2015, ജൂലൈ 22, ബുധനാഴ്‌ച

ഹോളിക്രോസ് ഗ്രോട്ടോ


എം. എ. ഡയസ്, മാളിയേക്കല്‍



വിശുദ്ധ കുരിശിന്റെ സ്പര്‍ശമുള്ള ഗ്രോട്ടോ

 200 വര്‍ഷത്തിലേറെ പഴക്കമുള്ളതാണ് നമ്മുടെ ഇടവകയില്‍ 'കുരിയച്ചന്‍' എന്ന പേരില്‍ അറിയപ്പെടുന്ന വിശുദ്ധ കുരിശ്. വെണ്ടുരുത്തി ഇടവകയില്‍ നിന്നും 1942-44 കാലത്ത് നേവല്‍ബേസിന് സ്ഥലമെടുത്തതിനെത്തുടര്‍ന്ന് നെട്ടൂരില്‍ കുടിയേറിയവര്‍ കൊണ്ടുവന്നതാണ് ഈ കുരിശ്.
 തേക്കിന്‍കഴകളും തകിടും കൊണ്ടുണ്ടാക്കിയ ഒരു ഷെഡ്ഡിലായിരുന്നു കുരിശ് പ്രതിഷ്ഠിച്ചിരുന്നത്.  കാലമേറെയായപ്പോള്‍ ഷെഡ്ഡ് നശിച്ചുപോകുകയും പിന്നീട് കുറേയേറെ വര്‍ഷങ്ങള്‍ കഴിഞ്ഞ് കോട്ടവളപ്പില്‍ പയസ് ഡിസൂസയുടെ സാമ്പത്തിക സഹായത്തോടെ കുരിശിന് അടിത്തറയും നാല് കോണ്‍ക്രീറ്റ് തൂണുകളും ചുറ്റിനും ഗ്രില്ലുകളും മേല്‍ക്കൂരയും പണിതു. തട്ടാശ്ശേരി സ്‌കറിയ പൗലോസാണ് പണികള്‍ക്ക് നേതൃത്വം നല്‍കിയത്.*
വിശുദ്ധ കുരിശിന്റെ പഴയ ഗ്രോട്ടോ
 വര്‍ഷം കുറെയായപ്പോള്‍ ഇതും പൊളിച്ചു പണിയേണ്ട അവസ്ഥയിലായി. അതിനായി 2010 ഒക്‌ടോബര്‍ 18 ന് ഒരു  ആലോചനായോഗം കൂടുകയും വികാരി ഫാ.സോജന്‍ തോപ്പില്‍ (ചെയര്‍മാന്‍), സഹവികാരി ഫാ.പ്രസാദ് കാനപ്പിള്ളി (വൈസ് ചെയര്‍മാന്‍), എം.എ.ഡയസ് (ജനറല്‍ കണ്‍വീനര്‍), ബെന്‍സി മാര്‍ട്ടീന്‍ (ജോയിന്റ് ജനറല്‍ കണ്‍വീനര്‍), കെ.എക്‌സ്.സെബാസ്റ്റിന്‍ (ഖജാന്‍ജി), ഡേവിഡ് സി.പി.,  പംക്രേഷ്യസ് ആന്റണി, പൗലോസ് തട്ടാശ്ശേരി, സേവ്യര്‍ പനക്കല്‍, ജാക്‌സണ്‍ മുക്കത്ത്, ജോയി കോലോത്തുംവീട്ടില്‍ തുടങ്ങിയവര്‍ അംഗങ്ങളായി കപ്പേള നിര്‍മ്മാണ കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. കപ്പേള നിര്‍മ്മാണത്തിനും വണക്കത്തിനുമായി കുരിശ് മുമ്പ് സ്ഥിതി ചെയ്തിരുന്നിടത്തുനിന്നും കുറേക്കൂടി പടിഞ്ഞാറോട്ട്, മുന്നോട്ട് നീക്കി സ്ഥാപിച്ചു.
 2011 മാര്‍ച്ച് 17 ന് വരാപ്പുഴ അതിരൂപത ചാന്‍സലര്‍ ഫാ. വര്‍ഗ്ഗീസ് വലിയപറമ്പില്‍ ശിലാസ്ഥാപനം നിര്‍വ്വഹിച്ചു. ഇടവകദേവാലയത്തില്‍ നിന്നും സെന്റ് ആന്റണീസ് കപ്പേളയില്‍ നിന്നും ഇടവകാംഗങ്ങള്‍ വി. കുരിശിന്റെ നടയിലെത്തി. ഇടവകക്കാര്‍ കൈയയച്ച് സംഭാവനകള്‍ നല്‍കി. കപ്പേള നിര്‍മ്മാണത്തില്‍ പ്രതികൂല സാഹചര്യങ്ങള്‍ക്കിടയിലും ലാഭേച്ഛ കൂടാതെ വിവിധ മേഖലകളിലെ പണിക്കാര്‍ ആത്മാര്‍ത്ഥതയോടെ തങ്ങളുടെ ജോലികള്‍ പൂര്‍ത്തീകരിച്ചു.
വിശുദ്ധ കുരിശിന്റെ പുതിയ ഗ്രോട്ടോയുടെ ഉള്‍വശം
 ഇടവകക്കാരും വികാരി സോജനച്ചനും പല ഘട്ടങ്ങളിലായി സഹവികാരിമാരായിരുന്ന പ്രസാദ് കാനപ്പിള്ളിയച്ചനും, വിബിന്‍ വേലിക്കകത്ത് അച്ചനും, ബിനു പണ്ടാരപ്പറമ്പിലച്ചനും ഒത്തൊരുമയോടെ കപ്പേള നിര്‍മ്മാണത്തില്‍ പങ്കുചേര്‍ന്നു.
 കാലത്തിന്റെ തികവില്‍ വി. കുരിശിന്റെ ഗ്രോട്ടോയുടെ നിര്‍മ്മാണം പൂര്‍ത്തിയായി. 2012 മെയ് 18 ന് വരാപ്പുഴ ആര്‍ച്ച് ബിഷപ്പ് ഡോ.ഫ്രാന്‍സീസ് കല്ലറക്കല്‍ ഗ്രോട്ടോ ആശീര്‍വദിച്ചു.
വിശുദ്ധ കുരിശിന്റെ തിരുശ്ശേഷിപ്പ്
 ഈശോയെ ക്രൂശിച്ച കുരിശിന്റെ തിരുശ്ശേഷിപ്പ് ആ ദിവസം ഈ കപ്പേളയില്‍ പ്രതിഷ്ഠിക്കുവാന്‍ കഴിഞ്ഞത് നമ്മുടെ വിശ്വാസത്തിനും പാരമ്പര്യത്തിനും ലഭിച്ച ഒരു അനുഗ്രഹമാണ് ഗ്രോട്ടോ. ആശീര്‍വാദത്തിനോടനുബന്ധിച്ച്  ഒരു സ്മരണിക പുറത്തിറക്കുകയുണ്ടായി.
________________________________________
* നെട്ടൂര്‍ വിമലഹൃദയ ദേവാലയ സില്‍വര്‍ ജൂബിലി സ്മരണിക 1997
Holy Cross Grotto, Nettoor
വി. കുരിശിന്റെ ഗ്രോട്ടോ, നെട്ടൂര്‍
History of I.H.M. Church, Nettoor
നെട്ടൂര്‍ വിമലഹൃദയ മാതാവിന്റെ ഇടവക ചരിത്രം




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ