2015, ജൂലൈ 17, വെള്ളിയാഴ്‌ച

വിശുദ്ധ അന്തോണീസിന്റെ കപ്പേള

സെബാസ്റ്റിന്‍ മാപ്പിളശ്ശേരി

       ഇടവക പള്ളിയിലേക്കുള്ള ദൂരക്കൂടുതലും പാടവും ചിറയും കടന്ന് കുരിശിന്റെ പള്ളിയില്‍ പോകുന്നതിലുള്ള അസൗകര്യവും മൂലം നെട്ടൂര്‍ വടക്ക് കിഴക്കേ പ്രദേശത്തിലെ ഇടവകക്കാരില്‍ പലരും ഞായറാഴ്ചകളിലും മറ്റും കോന്തുരുത്തി പള്ളിയിലോ മൂത്തേടം പള്ളിയിലോ ആയിരുന്നു കുര്‍ബ്ബാനയ്ക്ക് പോയിരുന്നത്. ഇവിടെ ഒരു കുരിശുപള്ളിയെങ്കിലും വേണമെന്ന് അവര്‍ ആഗ്രഹിച്ചു.
അതിനായി ബോസ്‌കോ പനക്കലച്ചന്റെ കാലത്ത് ഒരു കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. പഴയന്തോട്ടം ജോര്‍ജ് പള്ളി പണിയുന്നതിനായി 3 സെന്റ് സ്ഥലം നല്‍കി. 1984 ജനുവരി ഒന്നിന് വികാരി ഫാദര്‍ ജോണ്‍ ബോസ്‌കോ പനക്കല്‍ കപ്പേളയുടെ ശിലാസ്ഥാപനം നടത്തി. തുടര്‍ന്ന് പലരുടേയും സഹായത്തോടെയും സംഭാവനകള്‍ സ്വീകരിച്ചും മേല്‍ക്കൂരയൊഴിച്ചുള്ള പണികള്‍ നടന്നു. സാമ്പത്തികസ്ഥിതി മോശമായതിനാല്‍ മാസങ്ങളോളം കപ്പേളയുടെ പണി നടക്കാതെ വെറുതെ കിടന്നു.*
         ഫാ. ജോസ് പടിയാരംപറമ്പില്‍ വികാരിയായിരിക്കുമ്പോള്‍ വീണ്ടും പണി തുടങ്ങുകയും 1987 ഒക്‌ടോബറില്‍ പണി പൂര്‍ത്തിയാകുകയും ചെയ്തു. ആ മാസം 23 ന് പടിയാരംപറമ്പിലച്ചന്‍ കപ്പേള ആശീര്‍വാദം നടത്തി, സെന്റ് ആന്റണിയുടെ നാമത്തില്‍ ഒരു കപ്പേള (St. Antony's Shrine). കപ്പേളയുടെ പണി ശ്രമദാനമായിട്ടാണ് നടന്നത്. തറകെട്ടാനുള്ള കല്ല് നെടുംപറമ്പില്‍ പൈലി ജോര്‍ജും, ഇഷ്ടികയും കൊടിമരവും കാടംപറമ്പില്‍ ആന്റണിയും നല്‍കി. മേല്‍ക്കൂരയുടെ പണി നടത്തിയത് മാളിയേക്കല്‍ ഡാനിയേലും പള്ളിപ്പറമ്പില്‍ പി.ജി. ടോമിയുമായിരുന്നു. തിരുസ്വരൂപങ്ങള്‍ തട്ടാശ്ശേരി ഗാസ്പറും, കളരിക്കല്‍ കെ.എ. സേവ്യറും കാടംപറമ്പില്‍ ആന്റണിയുമാണ് നല്‍കിയത്. സക്രാരി പുത്തന്‍വീട്ടില്‍ വില്യം നല്‍കി.*
പ്രദേശത്ത് വര്‍ഷങ്ങളായി പുതിയ ഇടവകക്കാര്‍ കൂടിക്കൊണ്ടിരുന്നതിനാല്‍ കപ്പേള തികച്ചും അപര്യാപ്തമായിരുന്നു. സ്ഥലപരിമിതിയുള്ളതിനാല്‍ കപ്പേള വികസിപ്പിക്കുകയും പ്രയാസമായിരുന്നു. എങ്കിലും കപ്പേളയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി സെന്റ് ആന്റണീസ് വികസന സമിതി എന്നപേരില്‍ 2004 ഫെബ്രുവരി 8 ന് വികാരി ഫാ. മാത്യൂ ഡിക്കൂഞ്ഞ (ചെയര്‍മാന്‍), സഹവികാരി ഫാ. ജോജി കുത്തുക്കാട്ട് (ജനറല്‍ കണ്‍വീനര്‍), ജാക്‌സണ്‍ മുക്കത്ത് (കണ്‍വീനര്‍), സെബാസ്റ്റിന്‍ മാപ്പിളശ്ശേരി (സെക്രട്ടറി), പീറ്റര്‍ ഇലഞ്ഞിമിറ്റത്ത് (ഖജാന്‍ജി) എന്നിവരുള്‍പ്പെടെ പതിനഞ്ചംഗ കമ്മിറ്റി രൂപീകരിച്ചു.
       ജാക്‌സന്‍ മുക്കത്ത് വാങ്ങി പള്ളിക്ക് നല്‍കിയ ഒരു സെന്റ് സ്ഥലവും പുതുതായി വാങ്ങിയ ഒമ്പതേ മുക്കാല്‍ സെന്റ് സ്ഥലവും കൂടി  പതിമൂന്നേമുക്കാല്‍ സ്ഥലം കപ്പേളയ്ക്ക് ലഭിച്ചു. അള്‍ത്താരയില്‍ നിന്ന് പത്ത് അടികൂടി കപ്പേള കിഴക്കോട്ട് നീട്ടുകയും അവിടെ പുതിയ അള്‍ത്താര പണിയുകയും ചെയ്തു. വടക്കുഭാഗം  പൊളിച്ച് 33 അടി നീളത്തിലും 14 അടി വീതിയിലും ഒരു ഹാളും അതിനോട് ചേര്‍ന്ന് സങ്കീര്‍ത്ത് മുറിയും പണിതു. പള്ളിയുടെ മുന്‍ഭാഗം മഴയും വെയിലുമേല്‍ക്കാതിരിക്കാന്‍ ഫൈബര്‍ ഷീറ്റ് ഇടുകയും താഴെ ഫ്‌ളോര്‍ ടൈല്‍ വിരിക്കുകയും ചെയ്തു. തെക്കുഭാഗത്ത് ഒരു സ്‌റ്റോര്‍മുറി കൂടി പണിതു.
       ഇടവകപ്പള്ളിയില്‍ പുതിയ മണിമാളിക പണിതപ്പോള്‍ ഇരുമ്പ് ആംഗിള്‍ കൊണ്ട് നിര്‍മ്മിച്ച പഴയ മണിമാളിക കൊണ്ടുവന്ന് കപ്പേളയുടെ കിഴക്കുഭാഗത്ത് സ്ഥാപിച്ചു.
നവീകരിച്ച ദേവാലയത്തിന്റെ ആശീര്‍വാദം 2005 ജനുവരി ഒന്നിന് വികാരി ഫാ. മാത്യു ഡിക്കൂഞ്ഞ നിര്‍വ്വഹിച്ചു.
________________________________________
* നെട്ടൂര്‍ വിമലഹൃദയ ദേവാലയ സില്‍വര്‍ ജൂബിലി സ്മരണിക 1997

St. Antony’s Shrine, Nettoor
സെന്റ് ആന്റണീസ് കപ്പേള
History of I.H.M. Church, Nettoor
നെട്ടൂര്‍ വിമലഹൃദയ മാതാവിന്റെ ഇടവക ചരിത്രം






അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ