2015, ജൂലൈ 18, ശനിയാഴ്‌ച

നെട്ടൂര്‍ ഇടവക ചരിത്രം 2

ഇടവക വളരുന്നു;ആത്മീയമായും സാംസ്‌ക്കാരികമായും

എം.എസ്. അഗസ്റ്റിന്‍


     വെണ്ടുരുത്തിയില്‍ നിന്നും നെട്ടൂരേയ്ക്ക് താമസം മാറ്റിയ പുത്തന്‍ നാട്ടുകാര്‍ക്ക് വീടും കുടിയുമായി. അവര്‍ ദൈവത്തിന് ഒരാലയവും പണിതു. പള്ളി കേന്ദ്രീകരിച്ചു കൊണ്ട് സാംസ്‌ക്കാരികമായും ആത്മീയവു മായ വളര്‍ച്ചയാണ് പിന്നീടുണ്ടായത്. അത് നെട്ടൂരിലെ മുഴുവന്‍ ജനങ്ങളേയും സ്വാധീനിക്കുന്നതായിരുന്നു. 1960 ല്‍ തുടങ്ങിയ 'ലീജിയന്‍ ഓഫ് മേരി'യുടെ പ്രവര്‍ത്തനങ്ങള്‍ ഇടവകയുടെ ആത്മീയ വളര്‍ച്ചയ്ക്ക് വഹിച്ച പങ്ക് വലുതാണ്.

കലാകായിക വേദികള്‍

     വാരിയത്ത് അച്ചന്‍ കലാ പ്രവര്‍ത്തനങ്ങളെ വളരെയധികം പ്രോത്സാഹിപ്പിച്ചിരുന്നു. 'എവുജിന്‍ ഡ്രമാറ്റിക് ക്ലബ്' എന്ന ഒരു സാംസ്‌ ക്കാരിക സംഘടന പള്ളി കേന്ദ്രീകരിച്ച് രൂപീകരിച്ചു. നോമ്പു കാലങ്ങളി ല്‍ 'എവുജിന്‍ ഡ്രമാറ്റിക് ക്ലബ്ബ്' ആഴ്ചയിലൊരിക്കല്‍ കുരിശിന്റെ വഴിയു ടെ 14 ഭാഗങ്ങള്‍ നിഴല്‍ നാടകമായി സ്‌റ്റേജില്‍ അവതരിപ്പിച്ചിരുന്നത് ജന ശ്രദ്ധയാകര്‍ഷിച്ചിരുന്ന ഒന്നാണ്. നെട്ടൂരിലെ തന്നെ ഒരു സാംസ്‌ക്കാരിക കേന്ദ്രമായിരുന്നു എവുജിന്‍ ഡ്രമാറ്റിക് ക്ലബ്ബ്. വര്‍ഗ്ഗീസ് പനക്കല്‍ ആശാ ന്റെ നാടകങ്ങളേറെയും ക്ലബ്ബ് സ്‌റ്റേജില്‍ അവതരിപ്പിച്ചിരുന്നു. ഇക്കാല ത്ത് നെട്ടൂര്‍ സര്‍ക്കാര്‍ ആശുപത്രിയുടെ നിര്‍മ്മാണത്തിനായി ധനശേഖരാ ര്‍ത്ഥം ക്ലബ്ബ് നാടകങ്ങള്‍ നടത്തുകയുണ്ടായി. ആശുപത്രി നിര്‍മ്മാണത്തിന് ഇടവകാംഗങ്ങള്‍ വളരെ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.
     തുടര്‍ന്ന് വികാരിയായ ഫാ. ഡേവിഡ് വടശ്ശേരി (1958-59) വളരെ ചുരുങ്ങിയ കാലമേ സേവന മനുഷ്ഠിച്ചിരുന്നുള്ളൂവെങ്കിലും യുവജന ങ്ങളുടെ കായിക ക്ഷമത വളര്‍ത്തുന്നതില്‍ പ്രത്യേക താല്‍പര്യമെടു ത്തിരുന്നു. പള്ളി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന സെന്റ് ജോസഫ് ക്ലബ്ബി ന്റെ കീഴില്‍ യുവാക്കെള ഒരുമിച്ചു ചേര്‍ത്തു. അവരുടെ സഹകരണ ത്തോടെ പള്ളിയുടെ മുമ്പില്‍ ഒരു വോളിബോള്‍ കോര്‍ട്ട് അദ്ദേഹം നിര്‍ മ്മിച്ചു. നെട്ടൂരിലെ വോളിബോള്‍ കളിക്കാരുടെ കളിയരങ്ങായിരുന്നു ഈ കോര്‍ട്ട്. ധാരാളം ടൂര്‍ണമെന്റുകള്‍ ഈ കോര്‍ട്ടില്‍ നടന്നു. ക്ലബ്ബിന്റെ പ്രവര്‍ത്തനം പിന്നീട് നിലച്ചു പോയി. വര്‍ഷങ്ങളേറെ കഴിഞ്ഞപ്പോള്‍ പള്ളി കേന്ദ്രീകരിച്ച് നെട്ടൂര്‍ സിക്‌സസ് എന്ന ക്ലബ്ബ് ഉണ്ടായി. നാനാജാതി മതസ്ഥര്‍ വോളിബോള്‍ കോര്‍ട്ടില്‍ കളിക്കാനെത്തിയിരുന്നു. ക്ലബ്ബ് കമ്മിറ്റി യില്‍ ത്തന്നെ മറ്റ് മതത്തില്‍ പെട്ടവരും ഉണ്ടായിരുന്നു.
   പള്ളിപ്പറമ്പ് എല്ലാവര്‍ക്കും കളിക്കുവാനും കളി കാണുവാനും വര്‍ത്തമാനം പറഞ്ഞിരിക്കുവാനുമുള്ള ഇടമായിരുന്നു. പള്ളിവക സ്ഥല ത്തിന് മതിലുകളോ വേലിക്കെട്ടുകളോ ഉണ്ടായിരുന്നില്ല.
     ഏതാണ്ട് 1979-80 കാലഘട്ടത്തില്‍ കൗമാരപ്രായക്കാരായ കുട്ടികള്‍ ചേര്‍ന്ന് 'ജിയോ നെട്ടൂര്‍' എന്ന ഒരു സംഘടനകൂടി പള്ളി കേന്ദ്രീകരിച്ച് ഉണ്ടായി. നെട്ടൂര്‍ സിക്‌സസിനെ പോലെ എല്ലാ വിഭാഗം കുട്ടികളും 'ജിയോ'യിലുമുണ്ടായിരുന്നു. ഇതിെനാപ്പംതന്നെ നാടന്‍ കളികളായ കോട്ട കളി, കിളികളി, കബഡി, പുഞ്ചയടി, കുട്ടിയും കോലും, പലവിധ ഗോലികളി കള്‍ തുടങ്ങിയവയും വിവിധ കായിക പരിശീലനവും പള്ളിപ്പറമ്പില്‍ നട ന്നിരുന്നു.
  കലാപ്രവര്‍ത്തനങ്ങളോടൊപ്പം പൊതുകാര്യത്തിനും ഒരു വേദിയൊരു ക്കിയത് തുടര്‍ന്നു വികാരിയായ ഫാ. ജോസഫ് മനക്കില്‍ (1959-61) ആയിരു ന്നു. ഇടവകയിലെ യുവജനങ്ങളെ ഉള്‍പ്പെടുത്തി സോഷ്യല്‍ സര്‍വീസ് സെന്റര്‍ എന്ന പേരില്‍ ഒരു സംഘടന അദ്ദേഹത്തിന്റെ കാലത്ത് ആരം ഭിച്ചു. ദിവ്യബലിഗാനങ്ങള്‍ ലത്തീനില്‍ നിന്നും മാറി മലയാളത്തില്‍ ആല പിക്കുവാന്‍ തുടങ്ങിയത് 1960 കളിലാണ്. 60 ല്‍ സ്ഥാപിതമായ തിരുക്ക ര്‍മ്മ സംഗീത കമ്മീഷന്‍ സെക്രട്ടറിയും, ബൈബിള്‍ കമ്മീഷന്‍ അംഗമായി രുന്നു മനക്കിലച്ചന്‍. ധാരാളം  ദിവ്യബലി ആരാ ധനാ ഗാനങ്ങള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്. (ആകാശത്തിന്‍ കീഴില്‍ വേറൊരു നാമമില്ലല്ലൊ . . . , എന്നേശു വെ നീയെത്ര നല്ലവന്‍ . . . , നന്ദിയെഴും നല്‍സ്തുതികള്‍ ചൊല്ലി നാം . . .)

പാരീഷ്ഹാള്‍

     ഫാ. ജോസഫ് മൂഞ്ഞപ്പിള്ളി (1963-65) വികാരിയായിരിക്കുമ്പോള്‍ പള്ളിയുടെ വടക്ക് കിഴക്ക് ഭാഗത്തായി ഓലമേഞ്ഞ ഒരു ഹാള്‍ ഉണ്ടാ ക്കി. അതായിരുന്നു നെട്ടൂര്‍ ഇടവകയുടെ ആദ്യത്തെ പാരിഷ്ഹാള്‍. ഓരോ വീടുകളില്‍ നിന്നും കെട്ടുകണക്കിനു ഓലകളാണ് ഹാള്‍ നിര്‍മ്മി ക്കാനായി ആളുകള്‍ കൊണ്ടു വന്നത്. പള്ളിയോടു ബന്ധപ്പെട്ട സംഘടന കള്‍ക്ക് ഒന്നിച്ചു കൂടുവാനും അവയുടെ ഭരണ കാര്യങ്ങള്‍ നിര്‍വഹി ക്കുവാനുള്ള ഓഫീസായി പ്രവര്‍ത്തിച്ചത് പാരിഷ് ഹാള്‍ ആണ്. അക്കാല ത്തെ മിഷന്‍ സണ്‍ഡേകളില്‍ ഹാളില്‍ പലവിധ കലാദൃശ്യങ്ങള്‍ അരങ്ങേറിയിരുന്നു. മൈക്കിള്‍ ആഞ്ചലോയുടെ പ്രശസ്ത ശില്പമായ 'പിയാത്തെ'*യേയും ലിയനാര്‍ഡോ ഡാവിഞ്ചിയുടെ 'ഒടുവിലത്തെ അത്താഴം' എന്ന വിഖ്യാത പെയിന്റിംഗിനേയും അനുകരിച്ച് നിശ്ചലദൃശ്യങ്ങള്‍ അവതരിപ്പിച്ചിരുന്നു.

പാസ്‌ക് രൂപം

     ദുഃഖവെള്ളിയാഴ്ചകളില്‍ നഗരി കാണിക്കലിനും വിശ്വാസികള്‍ക്ക് വണങ്ങുന്നതിനുമായി ഉണ്ടാക്കിയ പാസ്‌ക് രൂപം മൂഞ്ഞപ്പിള്ളിയച്ചന്റെ കാലത്ത് നിര്‍മ്മിച്ചതാണ്. ആ കാലത്ത് നെട്ടൂര്‍ പള്ളിയില്‍   പാസ്‌ക് രൂപം ഉണ്ടായിരുന്നില്ല. യേശുവിന്റെ ക്രൂശിത രൂപം മാത്രമേ വണങ്ങു ന്നതിനായി ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് ദുഃഖവെള്ളിയാഴ്ചകളില്‍ പാസ്‌ക് രൂപം വണങ്ങുന്നതിനായി പഴയ കാലത്തിന്റെ ഓര്‍മ്മയില്‍ ആളുകള്‍ പുഴകടന്ന് വെണ്ടുരുത്തി പള്ളിയിലേക്ക് പോയിരുന്നു. ദുഃഖ വെള്ളിയാഴ്ച നെട്ടൂര്‍ പള്ളിയില്‍ ആളുകള്‍ വളരെ കുറവായിരുന്നു.

   അക്കാലത്ത് ഇടവകയിലെ നിര്‍ധനരായ പെണ്‍കുട്ടികളുടെ വിവാഹ ത്തിന് സാമ്പത്തിക സഹായം നല്‍കുന്നതിനായി 'വിമലാംബിക വിവാഹ ഫണ്ട്' എന്ന പേരില്‍ ഒരു സഹായനിധി രൂപീകരിച്ചിരുന്നു. കുറേയാളു കള്‍ ഈ ഫണ്ടില്‍ ചേര്‍ന്നുവെങ്കിലും അത് എങ്ങുമെത്താതെ അവസാനി ക്കുകയാണുണ്ടായത്. വിവാഹ ഫണ്ടില്‍ ചേര്‍ന്നവര്‍ക്ക് അവരുടെ വിഹിതം കൊടുത്തു കഴിഞ്ഞ് ബാക്കി എഴുന്നൂറ് രൂപയോളം ഉണ്ടായി രുന്നു. ഈ തുകയും മറ്റ് ചില ഫണ്ടുകളില്‍ നിന്നുള്ള തുകയും കൊണ്ട് 'പാസ്‌ക് രൂപം' നിര്‍മ്മിക്കുവാന്‍ തീരുമാനിച്ചു.
    വെണ്ടുരുത്തിയിലുള്ള ആഞ്ചലോസ് എന്ന യുവശില്പിയെ രൂപം നിര്‍മ്മിക്കുന്നതിനായി നെട്ടൂരേക്ക് വരുത്തി. മൂഞ്ഞപ്പിള്ളി അച്ചനും ആഞ്ചലോസുംകൂടി യേശുവിന്റെ പൂര്‍ണകായ രൂപം കൊത്തിയുണ്ടാക്കി. പള്ളിപ്പറമ്പില്‍ ഉണ്ടായിരുന്ന ഒരു പൂപ്പരത്തി മരംകൊണ്ടാണ് ഇതുണ്ടാ ക്കിയത്.
      ഈ പാസ്‌ക് രൂപമാണ്  ദുഃഖവെള്ളിയാഴ്ച നഗരി കാട്ടലിനും രൂപം മുത്തലിനുമായി നമ്മുടെ ഇടവകയില്‍ ഇപ്പോഴുമുള്ളത്. ദുഃഖ വെള്ളിയാഴ്ചകളില്‍ പാസ്‌ക് രൂപം അലങ്കരിച്ചിരുന്നത് ചെട്ടിവീട്ടില്‍ അവിരാ ജോണ്‍, തട്ടാശ്ശേരി സ്‌കറിയ ജോസഫ്, മാളിയേക്കല്‍ പേതൃ അഗസ്റ്റിന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു. ഇപ്പോള്‍ തട്ടാശ്ശേരി ജോസഫ് ജോര്‍ജ്, ചെട്ടിവീട്ടില്‍ റോബിന്‍ ജോണ്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കുന്നു.

ഇടവക സ്വതന്ത്രമാകുന്നു;പുതിയ ഭൂമിയും പുതിയ ദേവാലയവും

     1951 ല്‍ ഫാ. ജോസഫ് ഒളാട്ടുപുറം (1951-52) നെട്ടൂര്‍ ഇടവകയുടെ വികാരിയായി ചാര്‍ജെടുത്തു. നിലവില്‍ നെട്ടൂരില്‍ ഒരു വിദ്യാഭ്യാസ സ്ഥാപനം പോലുമുണ്ടായിരുന്നില്ല.  പള്ളിയുടെ കീഴില്‍ ഒരു പള്ളിക്കൂടം നടത്തുവാന്‍ അദ്ദേഹം ആഗ്രഹിച്ചു. സ്‌കൂള്‍ കെട്ടിടം നിര്‍മ്മിക്കാനായി 1952 ല്‍  പാരിഷ് ട്രസ്റ്റ് എന്ന പേരില്‍ ഒരു സംഘടന രൂപീകരിച്ചു.
   എന്നാല്‍  മുന്നൂറോളം വരുന്ന ഇടവക കുടുംബങ്ങളെ ഉള്‍ക്കൊ ള്ളാന്‍ നിലവിലുള്ള പള്ളി സൗകര്യപ്രദമായിരുന്നില്ല. തെക്ക് വടക്ക് നീണ്ടുകിടക്കുന്ന നെട്ടൂരിന്റെ വടക്കുപടിഞ്ഞാറേയറ്റത്തുള്ള പള്ളി വാഹന സൗകര്യമില്ലാതിരുന്ന അക്കാലത്ത് വളരെ ദൂരെയുമായിരുന്നു. പള്ളിയാകട്ടെ പഴയ സ്‌കൂള്‍ കെട്ടിടം പൊളിച്ചു കിട്ടിയ സാമഗ്രികള്‍ കൊണ്ട് നിര്‍മ്മിച്ചതും. പള്ളിയുടെ അസൗകര്യങ്ങളില്‍ അന്നത്തെ വരാ പ്പുഴ മെത്രാപ്പോലീത്ത ഡോ. ജോസഫ് അട്ടിപ്പേറ്റി അതൃപ്തിയും പ്രകടി പ്പിച്ചിരുന്നു.  ഈ സാഹചര്യത്തില്‍ പള്ളിക്കൂടം പണിയുന്നതിനായി രൂപീകരിച്ച പാരിഷ് ട്രസ്റ്റിന്റെ ചുമതല ഒരു പള്ളി പണിയുക യെന്നതായി.
    വെണ്ടുരുത്തി പള്ളി വികാരിയായിരുന്ന ഫാ. ആന്റണി റിബേരോ യുടേയും നെട്ടൂര്‍ പള്ളി വികാരിയായിരുന്ന ഫാ. ജോസഫ് ചക്കാലപ്പറമ്പിലിന്റേയും ശ്രമഫലമായി 1957 ല്‍ നെട്ടൂര്‍-തേവര കടത്തു കടവില്‍ (അമ്പലക്കടവ്) പുതിയ പള്ളി നിര്‍മ്മിക്കുന്നതിനുള്ള സ്ഥലം കണ്ടെത്തി. നെടുമ്പറമ്പില്‍ ദേവസ്സി, നെടുമ്പറമ്പില്‍ ശൗരോ തുടങ്ങിയ വരുടെ പരിശ്രമത്താല്‍ ആ സ്ഥലം ഇടവക പള്ളിക്കായി വാങ്ങിക്കു കയും ചെയ്തു.
   തൃപ്പൂണിത്തുറ കോവിലകം വകയായിരുന്നു ഈ സ്ഥലം. കോവി ലകം സ്ഥലത്ത് കുടിയാന്മാരായി അഞ്ച് വീട്ടുകാര്‍ ഉണ്ടായിരുന്നു. അവ രില്‍ ഏക ക്രിസ്ത്യാനി മൂന്നുകൂട്ടുങ്കല്‍ പൈലി മിഖേല്‍ ആയിരുന്നു. ഇപ്പോഴത്തെ പള്ളിയുടെ അള്‍ത്താര ഭാഗത്തായിരുന്നു മിഖേലിന്റെ വീട്. ഏകദേശം 600 രൂപയ്ക്കാണ് ഈ വീട് പള്ളിക്കായി ഒഴിഞ്ഞു കൊടു ത്തത്. വടക്കേ കോളനിയില്‍ സെന്റിന് നൂറ്റിയഞ്ച് രൂപാ വെച്ച് ആറ് സെന്റ് സ്ഥലം അദ്ദേഹം വാങ്ങിച്ചു.
   ഇതിനിടെ വെണ്ടുരുത്തി പള്ളിക്ക് അംബികാപുരത്തുണ്ടായിരുന്ന സ്ഥലം വില്‍ക്കുകയും അതില്‍നിന്നും ലഭിച്ച പണത്തിന്റെ വിഹിതം നെട്ടൂര്‍ പള്ളിക്ക് ലഭിക്കുകയും ചെയ്തു. പുതിയ സ്ഥലം വാങ്ങുന്നതിന് ഈ തുക വലിയ സഹായമായി. ആദ്യ ദേവാലയ നിര്‍മ്മാണം കഴിഞ്ഞ് പത്താം വാര്‍ഷിക ദിനത്തില്‍; 1957 ഡിസംബര്‍ 23 ന് പുതിയ സ്ഥലം രജിസ്റ്റര്‍ ചെയ്ത് കിട്ടി. ആ ദിവസം രാത്രിയില്‍ തന്നെ ഓലകൊണ്ട് ഒരു ചെറിയ കപ്പേള അവിടെ നിര്‍മ്മിച്ചു. പുലര്‍ച്ചയില്‍ നാട്ടുകാര്‍ കാണുന്നത് കുരിശുനാട്ടിയ ഒരു കൊച്ചു കുടില്‍പള്ളിയാണ്. വരാപ്പുഴ വികാരി ജനറല്‍ മോണ്‍. അലക്‌സാണ്ടര്‍ ലന്തപ്പറമ്പില്‍ ഈ കൊച്ചു ദേവാലയം അന്ന് (ഡിസംബര്‍ 24) ആശീര്‍വദിച്ചു. (അവലംബം-നെട്ടൂര്‍ ഇടവക ചരിത്രം: എന്‍.സി. ആന്റണി നടുവിലവീട്ടില്‍,' വിമലദീപ്തിനവംബര്‍ - ഡിസംബര്‍ 1997).
      1962 ല്‍ നെട്ടൂര്‍ ഇടവകയെ വെണ്ടുരുത്തിയുടെ കീഴില്‍നിന്നും വേര്‍പെടുത്തി ഒരു സ്വതന്ത്ര ഇടവകയായി വരാപ്പുഴ അതിരൂപത പ്രഖ്യാപിച്ചു. ആ വര്‍ഷം ആഗസ്റ്റ് 22 ന് വളരെ ലളിതമായ, ആഡംബര ങ്ങളില്ലാത്ത ചടങ്ങില്‍ വെച്ച് വികാരി ഫാ. മാത്യു കൂളിയത്ത് പുതിയ ദേവാലയത്തിന്റെ കല്ലിടല്‍ കര്‍മ്മം നിര്‍വഹിച്ചു. അവിടെ ഹൃദയത്തില്‍ ദൈവത്തിന്റെ അനുഗ്രഹത്തിന് നന്ദി പറഞ്ഞുകൊണ്ട് ഇടവകക്കാരുടെ സാന്നിദ്ധ്യമുണ്ടായിരുന്നു.
  തുടര്‍ന്ന് വികാരിയായി വന്ന ഫാ. ജോസഫ് മൂഞ്ഞപ്പിള്ളി (1963-65) ദേവാലയ നിര്‍മ്മാണത്തിനായി സംഭാവന കൂപ്പണുകളിലൂടെ പണം ശേഖരിക്കാന്‍ പരിപാടിയിട്ടു. നൂറ് പൈസ, ഇരുന്നൂറ് പൈസ, അഞ്ഞൂറ് പൈസ, ആയിരം പൈസ എന്നീ നിരക്കുകളിലായിരുന്നു കൂപ്പണുകള്‍. ഇവ ഓരോ കുടുംബത്തിനും സാമ്പത്തിക സ്ഥിതിയനുസരിച്ച് നല്‍കി. ഇടവകക്കാര്‍ ഗ്രൂപ്പുകളായിത്തിരിഞ്ഞ് സമീപ പ്രദേശങ്ങളില്‍ പിരിവിനിറങ്ങി. പല ഉദാരമതികളും ദേവാലയ നിര്‍മ്മാണത്തിനായി സംഭാവന നല്‍കി. എങ്കിലും പള്ളിപണി പൂര്‍ത്തിയാക്കാനുള്ള പണം തികഞ്ഞില്ല.
     പണി നടന്നുകൊണ്ടിരിക്കുന്ന 1963, 64, 65 വര്‍ഷങ്ങളില്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഏറ്റവും കൂടുതല്‍ സംഖ്യ പിരിവായി അതിരൂപതയ്ക്ക് ലഭിച്ചത് നെട്ടൂര്‍ ഇടവകയില്‍നിന്നാണ്. മൂഞ്ഞപ്പിള്ളി അച്ചന്റെ പരിശ്രമത്തിന്റെയും ചിട്ടയായ പ്രവര്‍ത്തനശൈലിയുടേയും പ്രത്യേകതകൊണ്ടാണ് ഈ ബഹുമതി നെട്ടൂരിന് ലഭിച്ചത്. ( രണ്ടു ദശാബ്ദം പിന്നിട്ട നെട്ടൂര്‍ ഇടവക: സി.വി. ആന്റണി, ബി.എ. 'നെട്ടൂര്‍ ദേവാലയ ആശീര്‍വ്വാദ സ്മരണിക', സെപ്തംബര്‍ 1970)
ദേവാലയ നിര്‍മ്മാണം പൂര്‍ത്തിയാകും മുമ്പേ മൂഞ്ഞപ്പിള്ളിയച്ചന് ഇടവകയില്‍നിന്നും സ്ഥലം മാറ്റമായി. എങ്കിലും ദേവാലയത്തിന് മനോഹരമായ അള്‍ത്താര അദ്ദേഹം ഡിസൈന്‍ ചെയ്തു നല്‍കി.
     തുടര്‍ന്ന് ഇടവക സേവനത്തിനായി കടന്നുവന്ന ഫാ. റാഫേല്‍ തറമേല്‍ (1965-71) ദേവാലയ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിന് പുതിയ വഴികള്‍ തേടി. പ്രൈസ് കുറി എന്ന ഫണ്ട് ശേഖരണം അദ്ദേഹമാണ് നെട്ടൂര് കൊണ്ടുവന്നത്. നെട്ടൂര് മാത്രമല്ല, സമീപ സ്ഥലങ്ങളായ കുമ്പളം, ചാത്തമ്മ, പനങ്ങാട് തുടങ്ങിയ ഇടവകകളില്‍ നിന്നും കുറെപ്പേരെ കുറിയില്‍ ചേര്‍ക്കുവാന്‍ ഇടവകക്കാര്‍ക്ക് കഴിഞ്ഞു. പ്രത്യേകിച്ച് യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും. ഏകദേശം രണ്ടായിരം രൂപ പ്രൈസ് കുറി നടത്തിപ്പില്‍ നിന്നും ആദായം ലഭിച്ചു.
     പണം ശേഖരിക്കുന്നതിനായി മൂന്ന് സിനിമാ പ്രദര്‍ശനങ്ങള്‍ നെട്ടൂര്‍ ശ്രീ അയ്യപ്പ തീയേറ്ററില്‍ വെച്ച് (ഈ തീയേറ്റര്‍ ഇപ്പോള്‍ ഇല്ല) നടത്തുകയുണ്ടായി. തിയേറ്ററിന്റെ വാടകയോ മറ്റ് ചെലവു കളോ തീയേറ്റര്‍ ഉടമയായ ദാമോദരന്‍ പനങ്ങാട് വാങ്ങിയില്ല. മുഴുവന്‍ ടിക്കറ്റ് തുകയും പള്ളിപണിക്കായി ലഭിച്ചു.
       ഓരോ കുടുംബത്തില്‍ നിന്നുമുള്ള പിരിവ് ആഴ്ചതോറും പള്ളിയിലെത്തിക്കുന്നതിനായി പാരിഷ് ട്രസ്റ്റ് ഇടവകയെ 24 വാര്‍ഡുകളായി തിരിച്ചു. ഓരോ വാര്‍ഡിലും ഓരോ കണ്‍വീനര്‍മാരുണ്ടാ യിരുന്നു. ആഴ്ച പിരിവ് കണ്‍വീനര്‍മാര്‍ പള്ളിയിലെത്തിച്ചു.
    പുതിയ പള്ളി നിര്‍മ്മിക്കുന്നതിനായി പാരിഷ് ട്രസ്റ്റ് രൂപീകരിച്ചിട്ട് വര്‍ഷങ്ങള്‍ പതിനെട്ട് കഴിഞ്ഞു. പള്ളിയുടെ കല്ലിടലിനു ശേഷം കടന്നുപോയ വര്‍ഷങ്ങള്‍ എട്ട്. കുറിയും പിടിയരി കുറിയും വെച്ചും സിനിമ നടത്തിയും സംഭാവന കൂപ്പണുകളിലൂടെയും ആഴ്ച പിരിവിലൂടെയും മറ്റും കുറേശ്ശെയായി കിട്ടുന്ന പണംകൊണ്ട് പലപ്പോഴായി നടത്തിയ പള്ളി പണി പൂര്‍ത്തിയായി. ഇടവകക്കാര്‍ പള്ളി പണിക്കായി നടത്തിയ കഠിനാദ്ധ്വാനത്തിന്റെ ഫലം, നെട്ടൂരിലെ രണ്ടാമത്തെ ക്രൈസ്തവ ദേവാലയം പൂര്‍ത്തിയായി.

പുതിയ ദേവാലയ ആശീര്‍വാദം

     1970 സെപ്തംബര്‍ 27. അന്ന് വൈകീട്ട് പുതിയ പള്ളിക്കകത്തും പള്ളിപ്പറമ്പിലും തിങ്ങി നിറഞ്ഞ ജനങ്ങളെ സാക്ഷി നിറുത്തി വരാപ്പുഴ അതിരൂപതാ വികാരി കാപ്പിറ്റുലര്‍ മോണ്‍സി ഞ്ഞോര്‍ കൊര്‍ണേലിയൂസ് ഇലഞ്ഞിക്കല്‍ ദേവാലയത്തെ പരിശുദ്ധ വിമലഹൃദയത്തിന് പ്രതിഷ്ഠിച്ചുകൊണ്ട് ആശീര്‍വദിച്ചു. കതിന വെടികളുടേയും മാലപ്പടക്കത്തിന്റേയും പ്രകമ്പന ങ്ങളാലും പള്ളിമണികളുടെ ധ്വനികളാലും അന്തരീക്ഷം നിറഞ്ഞു നിന്നിരുന്നു. തുടര്‍ന്ന് കൊര്‍ണേ ലിയൂസ് പിതാവിന്റെ നേതൃത്വത്തില്‍ ദിവ്യബലിയര്‍പ്പിച്ചു.
       വൈകുന്നേരം ആറ് മണിയോടെ പള്ളിയങ്കണത്തില്‍ പൊതുസമ്മേളനവും കലാപരിപാടി കളും നടത്തി. ഇടവക ആസ്ഥാനം പുതിയ പള്ളിയിലേക്ക് മാറി. ദേവാലയ വെഞ്ചിരിപ്പിനോടനു ബന്ധിച്ച് കാത്തലിക് അസ്സോസിയേഷന്‍ നെട്ടൂര്‍ യൂണിറ്റ് ഒരു സുവനീര്‍ പ്രകാശനം ചെയ്തു. നെട്ടൂര്‍ ഇടവക ദേവാലയ ആശീര്‍വാദ സ്മരണിക.
      85000 രൂപയോളം പള്ളി നിര്‍മ്മാണത്തിന് ചെലവായി. ദേവാലയ മുഖപ്പ് ഡിസൈന്‍ ചെയ്തത് കെ.ജെ. ജയിംസ് തങ്കച്ചനാണ്. നിര്‍മ്മാണ ചുമതലയും അദ്ദേഹം തന്നെയായിരുന്നു. കല്പണി സി.സി. റാഫേലിന്റേയും മരപ്പണി ടി.എക്‌സ്. പാപ്പിയുടേയും ട്രസ് വര്‍ക്ക് പി.ജെ. വക്കച്ചന്റേയും ഗ്രില്ല് വര്‍ക്ക് കെ.കെ. ജോര്‍ജിന്റേയും നേതൃത്വത്തില്‍ നടത്തി. മൊസൈക്ക് വര്‍ക്ക് എറണാകുളം എം.പി.എല്‍. ഏജന്‍സിക്കുവേണ്ടി എന്‍.സി. ജേക്കബ് നടത്തി. പരിശുദ്ധ കന്യാമറിയത്തിന്റെ രൂപങ്ങള്‍, വിശുദ്ധ യൂദാ തദേവൂസിന്റെ രൂപങ്ങള്‍, സക്രാരി തുടങ്ങിയവ കെ.എ. സെവ്യര്‍, കെ.എ. ജോണ്‍, പയസ് ഡിസൂസ  തുടങ്ങിയവര്‍ നല്കി.
പള്ളി പണിക്ക് വികാരിയച്ചനോടൊപ്പം നേതൃത്വം നല്കിയത് പാരീഷ് ട്രസ്റ്റും പാരീഷ് കൗണ്‍സിലുമാണ്.

പാരീഷ് ട്രസ്റ്റ് അംഗങ്ങള്‍: ഫാ. റാഫേല്‍ തറമേല്‍, കെ.ഒ. റോക്കി കോന്നുള്ളില്‍ (ജനറല്‍ സെക്രട്ടറി), എന്‍.സി. ആന്റണി നടുവിലവീട്ടില്‍, നടുവിലവീട്ടില്‍ റാഫേല്‍, പി.ഒ. ജോസഫ് പുത്തന്‍വീട്ടില്‍, സി.വി. ആന്റണി ചെട്ടിവീട്ടില്‍, വറുത് സെവ്യര്‍ നെടുമ്പറമ്പില്‍, സി.സി. ആന്റണി ചാണയില്‍,  എം.കെ. ഫ്രാന്‍സിസ് മൂന്നുകൂട്ടുങ്കല്‍, കടവിലവീട്ടില്‍ അന്തപ്പന്‍, എന്‍.സി. ജോബ് നെടുമ്പറമ്പില്‍  തുടങ്ങിയവര്‍ അടങ്ങിയതായിരുന്നു പാരിഷ് ട്രസ്റ്റ്.

പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍: ഫാ. റാഫേല്‍ തറമേല്‍, വാഴക്കൂട്ടത്തില്‍ ശൗരോ, കടവിലവീട്ടില്‍ അന്തപ്പന്‍ , എന്‍.സി. ജോബ് നെടുമ്പറമ്പില്‍, പേതൃ ഔസൊ ചെട്ടിവീട്ടില്‍, പി.ഒ. ജോസഫ്, എന്‍.പി. കൂഞ്ഞുവറുത് നെടുമ്പറമ്പില്‍, സി.വി. ആന്റണി ചെട്ടിവീട്ടില്‍.
        പഴയ പള്ളിയുടെ 'മറിയത്തിന്റെ വിമലഹൃദയ ദേവാലയം'  എന്ന പേര് മാറ്റി. പള്ളിയില്‍ വിശുദ്ധ കുരിശിനെ പ്രതിഷ്ഠിച്ച് 'വിശുദ്ധ കുരിശിന്റെ ദേവാലയം' (Holy Cross Church) എന്ന് നാമകരണം ചെയ്തു. പുതിയ പള്ളിക്ക് 'മറിയത്തിന്റെ വിമലഹൃദയ ദേവാലയം' (I.H.M. Church) എന്ന് പേരും നല്‍കി. 
   ഇടവകയ്ക്ക് പള്ളികള്‍ രണ്ടായപ്പോള്‍ പള്ളികളെ തിരിച്ചറിയുവാന്‍ പുതിയ പുതിയ പേരുകളുണ്ടായി. ആദ്യ പള്ളിക്ക് പഴയപള്ളി, വടക്കേപ്പള്ളി, കുരിയച്ചന്റെ പള്ളി, കുരിശിന്റെ പള്ളി, സെമിത്തേരിപ്പള്ളി, കോളനിപ്പള്ളി എന്നൊക്കെ പേരുവീണപ്പോള്‍ രണ്ടാമത്തെ പള്ളിയെ പുതിയ പള്ളി, തെക്കേപ്പള്ളി, മാതാവിന്റെ പള്ളി,  ഇടവകപ്പള്ളി, കടവിലപ്പള്ളി എന്നെല്ലാം വിളിച്ചു തുടങ്ങി.

 കർത്താവിന്റെ അമ്മ വീടുകള്‍ സന്ദര്‍ശിക്കുന്നു

 പഴയ പള്ളിയിലെ അള്‍ത്താരയില്‍ പ്രതിഷ്ഠിച്ചിരുന്ന വിമലഹൃദയമാതാവിന്റെ തിരുസ്വരൂ പം പുതിയ ഇടവകപ്പള്ളിയില്‍ പ്രതിഷ്ഠിച്ചു. ഇടവകയിലെ ഓരോ വീട്ടിലും തിരുസ്വരൂപം കൊണ്ടു ചെന്നു. അവിടെ കൊന്തയും പ്രാര്‍ത്ഥനകളും നടത്തിയ ശേഷം അടുത്ത വീട്ടിലേക്ക്. രാത്രിയില്‍ സൗകര്യപ്രദമായ വീടുകളില്‍ മാതാവിന്റെ രൂപം വയ്ക്കുമായിരുന്നു. പരിശുദ്ധ കന്യകാമറിയം തങ്ങളുടെ ഓരോരുത്തരുടേയും വീടുകള്‍ സന്ദര്‍ശിച്ചതായി ഇടവകക്കാര്‍ക്ക് അനുഭവപ്പെട്ടു. മാതാവിന്റെ വിമലഹൃദയത്തിരുനാള്‍ (ഇടവക പെരുന്നാള്‍)  പ്രദക്ഷിണത്തിന് എഴുന്നള്ളിക്കുന്നത് ഈ സ്വരൂപമാണ്. അള്‍ത്താരയില്‍ കുറേക്കൂടി വലിയ പുതിയ രൂപമാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്.

വിമലഹൃദയ കൊമ്പ്രേര്യ സംഘം 

     ഡിസംബര്‍ എട്ടിന് പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവത്തിരുന്നാളാണ്. എട്ടാം തീയതിയോ കഴിഞ്ഞു വരുന്ന ഞായറാഴ്ചയോ ആണ് നമ്മുടെ ഇടവക മാദ്ധ്യസ്ഥത്തിരുനാള്‍ ആഘോഷിക്കുന്നത്, വിമലഹൃദയ മാതാവിന്റേയും തിരുനാളായി.
ആദ്യകാലങ്ങളില്‍ ഓരോരോ പ്രസുദേന്തിമാരാണ് തിരുനാള്‍ ഏറ്റെടുത്തു നടത്തിയിരുന്നത്. ഓരോ വര്‍ഷവും ആഘോഷങ്ങളുടെ ചെലവ് കൂടിക്കൂടി വരുന്നതിനാല്‍ ക്രമേണ പ്രസുദേന്തിമാരാകാന്‍ ആളുകള്‍ ഇല്ലാതെയായി.
     ഈ സാഹചര്യത്തിലാണ് ദര്‍ശന സമൂഹത്തിന്റെ നേതൃത്വത്തില്‍ ഇടവകാംഗങ്ങളുടെ  സംഭാവന കൊണ്ട് മാദ്ധ്യസ്ഥ തിരുനാള്‍ നടത്തുവാനുള്ള അഭിപ്രായമുണ്ടായത്.
ഇതിനായി നിയമാവലി രൂപീകരിക്കുന്നതിനായി വികാരി ഫാ. റാഫേല്‍ തറമ്മേല്‍, ചെമ്മദോര്‍ സി.പി. അഗസ്റ്റിന്‍ ചക്കാലക്കല്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പി.ഒ. ജോസഫ് (ജൂസെ മാസ്റ്റര്‍), അഡ്വ. സി.വി. ആന്റണി, എന്‍.സി. ജോബ് തുടങ്ങിയവര്‍ അംഗങ്ങളായി 1970 ല്‍ ഒരു കമ്മിറ്റി രൂപീകരിച്ചു.
    കമ്മിറ്റി തയ്യാറാക്കിയ നിയമാവലി 1970 ആഗസ്റ്റ് 30 ന് കൂടിയ ഇടവക കൊമ്പ്രേര്യ പൊതുയോഗം ഐക്യകണ്‌ഠ്യേന പാസ്സാക്കി. നിയമാവലിക്ക് അതിരൂപതാ കച്ചേരിയുടെ അംഗീകാരം ലഭിക്കുകയും ചെയ്തു. ഈ നിയമാവലി പ്രകാരം രൂപീകരിച്ച കൊമ്പ്രേര്യ ഭരണസമിതിയും തെരഞ്ഞെടുക്കപ്പെടുന്ന തിരുനാളാഘോഷ കമ്മിറ്റിയും സംയുക്തമായി 1971 മുതല്‍ ഇടവക മാദ്ധ്യസ്ഥ തിരുനാള്‍ ആഘോഷിച്ചു വന്നിരുന്നു. കമ്മിറ്റിയില്‍നിന്നും നറുക്കിട്ട് തെരഞ്ഞെടുക്കപ്പെടുന്നയാളായിരുന്നു ആ വര്‍ഷത്തെ പ്രസുദേന്തി.
      നിയമാവലിയുടെ 3 (ബി) വകുപ്പ് പ്രകാരം അതാതു കൊല്ലത്തെ പിരിവ് സംഖ്യയുടെ പത്ത് ശതമാനം കരുതല്‍ ധനമായി നീക്കി വെച്ചിരുന്നു. പല കാരണങ്ങളാലും എല്ലാ വര്‍ഷവും ഇങ്ങനെ കരുതല്‍ നീക്കിവയ്ക്കാന്‍ സാധിച്ചില്ലെങ്കിലും 1995 വരെ ഏകദേശം 32000 രൂപ നീക്കിയിരിപ്പുണ്ടായിരുന്നു. ജൂബിലി വര്‍ഷത്തില്‍ ഇടവകപ്പള്ളി പെയിന്റ് ചെയ്യുന്നതിന് ഇതില്‍നിന്നും 15200 രൂപ ചെലവാക്കി.
    ഏതാണ്ട് തൊണ്ണൂറുകളില്‍ത്തന്നെ ഈ ജനകീയ പ്രസുദേന്തി തിരുനാള്‍ ആഘോഷം അവസാനിച്ചുവെങ്കിലും ഇതുമൂലം ഇടവകാംഗങ്ങളില്‍ സഹകരണ മനോഭാവം വളര്‍ത്തുവാനും അനാവശ്യ ആഡംബരങ്ങള്‍ ഒഴിവാക്കാനും സാധിച്ചു.
        അവസാനകാലത്തെ കൊമ്പ്രേര്യ ഭരണസമിതി അംഗങ്ങള്‍ താഴെ പറയുന്നവരായരിുന്നു. ഫാ. ജസ്റ്റിന്‍ ആട്ടുള്ളില്‍ (പ്രസിഡന്റ്), ടി.ജെ. ജോണ്‍സണ്‍ തുണ്ടത്തില്‍, എന്‍.സി. ആന്റണി (ജോ. സെക്രട്ടറി), എ.ജി. ജോസഫ് (ഖജാന്‍ജി), എന്‍.സി. ജോബ്, എം.പി.അഗസ്റ്റിന്‍, മാര്‍ട്ടിന്‍ പ്രകാശ്യ.
       ചെമ്മദോര്‍ ആയി കെ.ഒ. വര്‍ഗ്ഗീസ്, കട്ടാഴത്തുതറ സേവനമനുഷ്ഠിച്ചിരുന്നു. വര്‍ഷങ്ങളായി കൊമ്പ്രേര്യ കമ്മിറ്റി പ്രവര്‍ത്തനരഹിതമായിരുന്നു.  ഇപ്പോള്‍ കൊമ്പ്രേര്യ കാര്യങ്ങള്‍ നോക്കുന്നത് ചെമ്മദോറായ റോയ്‌സണ്‍ റിബേര കണിയാത്ത് ആണ്.

ഒരു തൊഴിലുറപ്പ് പദ്ധതി

        ഫാ. റാഫേല്‍ തറമ്മേലിനുശേഷം ഇടവകയുടെ ഭരണസാരഥ്യം ഏറ്റെടുത്തത് ഫാ. ബ്രൂണോ ചെറുകോടത്ത് ആയിരുന്നു. വളരെ ചുരുങ്ങിയ കാലമേ (1971-73) അദ്ദേഹം വികാരിയായിരുന്നുള്ളൂ. എങ്കിലും ആരാധനകളിലും ദിവ്യബലിയിലുമെല്ലാം ഭക്തിനിര്‍ഭരമായ അന്തരീക്ഷം നിലനിറുത്തുവാനും ഇടവകയുടെ ആത്മീയ ചൈതന്യം വളര്‍ത്തുവാനും അദ്ദേഹത്തിനു കഴിഞ്ഞു.
        ഇടവകയിലെ മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായി ഒരു പദ്ധതിയും ബ്രൂണോ അച്ചന്‍ കൊണ്ടുവന്നു. വൈപ്പിന്‍ കായലുകളില്‍ നടത്തിയിരുന്ന 'പായിക്കല്‍ വഞ്ചി'യിലുള്ള മത്സ്യബന്ധന രീതി നെട്ടൂര്‍ കായലില്‍ ആരംഭിച്ചത് ബ്രൂണോ അച്ചന്‍ വഴിയാണ്. രണ്ട് വഞ്ചികള്‍ ഉള്ളിലേക്ക് അല്പം ചരിച്ച് മരത്തടി വെച്ച് കൂട്ടികെട്ടുന്നു. വഞ്ചിയില്‍നിന്നും നീണ്ട ഇരുമ്പുചങ്ങല വെള്ളത്തിലേക്ക് ഇട്ടിട്ടുണ്ടാകും. വഞ്ചിയുടെ ഉള്ളില്‍ കൊലഞ്ഞീന്‍ നിറച്ചിരിക്കും, പുറത്ത് ചില്ലുകൂട്ടില്‍ വിളക്ക് കത്തിച്ചുവച്ചിരിക്കും. വഞ്ചി പതുക്കെ കഴുക്കോല്‍കൊണ്ട് കുത്തിനീക്കുമ്പോള്‍ ചങ്ങല പുഴയുടെ അടിത്തട്ടില്‍ കിടന്ന് ഇഴയും. വെള്ളത്തിന് അടിയിലെ ചെമ്മീന്‍ അപ്പോള്‍ മുകളിലേക്ക് വരും. മുകളിലെത്തിയ ചെമ്മീന്‍ വിളക്കിന്റെ വെളിച്ചം കണ്ട് പുറത്തേക്ക് ചാടുന്നു. ചെന്നുവീഴുന്നത് വഞ്ചിയില്‍. വഞ്ചിയില്‍ നിറയെ കൊലഞ്ഞീന്‍ ആയതിനാല്‍ തിരിച്ച് പുറത്തേക്ക് ചാടുവാന്‍ പറ്റില്ല. കൊഞ്ച് ചാടിയാല്‍ അതേ വഞ്ചിയോളം.
        ജര്‍മ്മനിയുടെ സഹായത്തില്‍ വരാപ്പുഴ അതിരൂപതാ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി യുടെ സഹകരണത്തോടെയായിരുന്നു ഈ മത്സ്യബന്ധന പദ്ധതി നടത്തിയത്. പുതിയ പള്ളിപ്പറമ്പില്‍ െവച്ചായിരുന്നു വഞ്ചികളെല്ലാം ഉണ്ടാക്കിയത്. നാല് മത്സ്യത്തൊഴിലാളികള്‍ക്ക് രണ്ട് വഞ്ചികള്‍ വീതം എട്ട് വഞ്ചികളാണ് നിര്‍മ്മിച്ചത്. ഈ 'പായിക്കല്‍ വഞ്ചി' പരിപാടി പിന്നീട് പലരും സ്വന്തം ചെലവില്‍ സ്വന്തം ടെക്‌നിക്കിലുമൊക്കെ നടപ്പാക്കി. വഞ്ചി സ്ഥിരമായി കൂട്ടിക്കെട്ടാതെ പല്‍ചക്രങ്ങളുടേയും റോപ്പിന്റേയും സഹായത്താല്‍ ചരിക്കാവുന്നതായ വഞ്ചികള്‍ ചിലരുണ്ടാക്കി. നെട്ടൂര്‍ തേവരക്കായലില്‍ പുതിയ ഒരു മത്സ്യബന്ധന രീതിക്ക് ബ്രൂണോ അച്ചന്‍ തുടക്കമിട്ടു.

ഇടവകയുടെ സമഗ്ര വികസനം; സുവര്‍ണകാലം

        ബ്രൂണോ അച്ചനുശേഷം ഇടവകയെ നയിക്കാനായി എത്തിയ ഫാ. സെബാസ്റ്റിന്‍ കുന്നത്തൂര്‍ (1973-79) നടത്തിയ ഇടവകയുടെ വികസന പ്രവര്‍ത്തനങ്ങള്‍ എടുത്തു പറയത്തക്കതാണ്.
അക്കാലത്ത് ഇടവകപ്പള്ളിയുടെ മുന്‍വശം പുഴ വരെ പത്തിരുപത് അടിയോളം വീതിയേ ഉണ്ടായി രുന്നുള്ളൂ. മുന്‍വശത്തെ പുഴ കുറേ നികത്തിയാല്‍ പള്ളിക്ക് വളരെ സൗകര്യമായിരിക്കുമെന്നു കണ്ട് ആ വഴിക്കായി അദ്ദേഹത്തിന്റെ ശ്രദ്ധ. അന്നത്തെ സംസ്ഥാന മന്ത്രിയായിരുന്ന ബേബി ജോണിന്റെയും അലക്‌സാണ്ടര്‍ പറമ്പിത്തറയുടേയും സഹായത്തോടെ പള്ളിയുടെ മുന്‍വശത്തെ 68 സെന്റ് കായല്‍ നികത്തുവാനുള്ള അനുവാദം സര്‍ക്കാരില്‍നിന്നു ലഭിച്ചു. സ്ഥലത്തിന് സര്‍ക്കാര്‍ നിശ്ചയിച്ച തറവില അടച്ച് സര്‍ക്കാരില്‍നിന്നും പട്ടയം വാങ്ങി. കായല്‍ നികത്തുന്നതിന് സര്‍ക്കാര്‍ വക ഡ്രഡ്ജറിന് വാടകയും ഇന്ധനവും നല്‍കി. കായല്‍ സ്ഥലം  എട്ടു ദിവസംകൊണ്ട് നികത്തിയെടുക്കുവാന്‍ കഴിഞ്ഞു. നികത്തു ഭൂമിയില്‍ ധാരാളം തെങ്ങിന്‍തൈകള്‍ നട്ടു പിടിപ്പിച്ചു. അവ കുറേ നശിച്ചു പോയെങ്കിലും വര്‍ഷങ്ങളോളം കായ്ഫലം തന്നു കൊണ്ടിരുന്നു.
പള്ളിക്ക് ഒരു കൊടിമരം അന്നുണ്ടായിരുന്നില്ല. പള്ളിയുടെ മുമ്പില്‍ രണ്ട് മൂളിമരങ്ങള്‍ (കാറ്റാടിമരങ്ങള്‍) ഉണ്ടായിരുന്നു. അവയിലൊന്നിലായിരുന്നു കൊടി കയറ്റിയിരുന്നത്. നികത്തിയെടുത്ത സ്ഥലത്ത് തുണ്ടത്തില്‍ ജോണ്‍സന്റെ സാമ്പത്തിക സഹായത്തോടെ ഒരു കൊടിമരം സ്ഥാപിച്ചു.
        കുടുംബയൂണിറ്റുകള്‍ ആദ്യമായി നെട്ടൂരില്‍ ആരംഭിച്ചത് കുന്നത്തൂരച്ചന്റെ കാലത്താണ്. അന്ന് രൂപീകരിച്ച കുടുംബ യൂണിറ്റുകള്‍ കാലമേറെയായപ്പോള്‍ പ്രവര്‍ത്തനമില്ലാതെയായി.

വിമല നേഴ്‌സറി

        അക്കാലത്ത് നെട്ടൂരില്‍ ഒരു യു.പി.സ്‌കൂളും (എസ്.വി.യു.പി. സ്‌കൂള്‍) തെക്കേ കോളനിയില്‍ ഒരു എല്‍.പി.സ്‌കൂളും (മാടവന എല്‍.പി.സ്‌കൂള്‍) ഉണ്ടായിരുന്നു. എങ്കില്‍ തന്നെയും കൂടുതല്‍ കുട്ടികളും പഠിച്ചിരുന്നത് തേവര, കുമ്പളം, മരട്, പനങ്ങാട്, എറണാകുളം എന്നീ സമീപ പ്രദേശങ്ങളിലായിരുന്നു. ഇതിനൊരു മാറ്റമുണ്ടാകണമെന്ന് കുന്നത്തൂരച്ചന്‍ ആഗ്രഹിച്ചിരുന്നു.
ആദ്യ സംരംഭം എന്ന നിലയില്‍ 1977 ല്‍ ഇടവകപ്പള്ളിയില്‍ ഒരു നേഴ്‌സറി സ്‌കൂള്‍ ആരംഭിച്ചു. 'വിമല നേഴ്‌സറി' എന്ന് നാമകരണവും ചെയ്തു. ഈ നേഴ്‌സറി വളര്‍ന്ന് എല്‍.പി. സ്‌കൂളായും ഹൈസ്‌കൂളായും മാറുമെന്ന് അദ്ദേഹം പ്രത്യാശിച്ചു. വിമല നേഴ്‌സറിക്ക് പള്ളിയുടെ വടക്ക് റോഡിനപ്പുറമുള്ള സ്ഥലത്ത് ഒരു കെട്ടിടവും പണി കഴിപ്പിച്ചു. കേരള പ്രൈവറ്റ് എഡ്യുക്കേഷണല്‍ ബോര്‍ഡിന്റെ സിലബസ് അനുസരിച്ചാണ് ക്ലാസ്സുകള്‍ നടത്തിയിരുന്നത്.
        ഇടവക വികാരിയായിരുന്നു ഡയറക്ടര്‍. രണ്ട് അദ്ധ്യാപകരും ഒരു സഹായിയുമാണ് നേഴ്‌സറി യില്‍ സേവനമനുഷ്ഠിച്ചിരുന്നത്. നൂറിനടുത്ത് കുട്ടികള്‍ എല്‍.കെ.ജി., യു.കെ.ജി. ക്ലാസ്സുകളിലായി പഠിച്ചിരുന്നു. മോളി ഫ്രാന്‍സിസ്, വി.ഡി. സബേത്ത്, ലില്ലി ജോസഫ്, മേരി ജോസഫ്, സിനി പൗലോസ് തുടങ്ങിയവര്‍ അദ്ധ്യാപകരായും ട്രീസ ജോസഫ്, ആനി ജോയി തുടങ്ങിയവര്‍ ആയമാരായും ഇവിടെ സേവനമനുഷ്ഠിച്ചവരാണ്.
        വിമല നേഴ്‌സറി കെട്ടിടം 2002 ആയപ്പോഴേയ്ക്കും കാലപ്പഴക്കം മൂലം അറ്റകുറ്റപ്പണികള്‍ ചെ യ്യേണ്ട അവസ്ഥയിലായി. 2002-03 അദ്ധ്യയന വര്‍ഷം മുതല്‍ മൂന്നു വര്‍ഷത്തേക്ക് നേഴ്‌സറിയുടെ നടത്തിപ്പ് ഒരു കരാറിലൂടെ പാഷണിസ്റ്റ് സിസ്‌റ്റേഴ്‌സ് ഏറ്റെടുക്കുകയും കെട്ടിടം അറ്റകുറ്റപ്പണികള്‍ക്കായി മുപ്പതിനായിരം രൂപ ചെലവാക്കുകയും ചെയ്തു. ഒന്നുരണ്ടു വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോഴേയ്ക്കും കെട്ടിടം മോശമായതിനെ തുടര്‍ന്ന് ക്ലാസ്സുകള്‍ പാരിഷ് ഹാളിലേക്ക് മാറ്റി. കെട്ടിടം പൊളിച്ച് പുതിയ കെട്ടിടം പണിയണമെന്ന് നടത്തിപ്പുകാരായ പാഷണിസ്റ്റ് സിസ്‌റ്റേഴ്‌സ് അറിയിച്ചു. നിലവിലുള്ള കരാര്‍ പുതുക്കി നഴ്‌സറി നടത്തുവാന്‍ സിസ്‌റ്റേഴ്‌സ് താല്‍പര്യപ്പെട്ടില്ല.
        നേഴ്‌സറി സ്ഥിരമായി നടത്തുവാനുള്ള അവകാശം നല്‍കുകയാണെങ്കില്‍ പുതിയ കെട്ടിടം നിര്‍മ്മിച്ച് നേഴ്‌സറി തുടരാമെന്ന് അവര്‍ അറിയിച്ചു. എന്നാല്‍ സ്ഥലം ഇടവകയുടെ തന്നെയായി നിലനിര്‍ത്തിക്കൊണ്ട് കെട്ടിടം നിര്‍മ്മിച്ച് നേഴ്‌സറി നടത്തുകയും 20 വര്‍ഷത്തിനുശേഷം കെട്ടിടം ഇടവകയ്ക്ക് നല്‍കണമെന്ന (ബി.ഒ.ടി.) ഇടവക സമിതിയുടെ തീരുമാനം പക്ഷെ സ്വീകാര്യമായില്ല. ഇതു സംബന്ധിച്ച് ഒത്തുതീര്‍പ്പിലെത്തുവാന്‍ കഴിയാത്തതിനാല്‍ 2005-06 അദ്ധ്യായന വര്‍ഷം കൂടി സിസ്‌റ്റേഴ്‌സ് നേഴ്‌സറി നടത്തി. തുടര്‍ന്ന് കോണ്‍വെന്റിനോടു ചേര്‍ന്ന് പുതിയ നഴ്‌സറി ആരംഭിച്ചു. നിലവിലുള്ള അദ്ധ്യാപകര്‍ വ്യക്തിപരമായ കാരണങ്ങളാല്‍ സേവനം നിര്‍ത്തുകയും ചെയ്തു. 1977 ല്‍ കുന്നത്തൂരച്ചന്‍ ആരംഭിച്ച  വിമല നേഴ്‌സറി 2006 ല്‍ കെട്ടിടം മാത്രം അവശേഷിച്ച് ഇല്ലാതായി. ഇപ്പോള്‍ ആ കെട്ടിടം മേല്‍ക്കൂരയും ചുവരുകളും ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്നു.

പഴയൊരു നേഴ്‌സറിയും, ബാലവാടിയും

        ഇടവകപ്പള്ളി വടക്കായിരുന്നപ്പോള്‍ അവിടെ ഒരു നേഴ്‌സറിയും മാതൃ ശിശു സംരക്ഷണ കേന്ദ്രവും പ്രവര്‍ത്തിച്ചിരുന്നു. ഇടവക ആസ്ഥാനം മാറിയെങ്കിലും നേഴ്‌സറിയും മാതൃശിശു സംരക്ഷണ കേന്ദ്രവും അവിടെത്തന്നെ തുടര്‍ന്നു.
        ഈ കേന്ദ്രത്തോടനുബന്ധിച്ച് അമേരിക്കയിലെ കെയര്‍ (CARE- Co-operative Assistance and Relief Everywhere)- എന്ന സന്നദ്ധ സംഘടനയില്‍ നിന്നും ലഭ്യമായിരുന്ന പാല്‍പ്പൊടി, കമ്പപ്പൊടി, നുറുക്ക് ഗോതമ്പ്, സസ്യ എണ്ണ തുടങ്ങിയവ പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്തിരുന്നു. നേഴ്‌സറി കുട്ടികള്‍ക്ക് നുറുക്ക് ഗോതമ്പും പാല്‍പ്പൊടിയും ചേര്‍ത്ത കഞ്ഞി നല്‍കിയിരുന്നു. കെയറിന്റെ ഇൗ പരിപാടി സര്‍ക്കാര്‍ നിയന്ത്രണത്തില്‍ അക്കാലത്ത് മിക്ക സ്‌കൂളുകളിലും നടപ്പാക്കിയിരുന്നു. ഇവിടെ ജോസഫീന ജോണ്‍ ചെട്ടിവീട്ടില്‍, മേരി വര്‍ഗ്ഗീസ് പീടിയേക്കല്‍, മേരി ക്ലമന്റ്, എസ്‌തേര്‍ ആന്റണി നടുവിലവീട്ടില്‍, മേരി ആന്റോ തട്ടാശ്ശേരി തുടങ്ങിയവര്‍ സേവനമനുഷ്ഠിച്ചിരുന്നു.
        1976 ല്‍ പഴയ പള്ളി സ്ഥലത്തിന്റെ തെക്ക് കിഴക്ക് ഭാഗത്തായി കുന്നത്തൂരച്ചന്‍ ഒരു കെട്ടിടം നേഴ്‌സറിക്കായി പണിയിച്ചു. ആളുകളില്‍ നിന്നും പിരിവെടുത്തും ഇടവകക്കാര്‍ ശ്രമദാനം നടത്തിയുമാണ് നേഴ്‌സറി കെട്ടിടം പണിതത്. കെട്ടിടവും കെട്ടിടം സ്ഥിതിചെയ്യുന്ന സര്‍വ്വെ നമ്പര്‍ 1304/1 ല്‍ 5 സെന്റ് സ്ഥലവും 1976 നവംബര്‍ 18 ന് 3019-ാം നമ്പര്‍ ആധാരമായി 200 രൂപാ വില നിശ്ചയിച്ച് വില ഉപേക്ഷിച്ച് നെട്ടൂര്‍ ലേഡീസ് ക്ലബ്ബിന് സൗജന്യമായി നല്‍കി, നഴ്‌സറി നടത്തുന്നതിനായി. വൈറ്റില ബ്ലോക്കിന് കീഴിലുള്ള സര്‍ക്കാര്‍ ബാലവാടി - അംഗന്‍വാടിയായി ഇത് മാറി. 1978 മുതല്‍ ഈ കെട്ടിടത്തില്‍ നേഴ്‌സറി പ്രവര്‍ത്തനം ആരംഭിച്ചു.

കുടിവെള്ള പദ്ധതി...

        അക്കാലത്ത് പഴയ പള്ളി പരിസരത്തുള്ളവര്‍ക്ക് കുടിവെള്ളം ലഭിച്ചിരുന്നത് പള്ളിപ്പറമ്പിലുള്ള ഒരു വലിയ കുളത്തില്‍ നിന്നുമായിരുന്നു. വാട്ടര്‍ അതോറിറ്റിയുടെ ജലവിതരണം നെട്ടൂരില്‍ എത്തിയിട്ടില്ല. കുടിവെള്ളത്തിന് ഏതാണ്ട് വടക്കെ കോളനിക്കാര്‍ ആശ്രയിച്ചിരുന്നത് ഈ കുളമായിരുന്നു. അത് അപര്യാപ്തമായതിനാല്‍ പള്ളിപ്പറമ്പില്‍ ഒരു കിണര്‍ കൂടി നിര്‍മ്മിക്കുവാന്‍ കുന്നത്തൂരച്ചന്‍ ശ്രമമാരംഭിച്ചു. പള്ളിയുടെ വടക്കുപടിഞ്ഞാറായി ഒരു വലിയ കിണര്‍ അദ്ദേഹം പണിയിച്ചു. ഒരൊറ്റ രാത്രികൊണ്ട് കിണറിന്റെ അടിഭാഗത്തുള്ള കോണ്‍ക്രീറ്റ് റിംഗ് പണി തീര്‍ന്നു. തുടര്‍ന്ന് ചെങ്കല്ലുകൊണ്ട് കിണര്‍ പണി പൂര്‍ത്തിയാക്കി. ഇടവകക്കാര്‍ ഒന്നുചേര്‍ന്ന് ശ്രമദാനമായിട്ടാണ് ഈ കിണര്‍ പണിയും നടത്തിയത്. കാലാന്തരത്തില്‍ വാട്ടര്‍ അതോറിറ്റിയുടെ ജലസേചന പൈപ്പുകള്‍ എത്തിയപ്പോഴേയ്ക്കും ആ കിണര്‍ ഉപയോഗശൂന്യമായി. മതിലും മറ്റും തകര്‍ന്ന് കിണര്‍ മൂടിപ്പോയി.
        ഈപ്പന്‍ വര്‍ഗ്ഗീസ് പള്ളുരുത്തി എം.എല്‍.എ. (1977-79) ആയിരിക്കുമ്പോഴാണ് കോന്തുരുത്തി യില്‍നിന്നും പുഴയിലൂടെ പൈപ്പുകളിട്ട് വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ളം ആദ്യമായി നെട്ടൂരെ ത്തുന്നത്.

സംഘടനകള്‍

        1977-78 കാലഘട്ടത്തില്‍ ഹൈസ്‌കൂള്‍ തലത്തിലുള്ള ആണ്‍കുട്ടികള്‍ക്കായി ഒരു സംഘടന അദ്ദേഹം രൂപീകരിച്ചു. 'സാവിയോ ബോയ്‌സ് ക്ലബ്ബ്'. മുതിര്‍ന്ന ഒരാള്‍ ആയിരുന്നു നിയമാവലി പ്രകാരം സംഘടനയ്ക്ക് നേതൃത്വം നല്‍കിയിരുന്നത്. കുട്ടികള്‍ക്കായി ക്ലബ്ബ് കലാ കായിക മത്സരങ്ങള്‍, ഡിബേറ്റ് തുടങ്ങിയവ നടത്തുകയുണ്ടായി. സോളമന്‍ ആന്റണി പ്രസിഡന്റും ഈ ലേഖകന്‍ സെക്രട്ടറിയുമായിരുന്നു. കുന്നത്തൂരച്ചന്റെ സ്വകാര്യ പുസ്തക ശേഖരണം കുട്ടികള്‍ക്കും യുവാക്കള്‍ക്കും അറിവ് പകര്‍ന്നുനല്‍കി.
        നെട്ടൂരത്തെ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനായി കുരിശിന്റെ പള്ളി കേന്ദ്രീകരിച്ചു കൊണ്ട് ഒരു നാടക സംഘം രൂപീകരിക്കുന്നതിന് അച്ചന്‍ നേതൃത്വം നല്‍കി- 'സാന്തക്രൂസ് നെട്ടൂര്‍' ആയിരുന്നു ആ സംഘടന.
        'റോം ഇന്‍ 67', 'സെന്റ് ജൂഡ് ഇന്‍ പേര്‍ഷ്യ', 'ആബേലിന്റെ ബലി' തുടങ്ങിയ ബൈബിള്‍ നാടകങ്ങളും 'മരുന്നു കമ്പനി'യെന്ന ഹാസ്യ നാടകവും സാന്താക്രൂസ് അവതരിപ്പിച്ചു. ഈ നാടകങ്ങള്‍ എല്ലാം എഴുതുകയും സംവിധാനം ചെയ്തതും പി.സി. വര്‍ഗ്ഗീസ് പനക്കലായിരുന്നു. പ്രൊഫഷണല്‍ നാടകങ്ങളെ വെല്ലുന്ന അവതരണമായിരുന്നു സാന്താക്രൂസിന്റേത്. തോമസ് കരിക്കുംതറയുടെ കരവിരുതില്‍ സ്‌റ്റേജില്‍ കെട്ടിയ വെളുത്ത സ്‌ക്രീനില്‍ അരങ്ങത്തും അണിയറയിലുമുള്ള കലാകാരന്മാരുടെ പേരുകള്‍ സിനിമയിലെന്ന പോലെ തെളിഞ്ഞു വന്നു. പ്രശസ്ത ശില്പിയും ചിത്രകാരനുമായിരുന്ന മാനുവല്‍ സിക്ക്വേര, തേവരയായിരുന്നു കലാസംവിധായകന്‍. ഇടവകയിലെ ചെറുപ്പക്കാരെ സംഘടിപ്പിക്കുന്നതില്‍ കുന്നത്തൂരച്ചന്‍  പ്രത്യേക താല്‍പര്യമെടുത്തു. വരാപ്പുഴ അതിരൂപത കാത്തലിക് യൂത്ത് മൂവ്‌മെന്റിന്റെ (സി.വൈ.എം. പിന്നീട് കേരള കാത്തലിക് യൂത്ത് മൂവ്‌മെന്റ്- K.C.Y.M. ) യൂണിറ്റ് നെട്ടൂരില്‍ രൂപികരിച്ചു.

കുരിയച്ചന്റെ നൊവേന

        വിശുദ്ധ കുരിശിന്റെ ദേവാലയത്തില്‍ കുരിയച്ചന്റെ നൊവേന ആരംഭിക്കുന്നത് കുന്നത്തൂരച്ച നാണ്;1974 സെപ്തംബര്‍ 14 ന്. അതുവരെ കുരിശിന്റെ നടയില്‍  മറ്റ് മതസ്ഥര്‍ ഉള്‍പ്പെടെയുള്ള ഭക്തജനങ്ങള്‍ തിരികള്‍ കത്തിക്കുകയും പ്രാര്‍ത്ഥിക്കുകയും ചുറ്റുവിളക്കും പൂമാലയുമെന്ന നേര്‍ച്ച കഴിക്കുകയും ചെയ്തിരുന്നു. വെള്ളിയാഴ്ച ദിവസങ്ങളില്‍ പ്രത്യേകമായി പ്രാര്‍ത്ഥനകളും കൊന്തയും നടത്തിയിരുന്നു. ചെട്ടിവീട്ടില്‍ ജോസഫീന ജോണ്‍, ചെട്ടിവീട്ടില്‍ അന്ന അവിര, മാളിയേക്കല്‍ റോസ്യ പേതൃ തുടങ്ങിയവര്‍ ആയിരുന്നു വെള്ളിയാഴ്ച പ്രാര്‍ത്ഥനകളില്‍ നേതൃത്വം നല്‍കിയിരുന്നത്.

ഇടവക ഹാള്‍

        നമ്മുടെ ഇപ്പോഴത്തെ പാരിഷ് ഹാള്‍ പണിയുന്നതിനുള്ള ശ്രമം ആരംഭിച്ചതും സെബാസ്റ്റിയന്‍ കുന്നത്തൂരച്ചന്റെ കാലത്തുതന്നെയാണ്. ഹാളിന്റെ അടിത്തറ, കോളങ്ങള്‍, ബീമുകള്‍, സണ്‍ഷെയ്ഡുകള്‍ തുടങ്ങിയവ അദ്ദേഹത്തിന്റെ കാലത്തുതന്നെ പൂര്‍ത്തിയായെങ്കിലും ഹാളിന്റെ പണി മുഴുവനാക്കുവാന്‍ കുന്നത്തൂരച്ചനായില്ല. അപ്പോഴേയ്ക്കും അദ്ദേഹത്തിന് ഇടവക മാറ്റമായി.
തുടര്‍ന്ന് ഇടവക വികാരിയായി വന്ന ഫാ. ജോര്‍ജ് വേട്ടാപറമ്പില്‍ (1979-82) പാരിഷ് ഹാള്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമമാരംഭിച്ചു. ഫണ്ട് ശേഖരണാര്‍ത്ഥം ഒരു പ്രൊഫഷണല്‍ നാടകം ടിക്കറ്റ് വെച്ച് നടത്തി. 1981 ലെ ക്രിസ്മസിന് ഇടവകയിലെ ഓരോ കുടുംബത്തിനും പള്ളിയില്‍ നിന്നും ക്രിസ്മസ് കാര്‍ഡുകള്‍ നല്‍കി. 'ഇക്കൊല്ലത്തെ നിങ്ങളുടെ ക്രിസ്മസ് സമ്മാനം നമ്മുടെ പാരിഷ് ഹാളിന്റെ പണിക്കുവേണ്ടിയാകട്ടെ'യെന്ന ജോര്‍ജ് വേട്ടാപറമ്പിലച്ചന്റെ ആഹ്വാനം ഇടവകാംഗ ങ്ങള്‍ സന്മനസ്സോടെ സ്വീകരിച്ചു. അക്കൊല്ലത്തെ ഇടവകക്കാരുടെ ക്രിസ്മസ് സമ്മാനമായി നല്ലൊരു തുക പള്ളിക്ക് ലഭിച്ചു. 1982 ല്‍ വരാപ്പുഴ ആര്‍ച്ച്ബിഷപ്പ് ഡോ. ജോസഫ് കേളന്തറ പാരിഷ് ഹാളിന്റെ വെഞ്ചിരിപ്പ് കര്‍മ്മം നിര്‍വഹിച്ചു.

കൂട്ടായ്മയ്ക്കായി കുടുംബ യൂണിറ്റുകള്‍, ധ്യാനങ്ങള്‍, കുരിശിന്റെ വഴി

        ഫാ. ജോണ്‍ബോസ്‌ക്കോ പനക്കലാണ് പിന്നീട് ഇടവക വികാരിയായി (1982-84) എത്തി യത്. കുടുംബയൂണിറ്റുകള്‍ പുനഃസംഘടിപ്പിക്കുന്നതിന് ബോസ്‌ക്കോ അച്ചന്‍ പ്രഥമ പരിഗണന നല്‍കി. അച്ചന്റെ കാലത്ത് കുടുംബ യൂണിറ്റുകള്‍ സജീവമായി. 28 കുടുംബ യൂണിറ്റുകള്‍ അന്ന് പുനഃസംഘടിപ്പിച്ചു.
        ഇടവകയില്‍ നടത്തിയ പോപ്പുലര്‍ മിഷന്‍ ധ്യാനം ഇടവക പ്രവര്‍ത്തനങ്ങളില്‍ കൂട്ടായ്മയും ആത്മീയ ചൈതന്യവും വളര്‍ത്തി. വിമലഹൃദയ ദേവാലയം, മാടവന സെന്റ് സെബാസ്റ്റിയന്‍ ദേവാലയം, വിശുദ്ധ കുരിശിന്റെ ദേവാലയം തുടങ്ങിയവ കേന്ദ്രീകരിച്ച് മൂന്ന് ഇടങ്ങളിലായിരുന്നു ഇടവകയില്‍ ധ്യാനം നടന്നത്. രാവിലെയും വൈകീട്ടുമായിരുന്നു ധ്യാനങ്ങള്‍. പനങ്ങാട് പള്ളിയിലും  ധ്യാനം ഉണ്ടായിരുന്നു.
        ഇടവകക്കാര്‍ വെളുപ്പിനും വൈകീട്ടും കൂട്ടമായി അതാത് കുടുംബ യൂണിറ്റുകളില്‍ നിന്നും ദൈവ സ്തുതികള്‍ ആലപിച്ചും പ്രാര്‍ത്ഥനകള്‍ ചൊല്ലിയുമാണ് ധ്യാനത്തിനായി പള്ളികളിലേക്ക് പോയിരുന്നത്.
        സമാപന ദിവസം മാടവന ജംഗ്ഷനില്‍ വെച്ച് ആത്മീയ സംഗമവും നടന്നു. ധ്യാനം നടന്നി രുന്ന പനങ്ങാട് ഇടവകയില്‍നിന്നും നെട്ടൂര്‍ ഇടവകയില്‍ നിന്നും ജനങ്ങള്‍ ഭക്തിസാന്ദ്രമായ ഹൃദയത്തോടെയാണ് ദൈവസ്തുതി ഗീതാലാപനങ്ങളാലെ മാടവന ജംഗ്ഷനിലെത്തിയത്.
ഇടവകയുടെ ആദ്യ കാലത്ത് വി. സെബസ്റ്റ്യാനോസിന്റെ തിരുനാള്‍ പ്രദക്ഷിണം വടക്ക് പഴയ ഇടവക പള്ളിയില്‍ നിന്നും മാടവന കപ്പേളവരെ നടത്തിയിരുന്നു. ഇടക്കാലത്തു വെച്ചു ആ പ്രദക്ഷിണം നിന്നു പോയി. അതിനു ശേഷം നടന്ന ഇടവകക്കാരുടെ പ്രാര്‍ത്ഥനാ വഴിയായിരുന്നു  മിഷന്‍ ധ്യാനത്തിനെ തുടര്‍ന്നുള്ള  ഈ പ്രദക്ഷിണം.
        ബോസ്‌ക്കോ അച്ചന്‍ തന്നെയാണ് മാടവനയില്‍നിന്നും തുടങ്ങുന്ന ദുഃഖവെള്ളിയാഴ്ചയിലെ പരിഹാര പ്രദക്ഷിണവും  ആരംഭിച്ചത്. മാടവന പള്ളിയില്‍നിന്നും രാവിലെ 7 മണിക്ക് തുടങ്ങി മാടവന ജംഗ്ഷനിലൂടെ ഹൈവെ കടന്ന് ഐ.എന്‍.ടി.യു.സി. ജംഗ്ഷന്‍, എസ്.എന്‍. ജംഗ്ഷന്‍, ഇടവക പള്ളി വഴി വി. കുരിശിന്റെ പള്ളിയിലെത്തുകയായിരുന്നു ആദ്യകാലങ്ങളില്‍. പിന്നീട് ഐ.എന്‍.ടി.യു.സി. ജംഗ്ഷനിലേക്ക് പോകാതെ മസ്ജിദ് റോഡ് വഴി പി.ഡബ്ല്യു. റോഡിലൂടെ എസ്.എന്‍. ജംഗ്ഷന്‍ കടന്ന് ഇടവക പള്ളി വഴി കുരിശിന്റെ വഴി പോയിരുന്നു.
(ഇപ്പോള്‍ ഹൈവെ ഒവിവാക്കി മാടവനപ്പള്ളിയില്‍നിന്നും നേരെ പി.ഡബ്ല്യു.ഡി. റോഡു വഴി സെന്റ് ആന്റണീസിനു സമീപ പാലം ജംഗ്ഷനില്‍ നിന്ന് പടിഞ്ഞോട്ട്  റെയില്‍വേ മുറിച്ചു കടന്ന് കുരിശിന്റെ പള്ളിയിലെത്തി സമാപിക്കുകയാണ്.)
        തുടര്‍ന്ന് വികാരിയായിവന്ന ഫാ. െസെമണ്‍ മന്ത്ര (1984-87) കുരിശിന്റെ വഴിയുടെ 14 സ്ഥല ങ്ങള്‍ ബോര്‍ഡുകളില്‍ എഴുതിവച്ച് പ്രത്യേകം സജ്ജമാക്കി. അച്ചന്‍ തന്നെ വലിയൊരു കുരിശും ചുമന്ന് പരിഹാര പ്രദക്ഷിണത്തില്‍ പങ്കെടുത്തു. മാത്രമല്ല പരിഹാര പ്രദക്ഷിണം കഴിഞ്ഞ് ക്ഷീണിതരായ ഭക്തജനങ്ങള്‍ക്ക് ആ വര്‍ഷം മുതല്‍ നാരങ്ങ വെള്ളം കൊടുക്കുന്നതിനും അച്ചന്‍ ഏര്‍പ്പാടാക്കി.
        ഫാ. സെബാസ്റ്റിയന്‍ കുന്നത്തൂരിന്റെ കാലത്ത് വി. കുരിശിന്റെ പള്ളിയില്‍ നിന്നും വിമലഹൃദയ പള്ളിയിലേക്ക് ദുഃഖവെള്ളിയാഴ്ച വൈകുന്നേരം കുരിശിന്റെ വഴി നടന്നിരുന്നു. കുരിശിന്റെ വഴി ഇടവക പള്ളിയില്‍ എത്തുന്നതോടു കൂടിയായിരുന്നു ദുഃഖവെള്ളിയാഴ്ച തിരുക്കര്‍മ്മങ്ങള്‍ ആരംഭിച്ചിരുന്നത്.

സെന്റ് ആന്റണീസ്  കപ്പേള

        സെന്റ് ആന്റണീസ് കപ്പേള (St. Antony's shrine) നിര്‍മ്മിക്കുന്നത് ബോസ്‌കോ അച്ചന്റെ കാലത്താണ്.  1984 ജനുവരി ഒന്നിന് കുരിശുപള്ളിയുടെ കല്ലിടല്‍ കര്‍മ്മം നടന്നു. കപ്പേള പണി പൂര്‍ത്തിയാകും മുമ്പ് ബോസ്‌ക്കോ അച്ചന്‍ ഇടവക മാറിപ്പോയി.
പിന്നീട് ഫാ. ജോസ് പടിയാരംപറമ്പിലിന്റെ കാലത്താണ് (1987-89) കപ്പേള പണി പൂര്‍ത്തിയായത്. 1987 ഒക്‌ടോബര്‍ 23 ന്  സെന്റ് ആന്റണീസ് കപ്പേള വെഞ്ചിരിച്ചു. (കൂടുതല്‍ വിശദമായി  'വിശുദ്ധ അന്തോണീസിന്റെ കപ്പേള'  എന്ന ബ്ലോഗില്‍  നല്‍കിയിരിക്കുന്നു). 
        1987 നെ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ മരിയന്‍ വത്സരമായി പ്രഖ്യാപിച്ചു. മരിയന്‍ വത്സരത്തോടനുബന്ധിച്ച് വിവിധ മരിയന്‍ കേന്ദ്രങ്ങളിലേക്ക് തീര്‍ത്ഥാടനങ്ങള്‍ സംഘടിപ്പിച്ചു. പള്ളിപ്പുറം, വല്ലാര്‍പാടം പള്ളികളിലേക്ക് ബോട്ട് മാര്‍ഗ്ഗവും മഞ്ഞുമ്മല്‍ പള്ളിയിലേക്ക് കെ.സി.വൈ.എമ്മിന്റെ നേതൃത്വത്തില്‍ സൈക്കിള്‍ റാലിയും നടത്തി.
ഒന്നര വര്‍ഷം മാത്രമാണ് പടിയാരംപറമ്പില്‍ അച്ചന്‍ നെട്ടൂര്‍ വികാരിയായിരുന്നത്. വളരെയധികം സാമ്പത്തിക ബാദ്ധ്യതയുണ്ടായിരുന്ന ഇടവകയ്ക്ക് ബാദ്ധ്യത തീര്‍ത്ത് മുപ്പത്തിയയ്യായിരം രൂപയോളം അച്ചന്‍ നീക്കിയിരിപ്പുണ്ടാക്കി.

മദ്യത്തിനെതിരെ

        മദ്യവും അതു മൂലമുള്ള ദുരിതങ്ങളും നെട്ടൂരിനെ നന്നായി ബാധിച്ചിരുന്നു. വടക്കേ കോളനി കേന്ദ്രീകരിച്ച് നടന്നിരുന്ന വ്യാജ മദ്യവില്‍പ്പനയ്‌ക്കെതിരെ യുവജനങ്ങളെയും പിന്നീട് ജാതിമതഭേദമെന്യേ നാട്ടുകാരേയും സംഘടിപ്പിച്ച്  ഫാ. സഖറിയാസ് പാവനത്തറ (1989-92) നടത്തിയ സമരങ്ങള്‍ നെട്ടൂരിന്റെ തന്നെ ചരിത്ര ഭാഗമാണ്. മദ്യലോബിക്കെതിരെ അച്ചനും ചെറുപ്പക്കാരും പല രാത്രികളിലും ഉറക്കമൊഴിച്ചു പോലും ജാഗരൂകരായിരുന്നു.
ഇടവക പള്ളി സ്ഥലത്തിന് മതില്‍ കെട്ടിയതും മൃതദേഹം കൊണ്ടു പോകുന്നതിന് ഒരു വണ്ടി പണിതതും സഖറിയാസ് അച്ചന്റെ കാലത്താണ്. പ്രവര്‍ത്തനരഹിതമായിരുന്ന പാരിഷ് കൗണ്‍സില്‍ അച്ചന്‍ പുനഃസംഘടിപ്പിച്ചു. കുടുംബ യൂണിറ്റ്, ഇടവകയില്‍ പ്രവര്‍ത്തിച്ചിരുന്ന സംഘടനകള്‍ തുടങ്ങിയവരുടെ പ്രതിനിധികള്‍ പാരിഷ് കൗണ്‍സിലില്‍ ഉണ്ടായിരുന്നു.
തുടര്‍ന്ന് വികാരിയായി വന്ന ഫാ. ജോസഫ് അല്‍ഫോണ്‍സ് പുത്തന്‍വീട്ടില്‍ (1992-95) ഇടവകയിലെ വിവിധ രജിസ്റ്ററുകളും രേഖകളും ക്രമത്തോടെ ചിട്ടപ്പെടുത്തി.

മാടവന സെന്റ് സെബാസ്റ്റിന്‍ കപ്പേള, പള്ളി

        1975 ല്‍ പനങ്ങാട് പള്ളിയുടെ കീഴിലുള്ള മാടവനയിലെ സെന്റ് സെബാസ്റ്റിയന്‍ കപ്പേള (St. Sebastian's shrine)വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കേളന്തറയുടെ നിര്‍ദ്ദേശപ്രകാരം കുന്നത്തൂരച്ചന്‍ നെട്ടൂര്‍ ഇടവകയിലേക്ക് ഏറ്റെടുത്തു.
മാടവന പ്രദേശവാസികളുടെ ദീര്‍ഘകാല സ്വപ്‌നമായ മാടവന സെന്റ് സെബാസ്റ്റിയന്‍ ദേവാലയ നിര്‍മ്മാണം ആരംഭിച്ചതും പൂര്‍ത്തീകരിച്ചതും അല്‍ഫോണ്‍സച്ചന്റെ ശ്രമഫലമായിട്ടാണ്. പള്ളിപണി കമ്മിറ്റിക്ക് നിര്‍മ്മാണ കാര്യങ്ങളില്‍ തികഞ്ഞ സ്വാതന്ത്ര്യം  അച്ചന്‍ നല്‍കിയിരുന്നു. 1993 ജനുവരി 23 ന് ദേവാലയത്തിന്റെ ശിലാസ്ഥാപനവും 1995 ഫെബ്രുവരി 17 ന് ആശീര്‍വാദവും നടന്നു. രണ്ട് കര്‍മ്മങ്ങളും നടത്തിയത് വരാപ്പുഴ ആര്‍ച്ച് ബിഷപ് ഡോ. കൊര്‍ണേലിയൂസ് ഇലഞ്ഞിക്കലാണ് ( വിശദമായി 'മാടവനവിശ്വാസ സാക്ഷ്യമായി പുതിയ ഇടവക' എന്ന ബ്ലോഗില്‍  നല്‍കിയിരിക്കുന്നു)
      
     കാലപ്പഴക്കം കൊണ്ട് കോണ്‍ക്രീറ്റുകള്‍ പൊളിഞ്ഞിരുന്ന ഇടവക വൈദിക മന്ദിരം അല്‍ഫോണ്‍സച്ചന്‍ അറ്റകുറ്റപ്പണികള്‍ നടത്തുകയുണ്ടായി. അതിരൂപതയില്‍ നിന്നും മെയിന്റനന്‍സിനായി ഒരു ലക്ഷം രൂപയോളം നല്‍കി.

ജൂബിലിയുടെ നിറവില്‍....

        1995 ല്‍ ഇപ്പോഴത്തെ ഇടവകപ്പള്ളി നിര്‍മ്മിച്ച് ആശീര്‍വദിച്ചിട്ട് 25 വര്‍ഷങ്ങള്‍ തികയുന്ന കാലം. ജൂബിലി ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് ഫാ. ജസ്റ്റിന്‍ ആട്ടുള്ളിയായിരുന്നു. ഈ അവസരത്തിലാണ് നെട്ടൂര്‍ ഇടവകയ്ക്ക് ഒരു സഹവികാരിയെ ലഭിക്കുന്നത്. ആദ്യ സഹവികാരിയായി ഫാ. ജോബി അശീതുപറമ്പില്‍ ഇടവകയിലെത്തി. ഇടവകയിലെ മറ്റ് പള്ളികളില്‍ കൂടുതല്‍ ദിവസങ്ങളില്‍ ദിവ്യബലിയര്‍പ്പിക്കുവാനുള്ള സാഹചര്യവുമായി. ഇടവകപ്പള്ളിയില്‍ മതപഠന കുട്ടികള്‍ക്ക് പ്രത്യേകം ദിവ്യബലിയും തുടങ്ങി.
ജൂബിലി ആഘോഷങ്ങള്‍ 1995 സെപ്തംബര്‍ 27 മുതല്‍ 1996 മെയ് ഒന്നുവരെ നീണ്ടു നിന്നു. സെപ്തംബര്‍ 27 ന് വൈകീട്ട് 150 നടുത്ത് യുവജനങ്ങള്‍ സൈക്കിളില്‍ റാലിയായി വിശുദ്ധ കുരിശിന്റെ ദേവാലയത്തില്‍ നിന്നും സെന്റ് ആന്റണീസ്, മാടവന സെന്റ് സെബാസ്റ്റിയന്‍ ദേവാലയങ്ങള്‍ സന്ദര്‍ശിച്ച് ഇടവക ദേവാലയത്തില്‍ എത്തിച്ചേര്‍ന്നു. നാല് ദേവാലയങ്ങളിലും ജൂബിലി പതാകകള്‍ ഉയര്‍ത്തി. തുടര്‍ന്ന് ഇടവക ദേവാലയത്തില്‍ മുഖ്യ കാര്‍മ്മികനായ അതിരൂപത പ്രോ-വികാരി ജനറല്‍ ഡോ. ജോസഫ് എട്ടുരുത്തില്‍ ദിവ്യബലിയര്‍പ്പിച്ചുകൊണ്ട് ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനംചെയ്തു.
        ഒക്‌ടോബര്‍ 29 ന് ജപമാല സമാപനത്തിന്റെ ഭാഗമായി വിശുദ്ധ കുരിശിന്റെ ദേവാലയ ത്തില്‍നിന്നും സെന്റ് സെബാസ്റ്റിയന്‍ ദേവാലയത്തില്‍നിന്നും ആരംഭിച്ച മരിയന്‍ റാലി എസ്.എന്‍. ജംഗ്ഷനില്‍ ഒത്തുചേര്‍ന്ന് വിമലഹൃദയ ദേവാലയത്തില്‍ എത്തിച്ചേര്‍ന്നു. തുടര്‍ന്ന് ദിവ്യബലി അര്‍പ്പിച്ചു.
        ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വേളാങ്കണ്ണി തീര്‍ത്ഥയാത്ര, നവീകരണ ധ്യാനങ്ങള്‍, ക്രിസ്മസ് നൈറ്റ്, കരോള്‍ ഗാനമേള, പുല്‍ക്കൂട്, നക്ഷത്ര വിളക്ക് മത്സരങ്ങള്‍, സെമിനാറുകള്‍, ചര്‍ച്ചകള്‍, കലാ കായിക സാഹിത്യ മത്സരങ്ങള്‍, വോളിബോള്‍ ടൂര്‍ണമെന്റ് തുടങ്ങിയവ നടത്തി.
ഇതിനേക്കാള്‍ പ്രാധാന്യം ഇടവകയുടെ കൂട്ടായ്മ വളര്‍ത്തുന്നതിനായി കുടുംബ യൂണിറ്റുകള്‍ പുനഃസംഘടിപ്പിച്ചതാണ്. വികാരി ഫാ. ജസ്റ്റിന്‍ ആട്ടുള്ളിലിന്റേയും സഹവികാരി ഫാ. ജോബി അശീതുപറമ്പിലിന്റേയും നേതൃത്വത്തില്‍ ഇടവകയിലെ ഓരോ വീടും സന്ദര്‍ശിച്ച് കുടുംബത്തേയും കുടുംബാംഗങ്ങളേയും മറിയത്തിന്റെ വിമലഹൃദയത്തിന് പ്രതിഷ്ഠിക്കുകയും ചെയ്തു. കുടുംബ സന്ദര്‍ശന ദിവസം തന്നെ ഓരോയിടത്തുമായി കുടുംബയൂണിറ്റുകള്‍ രൂപീകരിച്ചു. ഓരോ യൂണിറ്റിനും ഓരോ വിശുദ്ധരുടേയും പേരുകള്‍ നല്‍കി. ആറ് ബ്ലോക്കുകളിലായി 35 കുടുംബ യൂണിറ്റുകള്‍.
        ജൂബിലി വര്‍ഷത്തെ ക്രിസ്മസ് പാതിരാ കുര്‍ബ്ബാനയ്ക്കു ശേഷം കെ.സി.വൈ.എമ്മിന്റെ നേതൃത്വ ത്തില്‍ അമ്പതിലേറെ യുവാക്കള്‍ ഒത്തുചേര്‍ന്ന് ജോണ്‍സണ്‍ മങ്ങഴ സംഗീതം നല്‍കിയ കരോള്‍ ഗാനങ്ങള്‍ ആലപിച്ചു. തുടര്‍ന്ന് ജോര്‍ജ് കളരിക്കല്‍ രചിച്ച് സംവിധാനം ചെയ്ത 'യേശുവിനെ കാണാന്‍' എന്ന ബൈബിള്‍ നാടകം അവതരിപ്പിച്ചു. ദേവാലയ പരിസരത്ത് രജതജൂബിലിയെ പ്രതിനിധീകരിച്ച് 25 നക്ഷത്രവിളക്കുകള്‍ പ്രകാശിപ്പിച്ചു.
        ജൂബിലിയുടെ മറ്റൊരു സ്മാരകമായി വിമല നഴ്‌സറി സ്ഥിതി ചെയ്യുന്ന സ്ഥലത്തിന് തെക്കു പടിഞ്ഞാറെ മൂലയിലായി വിമലഹൃദയ മാതാവിന്റെ ഒരു ഗ്രോട്ടോ പണി തീര്‍ത്തു. ഗ്രോട്ടോയുടെ ശിലാസ്ഥാപനം വികാരി ഫാ. ജസ്റ്റിന്‍ ആട്ടുള്ളില്‍ 1996 ഫെബ്രുവരി 11 ന് നിര്‍വഹിച്ചു. വരാപ്പുഴ ആര്‍ച്ച്ബിഷപ്പ് ഡോ. കൊര്‍ണേലിയൂസ് ഇലഞ്ഞിക്കല്‍ ജൂബിലി സമാപന ദിനമായ മെയ് ഒന്നിന് ഗ്രോട്ടോ ആശീര്‍വദിച്ചു.
        ഇടിഞ്ഞു പൊളിഞ്ഞ് തകര്‍ന്നുകിടന്നിരുന്ന ഒരു സ്‌റ്റേജാണ് (അടിത്തറ മാത്രം) പള്ളിക്കുണ്ടാ യിരുന്നത്. പരിപാടികള്‍ നടത്തുന്നതിന് ഈ സ്‌റ്റേജ് സൗകര്യങ്ങള്‍ അപര്യാപ്തമായിരുന്നു. ജൂബിലി സ്മാരകമായി പഴയ സ്‌റ്റേജ് പൊളിച്ച് കരിങ്കല്ലുകള്‍കൊണ്ട് പുതിയ ഒരു സ്‌റ്റേജ് (അടിത്തറ) ഉണ്ടാക്കി. വികാരി ഫാ. ജസ്റ്റിന്‍ ആട്ടുള്ളില്‍ 1996 മാര്‍ച്ച് മൂന്നിന് സ്‌റ്റേജിന്റെ കല്ലിടല്‍ കര്‍മ്മം നിര്‍വഹിച്ചു. ജൂബിലി സമാപന ദിനത്തില്‍ മെയ് ഒന്നിന് ഡോ. കൊര്‍ണേലിയൂസ് ഇലഞ്ഞിക്കല്‍ ആശീര്‍വാദം നടത്തുകയും ചെയ്തു.
        ജൂബിലി ആഘോഷങ്ങള്‍ മെയ് ഒന്നിന് സമാപിച്ചു. ആര്‍ച്ച്ബിഷപ്പ് കൊര്‍ണേലിയസ് ഇലഞ്ഞിക്കലിന്റെ മുഖ്യകാര്‍മ്മികത്വത്തിലുള്ള ദിവ്യബലി മദ്ധ്യേ കുടുംബ യൂണിറ്റുകളുടെ ഉദ്ഘാടനം നടത്തി. ദിവ്യബലിക്കുശേഷം നടത്തിയ ജൂബിലി സമാപന സമ്മേളനത്തോടെ ജൂബിലി ആഘോഷങ്ങള്‍ സമാപിച്ചു.
        ജൂബിലി സ്മാരകമായി ഒരു സ്മരണിക പിന്നീട് പ്രസിദ്ധീകരിച്ചു. നെട്ടൂര്‍ വിമലഹൃദയ ദേവാലയ സില്‍വര്‍ ജൂബിലി സ്മരണിക.
        ജൂബിലി ആഘോഷങ്ങള്‍ക്ക് 1995 ആഗസ്റ്റ് 15 ന് കമ്മിറ്റി രൂപീകരിച്ചിരുന്നു. ഫാ. ജസ്റ്റിന്‍ ആട്ടുള്ളില്‍ (ചെയര്‍മാന്‍), എന്‍.സി. ജോബ്, ടി.പി. ആന്റണി (വൈസ് ചെയര്‍മാന്‍മാര്‍), കെ.ജി. തോമസ് (ജനറല്‍ കണ്‍വീനര്‍), ടി.എ. ജസ്റ്റിന്‍ (ജോയിന്റ് ജനറല്‍ കണ്‍വീനര്‍), എന്‍.ആര്‍. റോബര്‍ട്ട്, എം.എസ്. അഗസ്റ്റിന്‍, ബെന്‍സി മാര്‍ട്ടിന്‍, ജോസഫ് ഷാജി, കെ.എക്‌സ്.തോമസ്, എന്‍.സി. ആന്റണി, എന്‍.ജി. ടോമി, അലോഷ്യസ് ഡിസൂസ, എന്‍.ആര്‍. അലക്‌സ്, കെ.സി. ആഞ്ചലോസ് (കണ്‍വീനര്‍മാര്‍) എന്നിവരടങ്ങിയതായിരുന്നു ആഘോഷ കമ്മിറ്റി.

ആദ്യ ദേവാലയം ഓര്‍മ്മയാകുന്നു

        ഇതിനകം നെട്ടൂരിലെ ആദ്യ ദേവാലയം കാലപ്പഴക്കം കൊണ്ട് ജീര്‍ണാവസ്ഥയിലായി. വെണ്ടുരുത്തിയില്‍നിന്നും പൊളിച്ചുകൊണ്ടുവന്ന സ്‌കൂള്‍ കെട്ടിടത്തിന്റെ സാമഗ്രികള്‍കൊണ്ട് നിര്‍മ്മിച്ച പള്ളിക്ക് അധികകാലം-അതിന്റെ  സുവര്‍ണ്ണ ജൂബിലി വരെയെങ്കിലും നിലനില്‍ക്കാനായില്ല. കിഴക്കുവശത്തെയും പടിഞ്ഞാറുവശത്തെയും വിംഗുകള്‍; മേല്‍ക്കൂരയും ചുമരും തകര്‍ന്നതിനെത്തുടര്‍ന്ന് നേരത്തേതന്നെ സെബാസ്റ്റിയന്‍ കുന്നത്തൂരച്ചന്റെ കാലത്ത് പൊളിച്ചുമാറ്റി അറ്റകുറ്റപ്പണികള്‍ തീര്‍ത്തിരുന്നു. പള്ളിയുടെ കുരിശാകൃതി അങ്ങനെ നഷ്ടമായി. 49 വര്‍ഷങ്ങളായപ്പോഴേയ്ക്കും പള്ളിയുടെ  ചുവരുകള്‍ പൊട്ടുവാനും മേല്‍ക്കൂര ചോരുവാനും തുടങ്ങി. ഈ സാഹചര്യത്തില്‍ പള്ളി പൊളിച്ച് പുതിയത് നിര്‍മ്മിക്കുക മാത്രമേ നിവൃത്തിയുള്ളൂ. പക്ഷെ അത്രയ്‌ക്കൊന്നും സമ്പന്നമല്ലാത്ത ഇടവകയ്ക്ക് ഒരു പള്ളിയുടെ പണികൂടി താങ്ങാന്‍ പറ്റുമായിരുന്നില്ല.
        ഫാ. ജസ്റ്റിന്‍ ആട്ടുള്ളിലിന്റെ കാലത്ത് (1995-99) ചേരാനെല്ലൂരിലെ പാഷണിസ്റ്റ് സിസ്‌റ്റേഴ്‌സ് നെട്ടൂരില്‍ ഒരു സന്ന്യാസ മഠം പണിയുന്നതിനായി ഒരുക്കങ്ങളാരംഭിച്ചു. മഠത്തിന് സ്ഥലം കണ്ടെത്തിയത് വി. കുരിശിന്റെ ദേവാലയത്തോടനുബന്ധിച്ചായിരുന്നു.
ഒന്നര ഏക്കര്‍ സ്ഥലം സന്ന്യാസ സമൂഹത്തിന് മഠം പണിയുന്നതിനായി 1997-ല്‍ വിലയ്ക്ക് കൊടുത്തു. ആ തുകയും പോരാത്തത് ഇടവകാംഗങ്ങളില്‍ നിന്നും പിരിവെടുത്തും പള്ളിപണി തുടങ്ങാന്‍  തീരുമാനമായി. പള്ളിപണി കൂടാതെ വൈദിക മന്ദിര നിര്‍മ്മാണം, കിഴക്കുഭാഗത്തുള്ള പാടം നികത്തല്‍, മതില്‍ കെട്ടല്‍ തുടങ്ങിയവ കൂടി ഉദ്ദേശിച്ചിരുന്നു.
        വി. കുരിശിന്റെ ദേവാലയത്തില്‍ 1996 ഏപ്രില്‍ 7 ന് കൂടിയ ഇടവക പൊതുയോഗത്തില്‍ വെച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ഫാ. ജസ്റ്റിന്‍ ആട്ടുള്ളില്‍ (പ്രസിഡന്റ്), ഫാ. ജോബി അശീതുപറമ്പില്‍ (വൈസ് പ്രസിഡന്റ്), എന്‍.ജി. ജോര്‍ജ് (സെക്രട്ടറി), എം.എസ്. അഗസ്റ്റിന്‍ (ജോ. സെക്രട്ടറി), കെ.എ. സേവ്യര്‍ (ഖജാന്‍ജി), കെ.എ. ബെയ്‌സില്‍, കെ.ജെ. അഗസ്റ്റിന്‍, പി.വി. സേവ്യര്‍, സി.ജെ. ജോര്‍ജ് (നിര്‍മ്മാണ കമ്മിറ്റിയംഗങ്ങള്‍), എന്‍.സി. ആന്റണി, ടി.എസ്. പൗലോസ്, സി.വി. ആന്റണി, ടി.ജെ. ജോണ്‍സണ്‍ (എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങള്‍), കെ.എ. ആന്‍ഡ്രൂസ്, ടി.എസ്. ജോസഫ്, സി.എ. പീറ്റര്‍, പംക്രേഷ്യസ് വാസ്, എം.എ. ഡയസ്, അലോഷ്യസ് ഡിസൂസ, എം.എസ്. മാനുവല്‍, എന്‍.ജെ. ജോര്‍ജ്, കെ.എക്‌സ്. സെബാസ്റ്റിയന്‍, കെ.സി. ആഞ്ചലോസ്, ടി.എ. ജസ്റ്റിന്‍, വി.ടി. ജോസഫ്, സേവ്യര്‍ പുത്തന്‍വീട്ടില്‍, ജോസഫ് പനക്കല്‍ (കമ്മിറ്റിയംഗങ്ങള്‍) എന്നിവരുള്‍പ്പെടെയുള്ള ഒരു കമ്മിറ്റി രൂപീകരിച്ചു. 1996 സെപ്റ്റംബറില്‍ പള്ളിപണി പൂര്‍ത്തിയായി.
        വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. കൊര്‍ണേലിയൂസ് ഇലഞ്ഞിക്കല്‍ 1996 സെപ്തംബര്‍ 12 ന് പള്ളിയുടെ ശിലാസ്ഥാപനവും 1997 മെയ് 30 ന് ദേവാലയാശീര്‍വ്വാദവും നടത്തി. ആശീര്‍വ്വാദം കഴിഞ്ഞ് അധികനാള്‍ കഴിയും മുമ്പ് പഴയ ദേവാലയം, നെട്ടൂരിലെ ആദ്യ ക്രൈസ്തവ ദേവാലയം പൊളിച്ചുമാറ്റി. പഴയ വടക്കെ പള്ളിക്കു പകരം പുതിയ വടക്കെ പള്ളി വന്നു. പുതിയ ദേവാലയത്തിന് ഒരു കൊടിമരം പിന്നീട് ചെട്ടിവീട്ടില്‍ സി.പി. ആന്റണിയുടെ ഓര്‍മ്മയ്ക്കായി അദ്ദേഹത്തിന്റ കുടുംബം നിര്‍മ്മിച്ചു നല്കി.

ഇടവക സുവര്‍ണ്ണ ജൂബിലി

        1997 ഡിസംബര്‍ 27 ന് ആദ്യ ക്രൈസ്തവ ദേവാലയ ആശീര്‍വാദത്തിന്റേയും നെട്ടൂര്‍ ഇടവക രൂപം കൊണ്ടതിന്റേയും 50 വര്‍ഷം തികഞ്ഞു. ആ മാസം 10-ാം തീയതി വളരെ ലളിതമായി നെട്ടൂരിലെ ആദ്യ ദേവാലയത്തിന്റെ, ഇടവകയുടെ സുവര്‍ണ്ണ ജൂബിലി നടത്തി. ചരിത്ര സെമിനാര്‍, പൊതുയോഗം, കലാപരിപാടികള്‍ തുടങ്ങിയവ നടത്തി. വരാപ്പുഴ വികാരി ജനറാള്‍ മോണ്‍. ജോയി കളത്തിപ്പറമ്പില്‍ ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു.

വിമലദീപ്തി: അറിയുവാനും അറിയിക്കുവാനും

        നെട്ടൂരില്‍ നിന്നും ഒരു ഇടവക ബുള്ളറ്റിന്‍ പ്രസിദ്ധീകരിക്കുന്നത് 1997 ലാണ്.
കുടുംബ യൂണിറ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുക, ഇടവക, കുടുംബയൂണിറ്റ് പ്രവര്‍ത്തനങ്ങള്‍ പ്രസിദ്ധീകരിക്കുക, ബൈബിള്‍, തിരുസഭ, സമൂഹം തുടങ്ങിയ വിഷയങ്ങളില്‍ ഇടവകാംഗങ്ങളെ ബോധവത്കരിക്കുക, ആനുകാലിക പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുക തുടങ്ങിയവയായിരുന്നു ബുള്ളറ്റിന്‍ പ്രസിദ്ധീകരിക്കുന്നതിന്റെ ലക്ഷ്യങ്ങള്‍.
കുടുംബ യൂണിറ്റിന്റെ നേതൃത്വത്തില്‍ രണ്ട് മാസത്തിലൊരിക്കല്‍ 'വിമലദീപ്തി' എന്ന പേരില്‍ ബുള്ളറ്റിന്‍ പ്രസിദ്ധീകരിച്ചിരുന്നു. 1997 ഫെബ്രുവരിയില്‍ ഒന്നാം ലക്കം പ്രസിദ്ധീകരിച്ചു. ഒരു വര്‍ഷത്തിലേറെയായി 9 ലക്കങ്ങള്‍ പ്രസിദ്ധീകരിച്ചു.
ഫാ. ജസ്റ്റിന്‍ ആട്ടൂള്ളില്‍, ഫാ. ജോബി അശീതുപറമ്പില്‍ (പിന്നീട് ഫാ. ജോസഫ് വാകയില്‍, ഫാ. ആന്റണി അറക്കല്‍), അഡ്വ. സി.വി. ആന്റണി, കെ.എക്‌സ്. തോമസ്, സോമു ജേക്കബ്, എം.എസ്. അഗസ്റ്റിന്‍, എന്‍.സി. അഗസ്റ്റിന്‍ (ചീഫ് എഡിറ്റര്‍) തുടങ്ങിയവരായിരുന്നു പത്രാധിപ സമിതി അംഗങ്ങള്‍.

മരിച്ചവര്‍ക്കായി കല്‍ക്കുഴികള്‍

        ഇടവക സെമിത്തേരിയില്‍ ഏതാനും കല്‍ക്കുഴികള്‍ ഉണ്ടായിരുന്നു. ഇത് പള്ളിക്ക് നിശ്ചിത തുക നല്‍കി അതാത് വീട്ടുകാര്‍ അവരുടെ കുടുംബാംഗങ്ങള്‍ക്കു വേണ്ടി പണികഴിപ്പിച്ച കുടുംബ കല്ലറകളായിരുന്നു. മറ്റുള്ളവരുടെ മൃതദേഹവും അതടങ്ങിയ പെട്ടിയും സാദാ കുഴി വെട്ടി അതില്‍ അടക്കം ചെയ്യുകയായിരുന്നു.
വിശുദ്ധ കുരിശിന്റെ പുതിയ പള്ളി പണി തീര്‍ന്ന് ഏതാണ്ട് പതിനായിരത്തോളം ഇഷ്ടികകള്‍ ബാക്കിയുണ്ടായിരുന്നു. ഇത് വടക്ക് മേട പണിയുന്നതിനു വേണ്ടി കരുതിയിരുന്നതാണ്. പല കാരണങ്ങളാല്‍ മേട പണി നടക്കാതെ വന്നതിനാല്‍ ഈ ഇഷ്ടികകള്‍ കൊണ്ട് സെമിത്തേരിയില്‍ പൊതു കല്ലറകള്‍ പണിയാമെന്ന് തീരുമാനിച്ചു. ഫാ. ജോസഫ് വാകയില്‍ (1999-2001) വികാരിയായിരിക്കുമ്പോള്‍ പത്ത് പതിനഞ്ച് കല്‍ക്കുഴികള്‍ അങ്ങനെ നിര്‍മ്മിച്ചു. പിന്നീട് ഫാ. മാത്യു ഡിക്കൂഞ്ഞ (2001-05) ഏതാനും കല്‍ക്കുഴികള്‍ കൂടി പണിയുകയുണ്ടായി. ഇപ്പോള്‍ 20 സ്വകാര്യ കല്ലറകളും 103 പൊതു കല്ലറകളുമാണ് സെമിത്തേരിയില്‍ ഉള്ളത്. 50 നടുത്ത് കല്ലറകള്‍ക്കുകൂടി സ്ഥലം ഇനിയുമുണ്ട്.

ഇടവകയില്‍ നവീകരണം തുടങ്ങുന്നു

        ദേവാലയത്തിനോടും ദേവാലയ പരിസരത്തോടും പ്രകൃതിയോട് ചേര്‍ന്നു നില്‍ക്കുന്നതും സൗന്ദര്യാത്മകവുമായ ഒരു കാഴ്ചപ്പാട്  ഫാ. മാത്യു ഡിക്കൂഞ്ഞയ്ക്ക് ഉണ്ടായിരുന്നു.
പല നിറങ്ങൡ പെയിന്റടിച്ചിരുന്ന ദേവാലയത്തിന്റെ പുറം മുഴുവന്‍ ഒരൊറ്റ നിറത്തില്‍ ഇഷ്ടിക വര്‍ണ്ണത്തിലാക്കി. ദേവാലയ പരിസരം വൃത്തിയാക്കി, ധാരാളം ചെടികള്‍ വെച്ചു പിടിപ്പിച്ചു. താമരക്കുളം, പുല്‍ത്തകിടി, ഫൗണ്ടന്‍, ഇരിക്കുവാനുള്ള ബെഞ്ചുകള്‍ ഒക്കെ നിര്‍മ്മിച്ച് മനോഹരമാക്കി. നല്ലൊരു പൂന്തോട്ടത്തിന്റെ നടുവിലെ ദേവാലയം... കായലോരത്തെ സ്വതവേ ഫോട്ടോജനിക്കായ പള്ളിയും പള്ളിയങ്കണവും കൂടുതല്‍ മനോഹരമായി.
തോട്ടം സംരക്ഷിക്കുന്നതിന് കപ്യാര്‍ക്ക് ശമ്പളത്തിനു പുറമേ ചെറിയൊരു തുക കൂടി നല്‍കി ചുമതലപ്പെടുത്തിയിരുന്നു.
        ദേവാലയത്തിന്റെ അള്‍ത്താരച്ചുവര്‍ വുഡ് പാനലിങ്ങും  മേല്‍ഭാഗം ഫൈബര്‍ പാനലിങ്ങും ചെയ്തു മനോഹരമാക്കി. തെക്കുഭാഗത്തെയും വടക്കുഭാഗത്തെയും കിഴക്കുവശത്തെ വാതിലുകള്‍ മാറ്റി വുഡ് പാനലിങ്ങ് നടത്തി തെക്ക് ഭാഗത്ത് സെന്റ് ജൂഡിന്റെയും വടക്കുഭാഗത്ത് ഫ്രാന്‍സിസ് അസ്സീസിയുടേയും സ്വരൂപങ്ങള്‍ പ്രതിഷ്ഠിക്കുകയുണ്ടായി.
കൊടിമരത്തിനോടുചേര്‍ന്ന് ഫൗണ്ടനും ചെറിയ ജലാശയവുമായി പരിശുദ്ധ കന്യകാമറിയത്തിന്റെ ഒരു ഗ്രോട്ടോ നിര്‍മ്മിച്ചു.
        2004 ആയപ്പോഴേയ്ക്കും വൈദിക മന്ദിരം കാലപ്പഴക്കത്താല്‍ ജീര്‍ണാവസ്ഥയിലായിരുന്നു. മേടയുടെ അറ്റകുറ്റപ്പണികള്‍ നടത്തുകയും മേടയുടെ മുകളിലായി രണ്ട് മുറികള്‍ പണിയുകയും ചെയ്തു. മേടയുടെ ബാക്കി മുകള്‍ ഭാഗത്ത് ട്രസ്സ് വര്‍ക്ക് നടത്തി ഷീറ്റ് ഇടുകയും ചെയ്തു.
വിശുദ്ധ കുരിശിന്റെ ദേവാലയവും പരിസരവും തോട്ടപ്പനകളും മറ്റ് പൂച്ചെടികളും കൊണ്ട് മനോഹരമാക്കി. സെമിത്തേരി കിഴക്കുഭാഗത്തേക്ക് കുറച്ചുകൂടി നീട്ടി മതിലും പുതിയ പടിവാതിലും ഒരു പടിപ്പുരയും നിര്‍മ്മിച്ചു. സെമിത്തേരിക്ക് നടുവിലൂടെ ഗെയ്റ്റ് മുതല്‍ കുരിശുരൂപംവരെ നടപ്പാത പണിയുകയും പാതയ്ക്കിരു വശത്തും പൂച്ചെടികള്‍ വെച്ചു പിടിപ്പിക്കുകയും ചെയ്തു. (സെമിത്തേരിയിലെ ക്രൂശിത രൂപവും ഗ്രോട്ടോയും 1990 ഏപ്രില്‍ 4 ന് മൂന്നുകൂട്ടുങ്കല്‍ പാസ്‌ക്കല്‍ തന്റെ പിതാവായ കാക്കോയുടെ സ്മാരകമായി പണിത് നല്‍കിയതാണ്).

ചുറ്റുമതില്‍, ഗ്രോട്ടോകള്‍

        വിശുദ്ധ കുരിശിന്റെ ദേവാലയത്തിന് ചുറ്റുമതില്‍പണിത് ദേവാലയ മതിലിന്റെ കിഴക്ക് തെക്കേ മൂലയിലും വടക്കുപടിഞ്ഞാറ് മൂലയിലും ഓരോ ഗ്രോട്ടോകള്‍ പണിയുകയുണ്ടായി. യഥാക്രമം സെന്റ് ആന്റണിയുടേയും സെന്റ് ജോര്‍ജിന്റേയും സ്വരൂപങ്ങള്‍ ഗ്രോട്ടോകളില്‍ പ്രതിഷ്ഠിച്ചു. 2004 ഫെബ്രുവരി 7 ന് ഗ്രോട്ടോകള്‍ ഫാ. മാത്യു ഡിക്കൂഞ്ഞ ആശീര്‍വദിച്ചു. (ഈ സ്വരൂപങ്ങള്‍ ആദ്യ ദേവാലയത്തില്‍ തന്നെ ഉണ്ടായിരുന്നവയാണ്. സെന്റ് ജോര്‍ജിന്റേയും സെന്റ് ആന്റണിയുടേയും  സ്വരൂപങ്ങള്‍ യഥാക്രമം കൊയ്ക്കാരംപറമ്പില്‍ ജോര്‍ജും തട്ടാശ്ശേരി പൗലോസും നല്കിയതാണ്.)
യൗസേപ്പിതാവിന്റെ 2001-ലെ നേര്‍ച്ചസദ്യയുടെ നീക്കിയിരിപ്പ് ഉപയോഗിച്ച് ഇടവകപ്പള്ളിക്ക് ഒരു ജനറേറ്റര്‍ വാങ്ങിക്കുകയുണ്ടായി. കുറേ നാളുകള്‍ക്കുശേഷം കുരിശിന്റെ പള്ളിക്കുവേണ്ടിയും ഒരു ജനറേറ്റര്‍ വാങ്ങിച്ചു.
        കുരിശിന്റെ പള്ളി സങ്കീര്‍ത്തിക്ക് മുകളിലായി ഒരു ചെറിയ ഹാള്‍ പള്ളി പണിയുമ്പോള്‍ തന്നെ നിര്‍മ്മിച്ചിരുന്നു. എന്നാല്‍ ഒരു സ്‌റ്റെയര്‍ കേസ് പണിതിരുന്നില്ല. ഇതിനിടെ പള്ളി സ്ഥലത്തിന് വെളിയിലായി 600 ലിങ്‌സ് സ്ഥലം, കോണ്‍വെന്റിനു നല്‍കിയതിനുശേഷം കിടന്നിരുന്നു. 2002-ല്‍ ഈ സ്ഥലം മാര്‍ക്കറ്റ് വിലയ്ക്ക് ഈ സ്ഥലത്തിനോടു ചേര്‍ന്ന് താമസിക്കുന്ന ഇടവകാംഗത്തിന് നല്‍കി. പള്ളിയുടെ മുകളിലെ ഹാളിലേക്ക് സ്‌റ്റെയര്‍ കേസ് പണിയുവാന്‍ ഇതും സഹായകമായി.
മാടവന പള്ളിയില്‍ 2002-ല്‍ ഒരു വികസന സമിതിക്ക് രൂപംകൊടുക്കുകയുണ്ടായി. പള്ളിയോടുചേര്‍ന്ന് രണ്ട് കുടുംബങ്ങളുടെ വക 20 സെന്റ് സ്ഥലം വളരെ നാളത്തെ ശ്രമങ്ങള്‍ക്കുശേഷം 191/2 ലക്ഷം രൂപയ്ക്ക് പള്ളിക്കു വേണ്ടി വാങ്ങിച്ചു. ആ വര്‍ഷം മാടവന പള്ളിയുടെ മുന്‍ ഭാഗം മതില്‍ കെട്ടുകയുണ്ടായി. 2000 ല്‍ ഫാ. ജോസഫ് വാകയിലിന്റെ കാലത്താണ് മതിലിന്റെ തറ കെട്ടിയത്.

കുടുംബ രജിസ്റ്റര്‍

        കുടുംബ യൂണിറ്റുകള്‍ മാസത്തിലൊരിക്കല്‍ നിശ്ചിത തീയതിയില്‍ കൂടുവാന്‍ ആരംഭിച്ചത് മാത്യു ഡിക്കൂഞ്ഞയച്ചന്റെ കാലത്താണ്. കുടുംബ യൂണിറ്റുകളെ ശക്തിപ്പെടുത്തുന്നതിനായി സഹവികാരി ഫാ. ജോജി കുത്തുകാട്ട് (2004-05) ഇടവകയിലെ എല്ലാ വീടുകളും സന്ദര്‍ശിച്ചു.
ഓരോ കുടുംബാംഗങ്ങളുടേയും പേര്, ജനനത്തീയതി, കൂദാശ തീയതികള്‍, കുടുംബയോഗ ഹാജര്‍ തുടങ്ങിയവ രേഖപ്പെടുത്തിയ കുടുംബ രജിസ്റ്ററിനുവേണ്ട വിവരങ്ങള്‍ 2001 മുതല്‍ ശേഖരിച്ചു തുടങ്ങിയിരുന്നു. അപ്പോഴേയ്ക്കും ആറാം ബ്ലോക്ക് (മാടവന) ഇടവക  കേന്ദ്രസമിതിയില്‍നിന്നും വിട്ട് സ്വതന്ത്ര സമിതിയായി മാറിയിരുന്നു. കപ്യാരായ സെബീഷ് തട്ടാശ്ശേരിയും സെബാസ്റ്റിയന്‍ മാപ്പിളശ്ശേരിയുമാണ് രജിസ്റ്റര്‍ മുഴുവന്‍ എഴുതിയത്. രജിസ്റ്ററുകള്‍ അതാത് കുടുംബങ്ങള്‍ക്ക് വിതരണം ചെയ്തു തീര്‍ന്നത് ഫാ. ജോസഫ് ചേലാട്ടിന്റെ (2005-09) കാലത്താണ്.

നവീകരണ ധ്യാനം, സ്റ്റേജ്

        ഇടവകയുടെ ആത്മീയ നവീകരണത്തിനായി 2001 ആഗസ്റ്റ് 5 മുതല്‍ 8 വരെ ഇടവക പള്ളിയില്‍ കുടുംബ നവീകരണ ധ്യാനം നടത്തുകയുണ്ടായി. ധ്യാനത്തിന്റെ ചെലവിലേക്കായി ഓരോരുത്തരും ഒരു ദിവസം ഉപവസിച്ച് അതില്‍നിന്നും ലഭിക്കുന്ന തുക കവറിലിട്ട് ഏല്പിക്കുവാന്‍ എല്ലാ വീടുകളിലേക്കും പള്ളിയില്‍ നിന്നും കവര്‍ എത്തിച്ചു. പ്രതീക്ഷിച്ചതിലും കൂടുതല്‍ തുക ലഭിക്കുകയുണ്ടായി.
        നവീകരണ ധ്യാനം കഴിഞ്ഞ് ബാക്കി വന്ന പണം കൊണ്ട് നിലവിലുള്ള ഇടവക സ്‌റ്റേജിന് മേല്‍ക്കൂര പണിതു. നെടുമ്പറമ്പില്‍ ഹെന്‍ട്രി അലക്‌സാണ് സ്‌റ്റേജിന്റെ ഡിസൈന്‍ ചെയ്തത്. നവീകരണ ധ്യാനത്തോടനുബന്ധിച്ച് വിശുദ്ധ കുരിശിന്റെ ദേവാലയത്തില്‍ മാസാദ്യ വെള്ളിയാഴ്ചകളില്‍ വചന പ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും നടത്തുകയുണ്ടായി. ആദ്യ വചനപ്രഘോഷണം 2001 ജൂണ്‍ ഒന്നിന് ഫാ. മാര്‍ട്ടിന്‍ പൂന്തുറശ്ശേരി നടത്തി.
        പള്ളിക്ക് ഒരു ശവവണ്ടിയുണ്ടായിരുന്നു. ഭാരക്കൂടുതലും തള്ളിക്കൊണ്ടുപോകാനുള്ള അസൗക ര്യവും മൂലം ശവവണ്ടി കാര്യമായി ഉപയോഗിച്ചിരുന്നില്ല. ക്രമേണ അത് ഉപയോഗിക്കാതെയുമായി. ഉപേക്ഷിക്കപ്പെട്ട ഈ ശവവണ്ടിയെ കുറിച്ച് കുടുംബയൂണിറ്റുകളില്‍ ഒരു ഹിതപരിശോധന നടത്തുകയും അതു പ്രകാരം ഇരുമ്പ് വിലയ്ക്ക് വില്‍ക്കുകയും ചെയ്തു.
        ഇടവകപ്പള്ളിയുടെ വടക്കുഭാഗത്തായി മരണഫണ്ടും വിന്‍സെന്റ് ഡി പോള്‍ സംഘവും പ്രവര്‍ ത്തിക്കുന്ന കെട്ടിടത്തില്‍ ഒരു മുസ്ലീം കുടുംബം വര്‍ഷങ്ങളായി താമസിച്ചിരുന്നു. 2001-ല്‍ വീട്ടുകാരുമായി ചര്‍ച്ച ചെയ്ത് മാന്യമായ ഒരു തുക നല്‍കി അവരെ വാടക ഒഴിപ്പിച്ചു.

ഹോളിക്രോസ് ഹാള്‍

        മൂന്നു പള്ളികളും രണ്ട് കപ്പേളകളുമുണ്ടായിരുന്നുവെങ്കിലും ഇടവക സെമിത്തേരി വടക്ക് വി. കുരിശിന്റെ പള്ളിയിലാണ്. തെക്ക് മാടവന മുതലുള്ളവര്‍ക്ക് മരണാനന്തര ചടങ്ങുകള്‍ക്ക് വി. കുരിശിന്റെ പള്ളിയിലെത്തണം. അതുകഴിഞ്ഞ് സ്‌നേഹവിരുന്നിനായി അതാത് വീടുകളിലോ ഇടവക ഹാളിലോ എത്തുകയെന്നത് വളരെ അസൗകര്യമായിരുന്നു.
ഈ സാഹചര്യത്തിലാണ് വി. കുരിശിന്റെ പള്ളിയുടെ തെക്കുഭാഗം ചേര്‍ന്ന് ഒരു ഹാള്‍ നിര്‍മ്മിക്കുന്നത്. മരണാനന്തര ചടങ്ങുകളും വിരുന്നും ഒരേ സ്ഥലത്ത് നടത്തുവാനുള്ള സാഹചര്യമായി. വി. കുരിശിന്റെ  പള്ളിയോട് ചേര്‍ന്ന മതബോധന ക്ലാസ്സുകള്‍ നടത്തുന്നതിന് കൂടുതല്‍ സൗകര്യവും ലഭിച്ചു.
        2004 സെപ്തംബര്‍ 17 ന് ഹാളിന്റെ ശിലാസ്ഥാപനവും 2005 ജനുവരി 16 ന് ആശീര്‍വാദവും നടത്തി. 2,23,147 രൂപ നിര്‍മ്മാണ ചെലവായി. ഇടവകക്കാരില്‍നിന്നും കുടുംബയൂണിറ്റുകള്‍ വഴിയുള്ള സംഭാവന, അള്‍ത്താര സംഘം നടത്തിയ കരോള്‍, ക്രിസ്മസ് കാര്‍ഡ് വില്പന, സെന്റ് ജോസഫ്, സെന്റ് മേരീസ് മരണാവശ്യ നിധികളുടെ സംഭാവന, പാഷണിസ്റ്റ് സിസ്‌റ്റേഴ്‌സ് സംഭാവന, പാരിഷ് കൗണ്‍സില്‍ ഫണ്ട്, മാടവന പള്ളിയില്‍നിന്നുള്ള സംഭാവന തുടങ്ങിയവയിലൂടെയാണ് ഹാള്‍ നിര്‍മ്മാണ ഫണ്ട് സ്വരൂപിച്ചത്. ഹാളിന്റെ ട്രസ്സ് വര്‍ക്ക് കൊയ്ക്കാരംപറമ്പില്‍ കെ.ജി. ജോസഫ് പണിക്കൂലി ഒഴിവാക്കി ചെയ്തു.
        ഈ ഹാളിനോട് ചേര്‍ന്ന് ഒരു പാചകപ്പുര ഫാ. ജോര്‍ജ് മംഗലത്ത് മുന്‍കൈയെടുത്ത് 2014 നവമ്പറില്‍ പണിയാരംഭിച്ചു. 2015 ജനുവരിയോടു കൂടി പാചകപ്പുര പണിതീര്‍ന്നു ഉപയോഗിച്ചു തുടങ്ങി.

സ്വര്‍ഗ്ഗീയ നിക്ഷേപ പദ്ധതി

          അക്കാലത്ത് ഇടവകത്തിരുനാള്‍ നടത്തിയിരുന്നത് പ്രസുദേന്തിമാരാണ് എങ്കിലും പള്ളിയുടെ കാലാകാലങ്ങളിലെ ആവശ്യങ്ങള്‍ക്കായി പതിവ് തിരുനാള്‍ പിരിവും നടത്തിയിരുന്നു.
2004 ലെ ഇടവക തിരുനാളിനോടനുബന്ധിച്ച് ''സ്വര്‍ഗ്ഗീയ നിക്ഷേപ പദ്ധതി: തിരുനാളിന് ഒരു ഭവനം'' എന്ന പുതിയ ഒരു പദ്ധതി ആരംഭിച്ചു.
        തിരുനാള്‍ പിരിവും മറ്റ് സംഭാവനകളും കൊണ്ട് രണ്ടാം ബ്ലോക്കിലെ കിടപ്പാടമില്ലാത്ത ഒരു ഇടവകാംഗത്തിന് ഒരു വീടു വെച്ചു നല്‍കി. ഈ വീടിന്റെ ശിലാസ്ഥാപനം 19.3.2004 ല്‍ ഇ.എസ്.എസ്.എസ്. ഡയറക്ടര്‍ ഫാ. മൈക്കിള്‍ തലക്കെട്ടി നിര്‍വഹിച്ചു. 20.1.2005 ല്‍ ആര്‍ച്ച്ബിഷപ്പ് ഡോ. ഡാനിയല്‍ അച്ചാരുപറമ്പില്‍ വീട് ആശീര്‍വദിച്ച് ഭവനത്തിന്റെ താക്കോല്‍ കുടുംബനാഥന് നല്‍കി.
        ഈ പദ്ധതിയില്‍ രണ്ട് വീടുകള്‍ അറ്റകുറ്റപ്പണികള്‍ നടത്തി കൊടുത്തു. വീടു നിര്‍മ്മാണവും അറ്റകുറ്റപ്പണികളും ഏറെക്കുറെ ശ്രമദാനമായി ഇടവകാംഗങ്ങള്‍ നടത്തി. ഡിക്കൂഞ്ഞയച്ചന്റെയും ജോജിയച്ചന്റേയും മികവാര്‍ന്ന നേതൃത്വമാണ് ഈ സംരംഭത്തെ വിജയിപ്പിച്ചത്.

മാടവനയ്ക്ക് പ്രീസ്റ്റ് ഇന്‍ ചാര്‍ജ്

        ഇക്കാലത്താണ് മാടവന വൈദിക മന്ദിരത്തിന്റെ ശിലാസ്ഥാപനവും (19.3.2004) ആശീര്‍വാദവും (20.1.2005) നടക്കുന്നത്.  വൈദികമന്ദിരം ആശീര്‍വാദം കഴിഞ്ഞതോടെ മാടവനയ്ക്ക് 2005 ഫെബ്രുവരി  11  ന് പ്രീസ്റ്റ് ഇന്‍ ചാര്‍ജായി ഒരു വൈദികനെ ലഭിച്ചു- ഫാ. അഗസ്റ്റിന്‍ ഷെല്‍ബിന്‍ വാര്യത്ത്. (കൂടുതല്‍ വിശദമായി  'മാടവന-വിശ്വാസ സാക്ഷ്യമായി പുതിയ ഇടവക' എന്ന ബ്ലോഗില്‍ നല്‍കിയിരിക്കുന്നു).
        ഫാ. മാത്യൂ ഡിക്കൂഞ്ഞയും ഫാ. ജോജി കുത്തുകാട്ടും ആ ഫെബ്രുവരിയില്‍ തന്നെ ഇടവക മാറ്റമായി. തുടര്‍ന്ന് ഫാ. ജോസഫ് ചേലാട്ട് (2005-09) വികാരിയായും ഫാ. ജോസഫ് കാരിക്കശ്ശേരി (2005) സഹവികാരിയായും ഇടവകയുടെ ചുമതലയേറ്റു.

മണിഗോപുരം

        ഇതിനിടെ കാലപ്പഴക്കംകൊണ്ട്, പഴയ ഇടവകപ്പള്ളിയില്‍ വെച്ചു തന്നെ ഉപയോഗിച്ചിരുന്ന പള്ളിമണിയില്‍ ചെറിയ വിള്ളല്‍ വീണതിനാല്‍ പകരം മറ്റൊരു മണി വാങ്ങിക്കുവാന്‍ ഇടവക കൗണ്‍സില്‍ തീരുമാനിച്ചു. ഇതിനൊപ്പം തന്നെ മണി കെട്ടിയിരുന്ന ഇരുമ്പ് കൊണ്ടുള്ള ചട്ടക്കൂട് മാറ്റി പകരം ഒരു മണിഗോപുരം പണിയുവാനും ആലോചനയുണ്ടായി.
        130 കിലോ ഭാരംവരുന്ന ഒരു മണി ആലപ്പുഴയിലെ മാന്നാറില്‍ നിന്നും വാങ്ങിച്ചു. മണിയുടെ ചെലവ് വഹിച്ചത് കടേപ്പറമ്പില്‍ കെ.പി.പീറ്റര്‍ ആയിരുന്നു. നെടുമ്പറമ്പില്‍ ഹെന്റി അലക്‌സ് മണിഗോപുരം ഡിസൈന്‍ ചെയ്യുകയും താഴെ തട്ടില്‍ വേളാങ്കണ്ണി മാതാവിന്റെ ഒരു സ്വരൂപം പ്രതിഷ്ഠയ്ക്കായി വാങ്ങിച്ച് നല്‍കുകയും ചെയ്തു.
        മണിഗോപുരത്തിന്റെ ശിലാസ്ഥാപനം 2005 ഏപ്രില്‍ 24 ന് ഞായറാഴ്ച ദിവ്യബലിക്കുശേഷം വികാരി ഫാ. ജോസഫ് ചേലാട്ട് നിര്‍വഹിച്ചു. അതിരൂപത വികാരി ജനറല്‍ മോണ്‍. സെബാസ്റ്റിന്‍ ലൂയിസ് ആ വര്‍ഷം സെപ്തംബര്‍ 25 ന് മണിമന്ദിരത്തിന്റെ ആശീര്‍വാദം നിര്‍വ്വഹിച്ചു.
        1,51,165 രൂപ മണിമാളികയുടെ നിര്‍മ്മാണ ചെലവായി. ഇടവകയില്‍നിന്നുള്ള പിരിവ്, യൗസേപ്പിതാവിന്റെ നേര്‍ച്ചസദ്യ ബാക്കി, ഞായറാഴ്ച പിരിവ്, പഴയ മണി വിറ്റുകിട്ടിയ പണം എന്നിങ്ങനെയായിരുന്നു മണിമന്ദിര നിര്‍മ്മാണത്തിന് പണം ലഭിച്ചത്.
        മണിനാക്കില്‍ കെട്ടിയ ചരട് വലിച്ച് അടിച്ചിരുന്ന മണി, 2014 ല്‍ പ്രത്യേക ഇലക്‌ട്രോ ണിക്‌സ് സംവിധാനത്തില്‍ ഓട്ടോമാറ്റിക് ആയി മാറ്റി. 2014 നവംബര്‍ 16 ന് രാവിലെ കുര്‍ബാനയ്ക്കു ശേഷം വികാരി ഫാ. ജോര്‍ജ് മംഗലത്ത് ഓട്ടോമാറ്റിക്കായി മണിയടിക്കുന്ന സംവിധാനം ഉദ്ഘാടനംചെയ്തു.

പുതിയ പള്ളിവാതിലുകള്‍

        1970 ല്‍ പണിത ഇടവക പള്ളിയുടെ വാതിലുകളുടേയും ജനലുകളുടേയും കതകുകള്‍ 2005 ആയപ്പോഴേയ്ക്കും പൊട്ടിയും പൊളിഞ്ഞും മാറ്റേണ്ട അവസ്ഥയിലായി.
        അക്കൊല്ലത്തെ ഇടവകത്തിരുനാള്‍ പിരിവ് കതക് പണിക്കായി ചെലവഴിച്ചു. ഇടവകയിലെ ഏതാനും മരപ്പണിക്കാരെ ഓരോ കതകും ഉണ്ടാക്കാനായി മരം ഏല്‍പ്പിച്ചു. അവര്‍ അത് നിശ്ചിത ഡിസൈനിലും അളവിലും സൗജന്യമായി പണിതു നല്‍കി. പള്ളിയുടെ പ്രധാന വാതില്‍ മാതാവിന്റെ രൂപത്തോടുകൂടിയ കൊത്തുപണികളാല്‍ മനോഹരമായത് കുമ്പളങ്ങിയിലെ തത്തമംഗലത്ത് ജോണിയാണ്.

മിഷന്‍ ഞായറുകള്‍

        2004 മുതല്‍ ഇടവകയിലെ മിഷന്‍ ഞായര്‍ വീണ്ടും ആഘോഷങ്ങളായി മാറി. അതിനായി പ്രത്യേകം പരിപാടികള്‍ സംഘടിപ്പിച്ചു. വിവിധ സ്‌കില്‍ഡ് ഗെയിമുകള്‍, ലേലങ്ങള്‍ തുടങ്ങിയവയിലൂടെ നല്ലൊരു തുക മിഷന്‍ പ്രവര്‍ത്തനത്തിനായി ലഭിച്ചു. പ്രത്യേക കൂപ്പണ്‍ വഴി ഇടവകക്കാര്‍ക്കായി പ്രഭാത ഭക്ഷണം ഒരുക്കി. എഴുപതുകളില്‍ വരെ നിലനിന്നിരുന്ന പഴയകാല മിഷന്‍ ഞായറാഴ്ച ആഘോഷങ്ങളെ ഓര്‍മ്മിപ്പിക്കുന്ന വിധത്തില്‍ ഇടവക, മാടവന, കുരിശിന്റെ പള്ളികളില്‍ ഒക്‌ടോബറിലെ മൂന്ന് ഞായറാഴ്ചകളിലായി ആരംഭിച്ചു.
        ഇടവക പള്ളിയുടെ പ്രധാന ഭാഗത്തെ (പടിഞ്ഞാറുഭാഗം) രണ്ടു വശങ്ങളിലേക്കും ഓരോ ചാര്‍ ത്തുകള്‍ പണിയുകയുണ്ടായി. ജി.ഐ. പൈപ്പ് തൂണില്‍ ട്രസ്സ് വര്‍ക്ക് ചെയ്ത് ആസ്ബസ്‌റ്റോസ് ഷീറ്റ് പാകിയാണ് ചാര്‍ത്തുകളുടെ മേല്‍ക്കൂര പണിതത്. 2006 നവംബറില്‍ എക്‌സ്റ്റന്‍ഷന്‍ വര്‍ക്ക് പൂര്‍ത്തിയായി.

ഘോഷയാത്രയായി കുരുത്തോലപ്പെരുന്നാള്‍

        2007 ലെ ഓശാന ഞായര്‍ വളരെ പ്രത്യേകതയുള്ളതായിരുന്നു. സെന്റ് ആന്റണീസ് കപ്പേള യില്‍നിന്നും ഇടവക പള്ളിയില്‍ നിന്നും രാവിലെ പ്രദക്ഷിണമായി ഇടവകക്കാര്‍ വി. കുരിശിന്റെ പള്ളിയില്‍ എത്തിച്ചേര്‍ന്നു; കൈകളില്‍ കുരുത്തോലയേന്തി. തുടര്‍ന്ന് ദിവ്യബലിയാരംഭിച്ചു. ഏതാണ്ട് രണ്ടുമൂന്നു വര്‍ഷങ്ങളില്‍ ഓശാന ഞായര്‍ ഇങ്ങനെ ആഘോഷിച്ചു. 2007 ലെ പെസഹാ തിരുക്കര്‍മ്മങ്ങള്‍ ദേവാലയത്തിന് പുറത്ത് സ്‌റ്റേജില്‍വച്ചാണ് നടത്തിയത്.

അമ്മ മരത്തണലില്‍

        കേരളസഭയുടെയും വരാപ്പുഴ അതിരൂപതയുടേയും ചരിത്രവും വളര്‍ച്ചയിലെ പ്രധാന സംഭവ ങ്ങളേയും 'അമ്മമരം' എന്ന പേരില്‍ ഒരു ലൈറ്റ് ആന്റ് സൗണ്ട് ഷോയിലൂടെ എറണാകുളത്ത് അവതരിപ്പിക്കുകയുണ്ടായി.
        അതിരൂപതാ ശതോത്തര ജൂബിലിയുടെ ഭാഗമായി കൊച്ചിന്‍ ആര്‍ട്‌സ് ആന്റ് കമ്മ്യൂണിക്കേ ഷന്‍ (സി.എ.സി.) സംഘടിപ്പിച്ച ഈ ഷോ 2012 സെപ്തംബര്‍ 22 മുതല്‍ 30 വരെ സെന്റ് ആല്‍ബര്‍ട്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടില്‍ വെച്ച് വൈകീട്ടായിരുന്നു അവതരിപ്പിച്ചിരുന്നത്.
        ഡയസ് ജയിംസ് (ചാത്യാത്ത്) സംവിധാനം ചെയ്ത ഈ ഷോയില്‍ നൂറുകണക്കിന് കലാകാര ന്മാര്‍ അണിനിരന്നു. നമ്മുടെ ഇടവകാംഗങ്ങളായ 200 ലേറെ കലാകാരന്മാര്‍ 'അമ്മമര'ത്തില്‍ പങ്കെടുത്തു. ഇടവകാംഗങ്ങളായ ബെന്‍സി മാര്‍ട്ടിന്‍, സെബാസ്റ്റിയന്‍ മാപ്പിളശ്ശേരി, ഡയസ് മാളിയേക്കല്‍ തുടങ്ങിയവര്‍ അമ്മമരത്തിന്റെ കോ-ഓര്‍ഡിനേറ്റര്‍മാരായി അണിയറ പ്രവര്‍ത്തനങ്ങളെ നിയന്ത്രിച്ചു.
        നമ്മുടെ പങ്കാളിത്തത്തെക്കുറിച്ച് അതിരൂപതാ മുഖപത്രമായ ജീവദീപ്തി 2012 നവംബര്‍ ലക്കത്തില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു: ''ഏറെ അംഗങ്ങളുള്ള ഒരു സ്‌റ്റേജ് ഷോയുടെ ഒരുക്കങ്ങള്‍ക്കിടയിലുണ്ടാകാവുന്ന പ്രയോഗിക ബുദ്ധിമുട്ടുകളെക്കുറിച്ചുള്ള ചര്‍ച്ചയ്‌ക്കൊടുവിലാണ് ഏതെങ്കിലും ഇടവകയെ ദത്തെടുത്ത്, അഭിനേതാക്കളാക്കി, ഒരുക്കം അവരുടെയിടയില്‍ തന്നെ നടത്താമെന്ന ആശയം ഉരുത്തിരിഞ്ഞു വന്നത്. ആ വലിയ നിയോഗം പേറാന്‍ ഭാഗ്യമുണ്ടായത് നെട്ടൂര്‍ക്കാര്‍ക്കാണ്. പൊതുവെ നല്ല സഹകരണത്തിന് പേരു കേട്ടവരാണവര്‍. അവിടെ കൊച്ചച്ചനായ ബിനുവച്ചന്റെ  നേതൃത്വത്തില്‍ കാര്യങ്ങള്‍ ഭംഗിയായി മുന്നോട്ടു പോകുമെന്ന കണക്കുകൂട്ടല്‍ അക്ഷരാര്‍ത്ഥത്തില്‍ ശരിയായി. രണ്ടാഴ്ചയിലേറെ നീണ്ടുനിന്ന പ്രാക്ടീസ് കാലം നെട്ടൂര്‍ക്കാര്‍ ആഘോഷമാക്കി മാറ്റി. കൈക്കുഞ്ഞുങ്ങള്‍ മുതല്‍ 80 കഴിഞ്ഞ ചേട്ടന്മാര്‍ വരെയുള്ള 200 ലധികം പേര്‍ എന്നും രാത്രി 7 മുതല്‍ ഏകദേശം 12 മണി വരെയുള്ള സമയത്ത് കുരിശിന്റെ പള്ളിമുറ്റത്ത് ഒത്തു ചേരും. ബിനുവച്ചന്‍ ഒരു വലിയ തറവാട്ടിലെ വല്യേട്ടന്റെ റോള്‍ ഏറ്റെടുത്തു; സ്‌നേഹിച്ചും നയിച്ചും തിരുത്തിയും പിണങ്ങിയും കോപിച്ചും...''
        സി.എ.സി. ഡയറക്ടര്‍ ഫാ. ക്യാപ്പിസ്റ്റന്‍ ലോപ്പസ്, ഫാ. ജോസഫ് ബിനു പണ്ടാരപ്പറമ്പില്‍, ഫാ. ബാബു വാവക്കാട്, ഫാ. ആന്റണി കീരമ്പിള്ളി തുടങ്ങിയവര്‍ 'അമ്മമരം' ഷോയ്ക്ക് നേതൃത്വം നല്‍കി. ഇവരില്‍ ആദ്യ മൂന്നുപേരും ഇടവക സഹവികാരിമാരായിരുന്നു.
അമ്മമരം ഷോയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ആര്‍ച്ച്ബിഷപ്പ് ഡോ. ഫ്രാന്‍സിസ് കല്ലറക്കല്‍ 'മെമന്റോ' നല്‍കി. അമ്മമരം ഷോയ്ക്ക് നേതൃത്വം നല്‍കിയവര്‍ക്ക് 2012 ഒക്‌ടോബര്‍ 7 ന് ഇടവകയില്‍ സ്വീകരണം നല്‍കി.
        കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിനുവേണ്ടി സെമിത്തേരിയും വാസസ്ഥലവും വിട്ടു കൊടുത്ത് കുടിയൊഴി ഞ്ഞുപോയ പെരുമാനൂര്‍ ഇടവകക്കാരുടെ ത്യാഗവും മൂലമ്പിള്ളി കുടിയൊഴിപ്പിക്കലും അതിരൂപതാ ചരിത്രത്തിന്റെ ഭാഗമായി ഷോയില്‍ അവതരിപ്പിച്ചു.
        എന്നാല്‍ വെണ്ടുരുത്തിയില്‍ നിന്നും ജനങ്ങളുടെ വീടും സ്ഥലങ്ങളും പള്ളിയും കപ്പേളയും സര്‍ക്കാര്‍ ഏറ്റെടുത്തതിനെ തുടര്‍ന്ന് രാജ്യത്തിന്റെ പ്രതിരോധാവശ്യത്തിനായി ഇടവകക്കാര്‍ കുടിയൊഴിപ്പിക്കപ്പെട്ടത്, അവരുടെ സങ്കടങ്ങള്‍, നെട്ടൂരില്‍ ഒരു പള്ളി പണിതതും ഒരു  ഇടവക സമൂഹമായി തീര്‍ന്നതും 'അമ്മമരം' ഷോയില്‍ എന്തുകൊണ്ടോ അവതരിപ്പിക്കപ്പെട്ടില്ല. ഇത് സംഘാടകരുടെ ശദ്ധയില്‍ പെടുത്തിയപ്പോള്‍ ഷോ തുടങ്ങുന്നതിന് മുമ്പായി ഇക്കാര്യം പരാമര്‍ശിച്ചു.

കുരിയച്ചന്റെ ഗ്രോട്ടോ...

        'കുരിയച്ചന്‍' എന്ന് നാം സ്‌നേഹത്തോടെ വിളിക്കുന്ന വി. കുരിശ് സ്ഥാപിച്ചിരുന്ന ഗ്രോട്ടോ കാലപ്പഴക്കംകൊണ്ട് കോണ്‍ക്രീറ്റ് തൂണുകളും മേല്‍ക്കൂരയും ഗ്രില്ലുമൊക്കെ പൊട്ടിപ്പൊളിയുവാന്‍ തുടങ്ങി.
        ഈ ഗ്രോട്ടോ പൊളിച്ച് കൂടുതല്‍ സൗകര്യവും നിശ്ശബ്ദ ധ്യാനത്തിനും പ്രാര്‍ത്ഥനയ്ക്കുമായി ഒരു ഗ്രോട്ടോ പുതിയതായി നിര്‍മ്മിച്ചു. വികാരി ഫാ. വര്‍ഗ്ഗീസ് സോജന്‍ തോപ്പില്‍ (2009-13) ചെയര്‍മാനായ പതിനൊന്നംഗ കമ്മിറ്റിയാണ് ഗ്രോട്ടോ നിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയത്. 2011 മാര്‍ച്ച് 17 ന് ഗ്രോട്ടോയുടെ ശിലാസ്ഥാപനവും 2012 മെയ് 18 ന് ആശീര്‍വാദവും നടന്നു. (കൂടുതല്‍ വിശദമായി  'വി. കുരിശിന്റെ സ്പര്‍ശമുള്ളഗ്രോട്ടോ' എന്നീ ബ്ലോഗില്‍  നല്‍കിയിരിക്കുന്നു)

ഒരു വൈദിക മന്ദിരംകൂടി...

        2013 ല്‍ വികാരിയായി ചുമതലയേറ്റ ഫാ. ആന്റണി കൊപ്പാണ്ടുശ്ശേരി ചുരുങ്ങിയ കാലമാണ് ഇടവകയില്‍ സേവനമനുഷ്ഠിച്ചത്. എങ്കിലും വി.കുരിശിന്റെ പള്ളിയിലെ വൈദികമന്ദിര നിര്‍മ്മാണത്തിലും പാരിഷ് ഹാള്‍ നവീകരണത്തിലും ഇടവക ദേവാലയം വികസിപ്പിച്ച് നവീകരിച്ചതിലും ഉള്ള അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ ഇടവക ചരിത്രത്തില്‍ വളരെ പ്രധാനമായ പരാമര്‍ശം അര്‍ഹിക്കുന്നു. (കൂടുതല്‍ വിശദമായി 'ഇത് ദൈവത്തിന്റെ പദ്ധതി; വി. കുരിശിന്റെ വൈദിക മന്ദിരം' 'വിമലഹൃദയ ദേവാലയ നവീകരണം'എന്നീ ബ്ലോഗുകളില്‍ നല്‍കി യിരിക്കുന്നു).

ലോകത്തിന്റെ അതിര്‍ത്തിയോളം

        ദൈവഹിതമനുസരിച്ച് സഭാ പ്രവര്‍ത്തനത്തിനും തൊഴില്‍ തേടിയും ഇടവക മക്കള്‍ യു.കെ., യു.എസ്., കാനഡ, ഓസ്‌ട്രേലിയ, റഷ്യ, ആഫ്രിക്ക, റോം, ഗള്‍ഫ് നാടുകള്‍ തുടങ്ങി ലോകത്തിന്റെ നാനാഭാഗത്തും ഇന്ത്യയില്‍ തന്നെ പല സംസ്ഥാനങ്ങളിലും സേവനനിരതരാണ്. അവരുടെ സഹായവും സഹകരണവും പ്രാര്‍ത്ഥനകളും എന്നും ഇടവകയ്ക്ക് ലഭിച്ചിട്ടുണ്ട്.      

യാത്ര തീരും മുന്‍പെ . . .

        1942-44 കാലത്ത് വെണ്ടുരുത്തിയില്‍നിന്നും കുടിയേറിയവരും നെട്ടൂരില്‍ അന്ന് താമസിച്ചിരുന്നവരും ചേര്‍ന്ന ഇടവകക്കാര്‍ നെട്ടൂരിലെ ആദ്യ ക്രൈസ്തവ ദേവാലയം നിര്‍മ്മിച്ചു; പുതിയ ഇടവക ആരംഭിച്ചു.
        കാലത്തിന്റെ യാത്രയില്‍ പുതിയ പുതിയ ദേവാലയങ്ങളായി; നെട്ടൂരത്തെ സുറിയാനി കത്തോലിക്കര്‍ വിശുദ്ധ സെബാസ്റ്റിനോസിന്റെ നാമധേയത്തില്‍ ഒരു ദേവാലയം (St. Sebastin church) നെട്ടൂര്‍ നോര്‍ത്തില്‍ നിര്‍മ്മിച്ചു. എറണാകുളം  അങ്കമാലി അതിരൂപതയുടെ കീഴില്‍ നെട്ടൂര്‍ ഇടവകയായി.
        നെട്ടൂരില്‍ നിന്നും മാടവന ഇടവക രൂപം കൊണ്ടപ്പോള്‍ നെട്ടൂര്‍ മാതൃഇടവകയുമായി. വെണ്ടുരുത്തിയില്‍ നിന്നു മാത്രമല്ല;  സമീപ ഇടവകകളായ പനങ്ങാട്, കുമ്പളം, തേവര, പെരുമാനൂര്‍, കടവന്ത്ര, തൈക്കൂടം, മൂത്തേടം തൊട്ട് ദൂരെ ആലപ്പുഴ,ഇടുക്കി, കണ്ണൂര്‍, തിരുവനന്തപുരം, കോയമ്പത്തൂര്‍ വരെ ഉള്‍പ്പെടുന്ന 53 ലേറെ ഇടവകകളില്‍ നിന്നു  മുള്ളവര്‍  നെട്ടൂരില്‍ കുടിയേറി ഇടവകക്കാരായിട്ടുണ്ട്. നെട്ടൂര്‍ ഒരു കുടിയേറ്റ ഇടവകയാണ്.
        കാലാകാലങ്ങളില്‍ സേവനമനുഷ്ഠിച്ചിരുന്ന വൈദികരുടെ ആശയങ്ങളും നേതൃത്വവും ഇടവകയുടെ വളര്‍ച്ചയ്ക്ക് വളരെ വിലപ്പെട്ടതായിരുന്നു.
        എല്ലാ കാര്യങ്ങളിലും ഏക മനസ്സുള്ളവരൊന്നുമായിരുന്നില്ലെങ്കിലും വൈദികരുമായി ചേര്‍ന്ന് ഇടവകയെ വളര്‍ത്തുന്നതില്‍ യാതൊരു ഉപേക്ഷയും ഇടവകക്കാര്‍ കാണിച്ചിട്ടില്ലെന്നത് മനസ്സിന്റെ വലുപ്പവും ദൈവാനുഗ്രഹവും...
        തങ്ങളുടെ അദ്ധ്വാനത്തിന്റെയും വിയര്‍പ്പിന്റേയും പങ്ക് ഏതാവശ്യത്തിനും ഇടവക ജനം പള്ളിക്ക്  നല്‍കിയിരുന്നു.

സമീപഭാവിയില്‍ ഓര്‍മ്മിക്കേണ്ട ചില തീയതികള്‍

1. കുടിയേറ്റത്തിന്റെ പ്ലാറ്റിനം ജൂബിലി (1942  1944 + 75 വര്‍ഷങ്ങള്‍) : 2017  2019
2. നെട്ടൂരിലെ ആദ്യ ക്രൈസ്തവ ദേവാലയം ആശീര്‍വദിച്ചതിന്റേയും ഇടവക രൂപീകരിച്ചതിന്റേയും സപ്തതി (1947 ഡിസംബര്‍ 23 + 70 വര്‍ഷങ്ങള്‍) : 2017 ഡിസംബര്‍  23

ചില അടിസ്ഥാന വിവരങ്ങള്‍

ആകെ കുടുംബങ്ങള്‍                 :  854
ഇടവകാംഗങ്ങള്‍                       :  2817
കുടുംബ യൂണിറ്റുകള്‍                   :  34
കുടുംബയൂണിറ്റ് ബ്ലോക്കുകള്‍      05

ദൈവാലയങ്ങള്‍

1. മാതാവിന്റെ വിമലഹൃദയ ദൈവാലയം
2. വിശുദ്ധ കുരിശിന്റെ ദൈവാലയം
3. സെന്റ് ആന്റണീസ് കപ്പേള
4. സെന്റ് ജൂഡ് കപ്പേള
5. വിശുദ്ധ കുരിശിന്റെ ഗ്രോട്ടോ
6. സെന്റ് ജോര്‍ജ് ഗ്രോട്ടോ
7. സെന്റ് ആന്റണീസ് ഗ്രോട്ടോ
8. മാതാവിന്റെ വിമലഹൃദയ ഗ്രോട്ടോ
9. പരിശുദ്ധ കന്യാമറിയത്തിന്റെ ഗ്രോട്ടോ
10. വേളാങ്കണ്ണി മാതാവിന്റെ ഗ്രോട്ടോ
11. ലൂര്‍ദ്ദ് മാതാവിന്റെ ഗ്രോട്ടോ
12. സെമിത്തേരിയിലെ കുരിശിന്റെ ഗ്രോട്ടോ

ഇടവകയിലെ ഏറ്റവും ആഘോഷമായ തിരുനാളുകള്‍

1. പരിശുദ്ധ കന്യാമറിയത്തിന്റെ അമലോത്ഭവ തിരുനാള്‍ : ഡിസംബര്‍ 8 കഴിഞ്ഞു വരുന്ന ഞായര്‍/ ഡിസംബര്‍ 8. (ഇടവക പള്ളി)
2. വിശുദ്ധ കുരിശിന്റെ മഹത്വീകരണ തിരുനാള്‍  : സെപ്തംബര്‍ 14 നോട് അടുത്തു വരുന്ന ഞായര്‍   (വി. കുരിശിന്റെ പള്ളി)
3. വി. യൗസേപ്പിതാവിന്റെ തിരുനാള്‍  : മാര്‍ച്ച് 19 (ഇടവകപ്പള്ളി)
4. വി. സെബസ്ത്യാനോസിന്റെ തിരുനാള്‍ : ജനുവരി അവസാനം/ഫെബ്രുവരി ആദ്യം (വി. കുരിശി ന്റെ പള്ളി)
5. വി. അന്തോണീസിന്റെ തിരുനാള്‍  : മെയ് രണ്ടാം ഞായറാഴ്ച (വി. അന്തോണീസിന്റെ കപ്പേള)
6. വി. യൂദാ തദേവൂസിന്റെ തിരുനാള്‍  :നവംബര്‍ രണ്ടാം ഞായര്‍ (വി. യൂദാ തദേവൂസിന്റെ കപ്പേള)

History of I.H.M. Church, Nettoor 2
നെട്ടൂര്‍ വിമലഹൃദയ മാതാവിന്റെ ഇടവക ചരിത്രം 2

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ