2015, ജൂലൈ 22, ബുധനാഴ്‌ച

സെന്റ് ജൂഡ് കപ്പേള


ബിന്ദു ജൂഡ്, നെടുമ്പറമ്പില്‍
വിശുദ്ധ യൂദാശ്ലീഹായുടെ കപ്പേള, നെട്ടൂര്‍



അത്ഭുതത്തില്‍ നിന്നും ഒരു പ്രാര്‍ത്ഥനാലയം

'നിങ്ങള്‍ പരിശുദ്ധാത്മാവില്‍ പ്രാര്‍ത്ഥിച്ചുകൊണ്ട് നിങ്ങളുടെ പവിത്രമായ വിശ്വാസത്തില്‍ അഭിവൃദ്ധി പ്രാപിക്കുവിന്‍.'  -യൂദാസ് 1:20. 

    യേശുക്രിസ്തുവിന്റെ അപ്പസ്‌തോലന്മാരില്‍ ഏറ്റവും കൂടുതല്‍ അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുള്ളതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്ന വിശുദ്ധനാണ് യൂദാ തദേവൂസ്. കരയുന്നവരുടെ കണ്ണീരൊപ്പുന്ന, അസാദ്ധ്യമായത് സാദ്ധ്യമാക്കുന്ന വിശുദ്ധ യൂദാശ്ലീഹായുടെ കപ്പേള (St.Jude's shrine)യുടെ ഉത്ഭവവും ഒരു അത്ഭുതത്തില്‍ നിന്നുമാണ്.
    പെരുമാനൂര്‍ സ്വദേശിയായ നടുവിലവീട്ടില്‍ സെബാസ്റ്റിയന്‍, സെലിന്‍ ദമ്പതികളാണ് നമ്മുടെ ഈ കപ്പേള നിര്‍മ്മിച്ചു തന്നത്. അവര്‍ക്ക് ലഭിച്ച അനുഗ്രഹങ്ങള്‍ക്ക് കൃതജ്ഞതയായിട്ടാണ് മാതാപിതാക്കളായ അലക്‌സാണ്ടറിന്റെയും ഏലീശ്വയുടെയും പാവനസ്മരണയ്ക്കായി കപ്പേള നിര്‍മ്മിച്ചത്. തറക്കല്ലിടല്‍ ആശീര്‍വ്വാദം നടത്തിയത് തേവര വികാരി ഫാ. തോമസ് പുളിക്കല്‍ ആയിരുന്നു 2006 ജനുവരിയില്‍. നിര്‍മ്മാണം പൂര്‍ത്തിയായ കപ്പേളയുടെ ആശീര്‍വാദകര്‍മ്മം കാര്‍മ്മല്‍ഗിരി പൊന്തിഫിക്കല്‍ സെമിനാരി റെക്ടര്‍ മോണ്‍സിഞ്ഞോര്‍ ജോസഫ് എട്ടുരുത്തില്‍ 2006 ഒക്‌ടോബര്‍ 29 ന് നിര്‍വ്വഹിച്ചു. വികാരി ഫാ. ജോസഫ് ചേലാട്ടിന്റെ സാന്നിദ്ധ്യത്തില്‍.
  കപ്പേളയില്‍ ആളുകള്‍ വന്ന് പ്രാര്‍ത്ഥിക്കുന്നതല്ലാതെ മറ്റു തിരുക്കര്‍മ്മങ്ങള്‍ ഒന്നും തന്നെയില്ലായിരുന്നു. പ്രാര്‍ത്ഥിക്കുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചപ്പോള്‍ വ്യാഴാഴ്ചതോറും വൈകീട്ട് ഏഴ് മണിക്ക് നൊവേന ആരംഭിച്ചു. അത്മായരുടെ നേതൃത്വത്തിലാണ് നൊവേന നടക്കുന്നത്. നൊവേനയ്ക്കു ശേഷം നേര്‍ച്ചക്കഞ്ഞി വിതരണവുമുണ്ട്. വിശുദ്ധന്‍ തന്നെ തേടിയെത്തുന്നവരെ നിരന്തരം അനുഗ്രഹിക്കുന്നു. കൃതജ്ഞതകള്‍ ധാരാളം ലഭിക്കുന്നു.
    അതിരാവിലെ തന്നെ നാനാജാതി മതസ്ഥര്‍ വിശുദ്ധന്റെ സന്നിധിയിലെത്തി തിരികള്‍ തെളിച്ച് പ്രാര്‍ത്ഥിക്കുന്ന കാഴ്ച ഹൃദയഹാരിയാണ്. പ്രത്യേകിച്ചും വിദ്യാര്‍ത്ഥികള്‍ വിദ്യാലയത്തില്‍ പോകുന്നതിനുമുമ്പ് പ്രാര്‍ത്ഥിക്കാനെത്തുന്നത് വിശ്വാസപ്രേരകമാണ്.   
   കപ്പേളയില്‍ എല്ലാ വര്‍ഷവും നവംബര്‍ രണ്ടാം ഞായറാഴ്ച വിശുദ്ധന്റെ തിരുനാള്‍ ആഘോഷിക്കുന്നു.
    കാലത്തിന്റെ പൂര്‍ത്തീകരണത്തില്‍ ദൈവഹിതാനുസരണം ഇതൊരു ദേവാലയമായി തീരുമെന്ന് നമുക്ക് പ്രത്യാശിക്കാം.

St. Jude’s Shrine, Nettoor
സെന്റ് ജൂ‍ഡ് കപ്പേള, നെട്ടൂര്‍

History of I.H.M. Church, Nettoor
നെട്ടൂര്‍ വിമലഹൃദയ മാതാവിന്റെ ഇടവക ചരിത്രം
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ