണ്ടും സംഘാടകപാടവം കൊണ്ടും സേവനം അനുഷ്ഠിച്ചു കടന്നു പോയ നിരവധിപേരെ അനുസ്മരിക്കേണ്ടതാണ്. യശ്ശഃശരീരരായ ആഞ്ഞിപ്പറമ്പില്‍ തോമസ്, ഔസേപ്പ് തുണ്ടത്തില്‍, എം.കെ. പാസ്‌ക്കള്‍ മൂന്നുകൂട്ടുങ്കല്‍, എന്‍.സി. ജോബ് നെടുമ്പറമ്പില്‍, എം.കെ. ഫ്രാന്‍സിസ് മൂന്നുകൂട്ടുങ്കല്‍, പേറൂട്ടി തുണ്ടത്തില്‍ എന്നിവര്‍ ഈ കൂട്ടത്തില്‍ പ്രഥമ ഗണനീയരാണ്. മാടവനയുടെ ചുമതലയുള്ള കൈക്കാരന്മാരായി സേവന മനുഷ്ഠിച്ച എ.ടി. സെബാസ്റ്റിയന്‍ ആഞ്ഞിപ്പറമ്പില്‍, ജോണ്‍സണ്‍ ടി.എം. തെക്കുംപുറത്ത്, പുതിയ ഇടവകയുടെ പ്രഥമ കൈക്കാരന്മാരായ കെ.ജെ. ജോര്‍ജ് കടുങ്ങാംപറമ്പില്‍, ടി.ഒ. ആന്റണി തുണ്ടത്തില്‍, കൈക്കാരനായി സേവനമനുഷ്ഠിച്ചിരിക്കെ മരണമടഞ്ഞ ടി.പി. ആന്റണി തുണ്ടത്തില്‍, പ്രഥമ കപ്യാരായ കെ.എക്‌സ്.ജോസഫ് കന്നിക്കാട്ട്, ചെമ്മദോര്‍ വി.സി. ജോര്‍ജ് വലിയപറമ്പില്‍ എന്നിവരുടെ സേവനങ്ങളും എടുത്തു പറയേണ്ടതാണ്.

    (കടപ്പാട്: മാടവന ഇടവക ബുള്ളറ്റിന്‍ 'ക്രിസ്സെ', നെട്ടൂര്‍ വിമലഹൃദയ ദേവാലയ സില്‍വര്‍ ജൂബിലി സ്മരണിക 1997).



    History of St. Sebastian Church, Madavana
    മാടവന സെന്റ് സെബാസ്റ്റിന്‍ ഇടവക ചരിത്രം

    അഭിപ്രായങ്ങളൊന്നുമില്ല:

    ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ