2015, ജൂലൈ 15, ബുധനാഴ്‌ച

നെട്ടൂര്‍ ഇടവക ചരിത്രം

എം.എസ്. അഗസ്റ്റിന്‍
 

ഒരു യാത്ര; നെട്ടൂര്‍ ഇടവകയുടെ ചരിത്രത്തിലൂടെ

 വരാപ്പുഴ അതിരുപതയുടെ കീഴിലെ നെട്ടൂര്‍ ഇടവകയുടെ ചരിത്രം രേഖപ്പെടുത്തുകയാണ്. ''ഒരു യാത്ര... നെട്ടൂര്‍ ഇടവകയുടെ ചരിത്രത്തിലൂടെ . . . '' എന്ന ഈ എളിയ ശ്രമത്തിലൂടെ.
നെട്ടൂര്‍ ഇടവക ആരംഭിച്ചത് വെണ്ടുരുത്തിയില്‍ നിന്നും പലായനം ചെയ്ത് നെട്ടൂരേക്ക് കുടിയേറി പാര്‍ത്തവരില്‍ നിന്നുമാണ്. സ്വാഭാവികമായും നെട്ടൂര്‍ ഇടവകയുടെ ചരിത്രം വെണ്ടുരുത്തിയുടേതുമായി ബന്ധപ്പെട്ടിരിക്കുന്നു. വെണ്ടുരുത്തിയുടെ ചരിത്രമാകട്ടെ കൊച്ചീ രാജ്യം, പോര്‍ച്ചുഗീസ് ആഗമനം  തുടങ്ങിയവയുടെ ഭാഗവുമാണ്. അതിനാല്‍ വെണ്ടുരുത്തിയുടേയും കൊച്ചിയുടേയും ചരിത്രത്തിന്റെ  തുടര്‍ച്ചയായിട്ടാണ് ഈ ലേഖനം എഴുതിയിരിക്കുന്നത്.
രസകരമായ ഒരു വസ്തുത; നെട്ടൂര്‍ ഇടവകക്കാരെ പോലെ വെണ്ടുരുത്തിയിലെ നിവാസികളില്‍ പലരും, എന്തിന് കൊച്ചീ രാജാക്കന്മാര്‍ തന്നെയും ജന്മനാട്ടില്‍ നിന്നും പലായനം ചെയ്ത് കുടിയേറിയവരാണ്. കൂടുതല്‍ വിശദമായി പറഞ്ഞാല്‍ നമ്മുടെ പ്രകൃതിയും ജീവിതരീതികളും തന്നെ പുതുതായി രൂപം കൊണ്ടതിന്റേയും കുടിയേറ്റത്തിന്റേയും ഭാഗമാണ്. ഇത് കുടിയേറ്റങ്ങളുടെ കൂടെ ചരിത്രമാണ്.
ഈ ചരിത്രരചനയ്ക്ക് വെണ്ടുരുത്തിയില്‍ ജനിച്ചു വളര്‍ന്ന് നെട്ടൂരേക്ക് കുടിയേറിയ ശ്രീ. കെ.ഒ. റോക്കി കോന്നുള്ളില്‍, ശ്രീ.  പി.സി. വര്‍ഗീസ് പനക്കല്‍, ശ്രീ. എന്‍.സി. ആന്റണി നടുവിലവീട്ടില്‍, ശ്രീ. എന്‍.ഡി. ജോണ്‍ നെടുംപറമ്പില്‍, ശ്രീ.  എം.കെ. ഫ്രാന്‍സിസ് മൂന്നുകൂട്ടുങ്കല്‍, ശ്രീ.  എന്‍.പി. കുഞ്ഞുവറുത് നെടുംപറമ്പില്‍, ശ്രീ. എന്‍.ജി. വര്‍ഗീസ് നെടുംപറമ്പില്‍ എന്നീവരുമായും മറ്റു പഴമക്കാരുമായും നടത്തിയ സംഭാഷണ ങ്ങളും, പുസ്തകങ്ങള്‍, മാധ്യമങ്ങള്‍, ഇന്റര്‍നെറ്റ് തുടങ്ങിയവയില്‍ നിന്നും സ്വരൂപിച്ച അറിവുകളും സഹായിച്ചിട്ടുണ്ട്.
വിമലഹൃദയ ദേവാലയത്തിന്റെ സില്‍വര്‍ ജൂബിലിയോടനുബന്ധിച്ച് 1997 ല്‍ പ്രസിദ്ധീകരിച്ച സ്മരണികയില്‍ ശ്രീ.  ടി.പി. ഫ്രാന്‍സിസ്,  ശ്രീ.  എം.ആര്‍. ജോസഫ്,  ശ്രീ.  ടി.എ. ജസ്റ്റിന്‍ തുടങ്ങിയവരു മായി ചേര്‍ന്ന് ഈ ലേഖകന്‍ തയ്യാറാക്കിയ ''നെട്ടൂര്‍ ഇടവക-കാലങ്ങളിലൂടെ'' എന്ന ലേഖനത്തിലെ വിവരങ്ങള്‍ ഈ ലേഖനത്തിന് സഹായമായിട്ടുണ്ട്.
ചരിത്രം തുടങ്ങുന്നത്; വെണ്ടുരുത്തിയില്‍നിന്നും
 1942-44 കാലം. ലോകം രണ്ടാമത്തെ മഹായുദ്ധത്തിന്റെ പിടിയില്‍. ഇന്ത്യയില്‍ ബ്രിട്ടീഷ് ആധിപത്യ കാലം. സ്വാതന്ത്ര്യത്തിനായി മഹാത്മാഗാന്ധിയുടേയും സുഭാഷ് ചന്ദ്രബോസിന്റേയും ജവഹര്‍ലാല്‍ നെഹൃവിന്റേയുമൊക്കെ നേതൃത്വത്തിലുള്ള പോരാട്ടം നടക്കുന്നു.
കൊച്ചി നേവല്‍ബേസിനു വേണ്ടി ബ്രിട്ടീഷ് സര്‍ക്കാര്‍ സ്ഥലമേറ്റെടുത്തതിനെ തുടര്‍ന്ന് വെണ്ടുരുത്തി യില്‍ നിന്നും അഞ്ഞൂറിനടുത്ത്  കുടുംബങ്ങള്‍  കുടിയൊഴിപ്പിക്കപ്പെട്ടത് ഇക്കാലത്താണ്. ഇതില്‍ 215 നടുത്ത് കുടുംബങ്ങള്‍ നെട്ടൂരിലാണ് കുടിയേറിയത്.
ഈ കുടുംബങ്ങള്‍ തലമുറകളായി ജനിച്ചുവളര്‍ന്ന വെണ്ടുരുത്തി ഇന്ന് വെല്ലിങ്ടണ്‍ ഐലണ്ടിന്റെ ഭാഗമാണ്. വെണ്ടുരുത്തിയും വാത്തുരുത്തിയും ചേര്‍ന്ന ദ്വീപിലായിരുന്നു പൂര്‍വ്വ ഇടവകക്കാര്‍ ജനിച്ചു വളര്‍ന്നത്.
ഇന്നത്തെപ്പോലെ പഴയകാലത്തും  വെണ്ടുരുത്തി ഒരു സൈനിക കേന്ദ്രമായിരുന്നു. കൊച്ചി രാജാവും കോഴിക്കോട് സാമൂതിരിയും തമ്മിലുള്ള ശത്രുത അറിവുള്ളതാണല്ലോ. കൊച്ചിയെ ആക്രമിക്കുവാന്‍ സാമൂതിരി സൈനിക നീക്കം നടത്തിയിരുന്നത് ഇടക്കൊച്ചി, വെണ്ടുരുത്തി തുടങ്ങിയ ദേശങ്ങളില്‍ കൂടിയായിരുന്നു*. സാമൂതിരിയുടെ സൈന്യം കുമ്പളം, പനങ്ങാട്, നെട്ടൂര്‍ തുരുത്തുകള്‍ വരെ കടന്നുകയറുമായിരുന്നു.1  സാമൂതിരി യുടെ ആക്രമണത്തെ തടയുവാന്‍ കൊച്ചി രാജാവ് വെണ്ടുരുത്തിയില്‍ സൈന്യത്തെ നിറുത്തിയിരുന്നു. സൈന്യ സുരക്ഷയ്ക്കായി വെണ്ടുരുത്തി പള്ളിയുടെ തെക്കുപടിഞ്ഞാറ് കുഴിച്ചിരുന്ന കിടങ്ങ് പിന്നീട് 'കോട്ടക്കുളം' എന്നറി യപ്പെട്ടിരുന്നു.*
പോര്‍ച്ചുഗീസുകാരുടെ നിയന്ത്രണത്തിലുള്ള കൊച്ചി സാന്താക്രൂസ് കത്തീഡ്രലിന്റെ പത്രമേനി (Patronate) ദേശമായിരുന്നു വെണ്ടുരുത്തി. (കൊച്ചിന്‍ സ്‌റ്റേറ്റ് മാന്വല്‍)* പോര്‍ച്ചുഗീസുകാരെ ഡച്ചുകാര്‍ തോല്‍പ്പിച്ച് കൊച്ചി കീഴടക്കിയപ്പോള്‍ വെണ്ടുരുത്തി ഡച്ചുകാരുടെ വകയായി. അവര്‍ 1790 ല്‍ വെണ്ടുരുത്തി യെ കൊച്ചി രാജാവിന് വിട്ടുകൊടുത്തു.
പ്രളയം, കൊച്ചിയില്‍ ഒരു തുറമുഖം
 പ്രാചീന കാലത്ത് കേരളത്തില്‍  ഇന്നത്തെ സമതലപ്രദശം തന്നെ ഉണ്ടായിരുന്നില്ലത്രെ. കടല്‍ കുറെ പടിഞ്ഞാറോട്ട് പിന്‍വാങ്ങി പുതിയ കര വെയ്ക്കുകയും സമതലപ്രദേശം രൂപം കൊള്ളുകയുമായിരുന്നുവെന്ന് കരുതുന്നു. വെണ്ടുരുത്തി, നെട്ടൂര്‍ ഉള്‍പ്പെടെയുള്ള ഇപ്പോഴത്തെ എറണാകുളം ജില്ലയിലെ ദ്വീപുകള്‍ കിഴക്കന്‍ മലകളില്‍ പലകാലങ്ങളിലായി നടന്ന മണ്ണൊലിപ്പിനെ തുടര്‍ന്നു കായലിലേക്ക് ഒലിച്ചു പോന്ന എക്കലും മണ്ണും ചേര്‍ന്നു രൂപം കൊണ്ടതാണത്രെ.2
 പെരിയാര്‍ നദിയിലെ 1341 ലെ അതിശക്തമായ വെള്ളപ്പൊക്കം കൊച്ചിയിലെ ഭൂപ്രദേശങ്ങളെ ആകെ മാറ്റിമറിച്ചു.  ഫിനീഷ്യരും, ഈജിപ്തുകാരും, റോമാക്കാരും ഗ്രീക്കുകാരും യഹൂദരും അറബികളും ചൈനാക്കാരും വ്യാപാരം നടത്തിയിരുന്ന അക്കാലത്തെ പ്രധാന തുറമുഖമായ മുസരീസ് (Muzaris, കൊടുങ്ങല്ലൂര്‍), വെള്ളപ്പൊക്കത്തില്‍  മണലും എക്കലും വന്നു നിറഞ്ഞ് കപ്പലുകള്‍ക്ക്  അടുക്കുവാന്‍ പറ്റാത്ത വിധത്തിലായി.3
ശക്തമായ പ്രളയത്തില്‍ ചെറിയ നദികളും തോടുകളും മാത്രമുണ്ടായിരുന്ന കൊച്ചി പ്രദേശം കരകള്‍ ഇടിഞ്ഞ് തുരുത്തുകളേറെയുള്ള കായലായി മാറി. കൊച്ചിക്കായലിലെ ദ്വീപുകളായ വെണ്ടുരുത്തിയേയും പോഞ്ഞിക്കരയേയും തമ്മില്‍ വേര്‍തിരിച്ചിരുന്നത് ഒരു തോടായിരുന്നത്രെ. ഒരു 'ഓലമടല്‍ അകലമെ'ന്നാണ് പ്രശസ്ത സ്ഥലനാമ ഗവേഷകന്‍ വി.വി.കെ. വാലത്ത് 'കേരളത്തിലെ സ്ഥലചരിത്രങ്ങള്‍: എറണാകുളം ജില്ല' എന്ന പുസ്തകത്തില്‍ എഴുതിയിരിക്കുന്നത്.4 വെള്ളപ്പൊക്കവും ശക്തമായ ഒഴുക്കുംമൂലം വെണ്ടുരുത്തിയും പോഞ്ഞിക്കരയും കായലകലമുള്ള ദ്വീപുകളായി മാറി. അടുത്ത കരകളായിരുന്ന ഫോര്‍ട്ടുകൊച്ചിക്കും വൈപ്പിനും ഇടയില്‍ വലിയൊരു വിടവുണ്ടാവുകയും കൊച്ചി അഴി രൂപം കൊള്ളുകയും ചെയ്തു.5 പ്രളയത്തെ തുടര്‍ന്ന് മുസരീസ് തുറമുഖം നശിക്കുകയും ഒരു തുറമുഖത്തിനു വേണ്ട സൗകര്യങ്ങള്‍ കൊച്ചിക്ക് ലഭിക്കുകയുമുണ്ടായി.6
യവനരും (റോമാക്കാര്‍) ഗ്രീക്കുകാരും അറബികളും ചീനരും (ചൈനാക്കാര്‍), പിന്നീട് പറങ്കികളും (പോര്‍ച്ചുഗീസുകാര്‍) ലന്തക്കാരും (ഡച്ചുകാര്‍) പരന്ത്രീസുകാരും (ഫ്രഞ്ചുകാര്‍) ഇങ്കിരീസുകാരും (ബ്രിട്ടീഷുകാര്‍) കൊച്ചിയില്‍ കച്ചവടത്തിനായി കപ്പലടുപ്പിച്ചു. പോര്‍ച്ചുഗീസുകാര്‍ 'ലിറ്റില്‍ ലിസ്ബണ്‍' എന്നും ഡച്ചുകാര്‍ 'ഹോംലി ഹോളണ്ട്' എന്നും ബ്രിട്ടീഷുകാര്‍ 'മിനി ഇംഗ്ലണ്ട്' എന്നും കൊച്ചിയെ വിളിച്ചിരുന്നു.7
കൊച്ചിയിലെ ക്രിസ്ത്യാനികള്‍ 
 1341 നു ശേഷം കൊച്ചി വലിയ ഒരു തുറമുഖമായതിനെ തുടര്‍ന്ന് കൊടുങ്ങല്ലൂര്‍, കൊല്ലം തുടങ്ങിയ പ്രദേശങ്ങളില്‍നിന്നും കുറെ മാര്‍ത്തോമ ക്രിസ്ത്യാനികള്‍ വെണ്ടുരുത്തി ഉള്‍പ്പെടെയുള്ള കൊച്ചിയിലും സമീപ പ്രദേശങ്ങളിലും കുടിയേറുകയും ആ പ്രദേശങ്ങളിലുള്ള ക്രൈസ്തവരുമായി ചേരുകയും ചെയ്തു.8 ആലപ്പുഴ, കൊല്ലം, കൊടുങ്ങല്ലൂര്‍, മാള ഭാഗങ്ങളില്‍ നിന്നും ധാരാളം പേര്‍ വെണ്ടുരുത്തിയിലേക്ക് പില്‍ക്കാലത്തും കുടിയേറുകയുണ്ടായി.
 ക്രിസ്തുസന്ദേശം ഭാരതത്തില്‍ ആദ്യമെത്തിയത്  തോമാശ്ലീഹാ വഴിയാണെന്ന് വിശ്വസിക്കപ്പെടുന്നു. എ.ഡി. 52 ല്‍ ശ്ലീഹാ വാണിജ്യകപ്പലിലൂടെ കൊടുങ്ങല്ലൂരിനടുത്ത മാല്യങ്കരയില്‍ വന്നിറങ്ങി.  കേരളത്തില ങ്ങോളമിങ്ങോളമുള്ള അദ്ദേഹത്തിന്റെ സുവിശേഷ വേലയിലൂടെ  അനേകര്‍ ക്രിസ്തുമതം സ്വീകരിക്കുകയും ചെയ്തു. എ.ഡി. 345/350 ല്‍ സിറിയയില്‍ നിന്നും വര്‍ത്തക പ്രമാണിയായ ക്‌നാനായി തൊമ്മന്‍ 72 സിറിയന്‍ കുടുംബങ്ങളുമായി ജോസഫ് എന്ന മെത്രാനൊപ്പം മഹാദേവര്‍ പട്ടണം എന്ന കൊടുങ്ങല്ലൂരിലെത്തി കുടിയേറിപ്പാര്‍ത്തു. 9,10 നൂറ്റാണ്ടുകളില്‍ പേര്‍ഷ്യയില്‍ നിന്നും മറ്റൊരുസംഘം കൊല്ലത്ത് കുടിയേറി. പില്‍ക്കാലങ്ങളിലും നിരവധി മിഷണറിമാര്‍ കേരളത്തിലെത്തി മതപ്രചരണം നടത്തുകയും അനേകര്‍ ക്രിസ്തുമതം സ്വീകരിക്കുകയും ചെയ്തു.9
 9-14 നൂറ്റാണ്ടുകളില്‍ മലബാര്‍ (അക്കാലത്ത് കേരളം അറിയപ്പെട്ടിരുന്നത് മലബാര്‍ എന്നായിരുന്നു.) ക്രൈസ്തവസമൂഹം വളരെ ശക്തിയും സ്വാധീനവുമുള്ളവരുമായിരുന്നു. ഉദയംപേരൂര്‍ കേന്ദ്രീകരിച്ച് ക്രൈസ്തവര്‍ക്ക്  രാജാവും വലിയാര്‍വട്ടം അഥവാ ഉന്തിയംപേരൂര്‍ എന്ന ഒരു രാജ്യവും (വില്ലാര്‍വട്ടം/ഉദയം പേരൂര്‍) ഉണ്ടായിരുന്നു. വൈപ്പിന്‍, പറവൂര്‍, ഉദയംപേരൂര്‍ തുടങ്ങി പ്രദേശങ്ങള്‍ (യഥാര്‍ത്ഥ കൊച്ചീരാജ്യം ?) ഈ രാജ്യത്തിലുള്‍പ്പെട്ടിരുന്നു. പെരുമ്പടപ്പുസ്വരൂപത്തിന്റെ ആസ്ഥാനം മഹോദയപുരത്തേക്ക് മാറ്റിയതോടെ വില്ലാര്‍വട്ടം കൊച്ചിയുടെ സാമന്തരാജ്യമായിത്തീര്‍ന്നു.10 പോര്‍ച്ചുഗീസുകാര്‍ കൊച്ചിയില്‍ വരുന്നതിന് ഒരു പതിറ്റാണ്ട് മുമ്പ് വില്ലാര്‍വട്ടം രാജാവ് മരിച്ചു. അദ്ദേഹത്തിനു പിന്തുടര്‍ച്ചക്കാര്‍ ആരുമില്ലായിരുന്നു. അക്കാലത്തെ ക്രിസ്ത്യാനികള്‍ തദ്ദേശിയരുമായി ബന്ധമില്ലാത്ത പേര്‍ഷ്യന്‍ ക്രിസ്ത്യാനികളും സവര്‍ണരായ നാട്ടു ക്രിസ്ത്യാനികളുമായിരുന്നു. ഇവര്‍ പൊതുവെ നസ്രാണികള്‍, സുറിയാനി ക്രിസ്ത്യാനികള്‍, മാര്‍ത്തോമാ ക്രിസ്ത്യാനികള്‍ എന്നൊക്കെയാണ് അറിയപ്പെട്ടിരുന്നത്. അവര്‍ണരില്‍ നിന്നും ക്രിസ്ത്യന്‍ സമൂഹം പൊതുവെ അകല്‍ച്ചയിലായിരുന്നു. അക്കാലത്ത് ജനങ്ങള്‍ പൊതുവെ താമസിച്ചിരുന്നത് തീരപ്രദേശങ്ങളിലായിരുന്നു.
 1500 ല്‍ കൊച്ചിയിലെത്തിയ പോര്‍ച്ചുഗീസ് അഡ്മിറല്‍ പെഡ്രൊ അള്‍വാര്‍ കബ്രാളിനൊപ്പമുണ്ടായിരുന്ന ഫ്രാന്‍സീസ്‌കന്‍ സന്യാസിമാര്‍ കൊച്ചിയില്‍ ഫ്രാന്‍സീസ്‌കന്‍ മിഷന്‍ സ്ഥാപിച്ചു. റോമന്‍ കത്തോലിക്കാ സഭയുടെ ഔപചാരികമായ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.11 ഇന്ത്യ, പേര്‍ഷ്യ, അറേബ്യ രാജ്യങ്ങളുടെ അഡ്മിറലായി പോര്‍ച്ചുഗീസു രാജാവിന്റെ ഉത്തരവോടെ കൊച്ചിയിലെത്തിയ വാസ്‌കോഡി ഗാമയെ സന്ദര്‍ശിച്ച വില്ലാര്‍വട്ടം പ്രജകളായ മാര്‍ത്തോമ ക്രിസ്ത്യാനികള്‍ അവര്‍ സൂക്ഷിച്ചിരുന്ന വില്ലാര്‍വട്ടം രാജാവിന്റെ ചെങ്കോലും കിരീടവും വാസ്‌കോഡി ഗാമയ്ക്ക് സമര്‍പ്പിച്ച് പോര്‍ച്ചുഗീസു രാജാവിനെ തങ്ങളുടെ രാജാവും രക്ഷകനുമായി അംഗീകരിക്കുന്നവെന്ന് അറിയിച്ചു. 1502 നവമ്പര്‍ 19 ന് മട്ടാഞ്ചേരിയില്‍ വെച്ച് യുദ്ധപരിശീലനം നേടിയ ആയിരക്കണക്കിന് യോദ്ധാക്കളുള്‍പ്പെടെ മുപ്പതിനായിരത്തോളം വരുന്ന മാര്‍ത്തോമ സമൂഹത്തിന്റെ  ഈ അഭ്യര്‍ത്ഥന അവഗണിക്കാന്‍ ഗാമയ്ക്കായില്ല. ഗാമ അവരെ പോര്‍ച്ചുഗീസു രാജാവിനു വേണ്ടി ദത്തെടുത്തു. അവരിലെ യോദ്ധാക്കള്‍ പോര്‍ച്ചുഗീസു സൈന്യത്തില്‍ ചേര്‍ന്നു.12
കൊച്ചീ രാജ്യത്തിന്റെ ചരിത്രം
 കൊച്ചീരാജ്യത്തിന്റെ ആസ്ഥാനം ആദ്യകാലത്ത്  മലപ്പുറത്തെ പൊന്നാനി താലൂക്കിലെ പെരുമ്പടപ്പിലെ  ചിത്രകൂടം എന്ന സ്ഥലത്തായിരുന്നു.  പെരുമ്പടപ്പുസ്വരൂപം എന്നായിരുന്നു രാജ്യത്തിന്റെ പേര്.
തിരുവഞ്ചിക്കുളം (കൊടുങ്ങല്ലൂരിനടുത്ത് മഹോദയപുരം) ആസ്ഥാനമായി 12 -ാം നൂറ്റാണ്ട് വരെ കേരളം ഭരിച്ചിരുന്നത് ചേരമാന്‍ പെരുമാള്‍ എന്ന സ്ഥാനപ്പേരില്‍ ചേരരാജാക്കന്മാരായിരുന്നു. നിലവിലിരുന്ന മരുമക്കത്തായ സമ്പ്രദായമനുസരിച്ച്  ചേരമാന്‍ പെരുമാളിന്റെ നേരവകാശി അദ്ദേഹത്തിന്റെ സഹോദരിയും മക്കളുമായിരുന്നു.13  ചേരസാമ്രാജ്യം തകര്‍ന്നതിനെ തുടര്‍ന്ന് അവസാനത്തെ ചേരചക്രവര്‍ത്തിയായ രാമവര്‍മ്മകുലശേഖരന്റെ (1090-1102) പുത്രന്‍ വഴി വേണാട്ട് രാജവംശവും (പിന്നീട് തിരുവിതാംകൂര്‍) സഹോ ദരീപുത്രനില്‍ നിന്ന് പെരുമ്പടപ്പുസ്വരൂപവും (പിന്നീട് കൊച്ചി) രൂപം കൊണ്ടു. രാമവര്‍മ്മകുലശേഖരന്റെ സഹോദരിയെ  പൊന്നാനിയിലെ വന്ദേരി നാട്ടിലെ പെരുമ്പടപ്പു നമ്പൂതിരിയായിരുന്നു വിവാഹം കഴിച്ചത്. അങ്ങിനെയാണ് പെരുമ്പടപ്പുസ്വരൂപം എന്ന പേര് രാജ്യത്തിന് ലഭിക്കുന്നത.14
കാലക്രമേണ പല നാട്ടുരാജ്യങ്ങളും രൂപം കൊള്ളുകയുണ്ടായി.  ഇവയില്‍ കൊല്ലം ആസ്ഥാനമായി കുലശേഖരപെരുമാളുടെ കീഴിലുള്ള വേണാട്, കണ്ണൂര്‍ ആസ്ഥാനമായി കോലത്തിരിയുടെ കീഴിലുള്ള കോലത്തുനാട്, കോഴിക്കോട് ആസ്ഥാനമായി സാമുതിരിയുടെ കീഴിലുള്ള നെടിയിരുപ്പു സ്വരൂപം  പെരുമ്പടപ്പ് ആസ്ഥാനമായി കോയിലധികാരികളുടെ കീഴിലുള്ള പെരുമ്പടപ്പു സ്വരൂപം എന്നീ രാജ്യങ്ങള്‍ രാഷ്ട്രീയമായും സൈനികമായും സാമ്പത്തികമായും മുന്നിലായിരുന്നു. മറ്റ് നാട്ടുരാജ്യങ്ങള്‍ ഇവരുടെ മേല്‍ക്കോയ്മ അംഗീകരിച്ചിരുന്നു.
 ഇന്നത്തെ കൊച്ചിയും തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം എന്നീ പ്രദേശങ്ങളും ചേര്‍ന്ന പെരുമ്പടപ്പ് സ്വരൂപം പില്ക്കാലത്ത് അഞ്ചു താവഴികളായി പിരിഞ്ഞു. താവഴികളിലെ ഏറ്റവും മുതിര്‍ന്നയാള്‍ പെരുമ്പടപ്പുമൂപ്പും രണ്ടാമത്തെ മൂത്തയാള്‍ പെരുമ്പടപ്പു രാജാവുമാകുമായിരുന്നു. ഇത് താവഴികള്‍ക്കുള്ളില്‍ മൂപ്പെളമ തര്‍ക്കങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. കേരളത്തിലെ വന്‍ശക്തി കൊച്ചിയായിരുന്നെങ്കിലും താവഴികള്‍ തമ്മിലും നാട്ടുരാജ്യങ്ങള്‍ തമ്മിലുമുള്ള കലഹങ്ങളാല്‍ രാജ്യം ദുര്‍ബ്ബലമായിരുന്നു. പിന്നീട് ഉണ്ടായ രാഷ്ട്രീയ ധ്രുവീകരണത്തെ തുടര്‍ന്ന് കോഴിക്കോട് സാമൂതിരി കൊച്ചിയേയും കോലത്തുനാടിനേയും കീഴടക്കി. മൂറുകളുടെ (അറബികളുടെ) ഒത്താശയും ഈജിപ്ത്, തുര്‍ക്കി രാജ്യങ്ങളുടെ പിന്തുണയുമാണ് സാമുതിരിയെ മലബാറില്‍ കൂടുതല്‍ ശക്തനാക്കിയത്.
സാമൂതിരിയുടെ ആക്രമണത്തെ തുടര്‍ന്ന് 13-ാം നൂറ്റാണ്ടിന്റെ അവസാനം രാജ്യത്തിന്റെ തലസ്ഥാനം പെരുമ്പടപ്പില്‍ നിന്നും പഴയ ചേരതലസ്ഥാനമായ മഹോദയപുരത്തേക്ക് മാറ്റി. സാമൂതിരിയുടെ തുടര്‍ച്ചയായ ആക്രമണത്തില്‍ പിടിച്ചു നില്‍ക്കാനാവാതെ 1405 ല്‍ രാജാരവിവര്‍മ്മയുടെ കാലത്ത് തലസ്ഥാനം മട്ടാഞ്ചേരി (കൊച്ചി)യിലേക്കും മാറ്റി. 1341 ലെ പെരിയാറിലെ വെള്ളപ്പൊക്കം മഹോദയപുരത്തിന്റെ പ്രതാപം കെടുത്തുകയും ചെയ്തിരുന്നു. പതിനഞ്ചാം നൂറ്റാണ്ട് ആയപ്പോഴേക്കും  പൊന്നാനി മുതല്‍ കൊച്ചിയ്ക്കു തെക്കു ചേര്‍ത്തല വരെ പരന്നു കിടന്നിരുന്ന കൊച്ചി രാജ്യത്തിന്റെ വിസ്തൃതി പകുതിയിലേറെ കുറഞ്ഞു.  
പോര്‍ച്ചുഗീസുകാരുടെ കൊച്ചി; വിദേശാധിപത്യത്തിന്റേയും
 1500 ല്‍ പോര്‍ച്ചുഗീസുകാര്‍ കൊച്ചിയിലെത്തി. പോര്‍ട്ടുഗീസുകാര്‍ വരുമ്പോള്‍ രാഷ്ട്രീയ ഐക്യമില്ലാതെ പരസ്പരവൈരവും അധികാരമത്സരവും കൊണ്ട് തമ്മില്‍ത്തല്ലുന്ന നാട്ടുരാജ്യങ്ങളുടെ കൂട്ടമായിരുന്നു കേരളം. നായര്‍ മാടമ്പിമാരും നമ്പൂതിരി പ്രഭുക്കന്‍മാരും തങ്ങള്‍ക്ക് സ്വാധീനമുള്ള  പ്രദേശങ്ങളില്‍ ആധിപത്യം സ്ഥാപിച്ച് അധികാരം ഉറപ്പിച്ചു. അതുവരെ ക്ഷേത്രകാര്യങ്ങള്‍ നോക്കിയിരുന്ന നമ്പൂതിരിമാര്‍ രാജ്യഭരണകാര്യങ്ങളില്‍ അധികാരത്തോടെ ഇടപ്പെട്ടു. ആഴ്‌വഞ്ചേരി തമ്പ്രാക്കളല്ലാതെ ഒരു രാജാവിനു പോലും വിധേയരല്ലാത്ത ഇവര്‍ കുടിയാന്മാരുടെ മേല്‍ കൊല്ലും കൊലയും നടത്തിയിരുന്നു.15 സുഖഭോഗജീവിതം നയിക്കുന്ന സവര്‍ണ്ണര്‍, തീണ്ടലും അയിത്തവും ഭയന്ന് പുറത്തിറങ്ങാന്‍ മടിക്കുന്ന അധഃകൃതര്‍.16
 പരമാധികാരമുള്ള രാജ്യങ്ങള്‍ വേണാടും സാമുതിരിയുടെ നെടിയിരുപ്പു സ്വരൂപവുമായിരുന്നു. കൊച്ചിയുടെ സിംഹഭാഗവും സാമുതിരിയുടെ കീഴിലായിരുന്നു. ഇന്നത്തെ പശ്ചിമകൊച്ചിയും എറണാകുളവും തൃശ്ശൂരിലെ ഏതാനും ഭാഗങ്ങളും മാത്രമായിരുന്നു കൊച്ചീരാജ്യം. ഒരിക്കല്‍ കേരള ചക്രവര്‍ത്തി സ്ഥാനമുണ്ടയിരുന്ന കൊച്ചി രാജാവ് അക്കാലത്ത് സാമുതിരിക്ക് കപ്പം കൊടുക്കേണ്ടി വരുകയും കൊട്ടാരം ഓടുമേയാനുള്ള അവകാശം പോലും നിഷേധിക്കപ്പെട്ട് ഓലമേഞ്ഞ പുരയില്‍ താമസിക്കേണ്ട അവസ്ഥയിലുമായിരുന്നു.17
 സാമൂതിരിക്കെതിരെ ഏറ്റവും മികച്ച കൂട്ടാളി എന്ന നിലയില്‍ കൊച്ചി രാജാക്കന്മാര്‍ പോര്‍ച്ചുഗീസുകാരെ നിറഞ്ഞ മനസ്സോടെ സ്വാഗതം ചെയ്തു. പോര്‍ച്ചുഗീസുകാര്‍ക്ക് ഊഷ്മളമായ സ്വീകരണം കൊച്ചിയില്‍ ലഭിച്ചു. 1500 ഡിസംബര്‍ 24 ന് കൊച്ചിയിലെത്തിയ പോര്‍ച്ചുഗീസ് അഡ്മിറല്‍ പെഡ്രൊ അള്‍വാര്‍ കബ്രാളു (Pedro Alvares Cabral) മായി കൊച്ചി രാജാവ് ഉണ്ണി ഗോദവര്‍മ്മ രാമന്‍ കോയികള്‍ (1500 - 1537) ഒരു സൗഹൃദ ഉടമ്പടിയുണ്ടാക്കിയിരുന്നു. അവര്‍ക്ക് കൊച്ചിയില്‍ ഒരു വ്യാപാരശാല നിര്‍മ്മിക്കുവാന്‍ അനുവാദം നല്‍കി. സാമൂതിരിയുമായി തെറ്റി 1502 ല്‍ കൊച്ചിയിലെത്തിയ വാസ്‌കോ ഡി ഗാമയുമായി ഈ സൗഹൃദ കരാര്‍ പുതുക്കി. കൊച്ചി വഴിയുള്ള വ്യാപാരം വളരെ വര്‍ദ്ധിച്ചു.18
 കൊച്ചിയില്‍ നിന്നും സാമൂതിരിയുമായി നടന്ന യുദ്ധത്തില്‍ വാസ്‌കോ ഡി ഗാമ കോഴിക്കോടിലെ ഒരു അറബി വ്യാപാരശാല ബോംബിട്ടു നശിപ്പിച്ചു. യുദ്ധാനന്തരം വാസ്‌കോഡി ഗാമ പോര്‍ച്ചുഗലിലേക്ക് തിരിച്ചുപോയി. ഗാമ കൊച്ചിയില്‍ നിറൂത്തിയ പോര്‍ച്ചുഗീസുകാരെ വിട്ടു തരണമെന്ന ആവശ്യം കൊച്ചീരാജാവ് നിരസിച്ചതിനാല്‍  1503 മാര്‍ച്ച് 1 ന് കോഴിക്കോട് സൈന്യം കൊച്ചിയിലേക്ക് നീങ്ങി. സാമൂതിരി കൊച്ചിയെ കരവഴിയും കടല്‍വഴിയും ആക്രമിച്ച് കീഴടക്കി, രാജകൊട്ടാരം ചുട്ടുകരിച്ചു. അനന്തരവരായ 3 കൊച്ചീരാജാക്കന്മാരെ സാമൂതിരി വധിച്ചു. കൊച്ചി രാജാവ് പ്രാണരക്ഷാര്‍ത്ഥം വൈപ്പിനിലെ എളങ്കുന്നപ്പുഴ ക്ഷേത്രത്തിലേക്ക് കടന്നു.
കണ്ണൂര്‍ കോലത്തിരിയില്‍ നിന്നും കൊച്ചിയിലെ സ്ഥിതി അറിഞ്ഞ പോര്‍ച്ചുഗീസ് അഡ്മിറലായിരുന്ന (പിന്നീട് പോര്‍ച്ചുഗീസ് ഇന്ത്യയുടെ വൈസ്രോയി) അല്‍േഫാണ്‍സോ ഡി അല്‍ബുക്കര്‍ക്ക് (Alphonso de Albuquerque) 1503 സെപ്തംബര്‍ 2 ന് ആറ് വലിയ കപ്പലുകളില്‍ ഒരു വന്‍ സൈന്യവുമായി അറബിക്കടലിലൂടെ കൊച്ചിയിലെത്തി. പോര്‍ച്ചുഗീസ് സൈന്യാധിപനായ ദുവാത്തെ പച്ചിക്കോ പെരേര (Duarte Pacheco Pereira) യുടെ നേതൃത്വത്തില്‍ പോര്‍ച്ചുഗീസ് സൈന്യം സാമൂതിരിയുടെ സൈന്യവുമായി ഏറ്റുമുട്ടി. നിരവധി പേര്‍ കൊച്ചി കായലില്‍ മരിച്ചുവീണു.19
 വെണ്ടുരുത്തി ദ്വീപിനെ വളഞ്ഞ സൈന്യം ദ്വീപില്‍ പാളയമടിച്ചിരുന്ന സാമൂതിരിയുടെ സൈന്യത്തെ തീര്‍ത്തും വകവരുത്തി. സാമൂതിരിയുടെ സൈന്യത്തിന് കൊടുങ്ങല്ലൂരേക്ക് പിന്മാറേണ്ടി വന്നു.20  1504 ല്‍ സാമുതിരി സര്‍വ്വസന്നാഹവുമായി വീണ്ടും കൊച്ചി ആക്രമിക്കുവാന്‍ എത്തി. 4,000 നാവികര്‍, 250 കപ്പലുകള്‍, 60,000 പേരടങ്ങിയ കാലാള്‍പ്പട. കോഴിക്കോടന്‍ സൈന്യം കൊടുങ്ങല്ലൂരുനിന്നും പുറപ്പെട്ട്  സാമുതിരിയെ പിന്തുണയ്ക്കുന്ന നാട്ടുരാജാവായിരുന്ന ഇടപ്പള്ളി രാജാവിന്റെ  പടയുമായി ചേര്‍ന്ന് വേമ്പനാട് കായലിന്റെ തീരത്തുകൂടി തെക്കോട്ട്  മാര്‍ച്ചു ചെയ്തു. മരട്ടില്‍ നിന്നും നെട്ടൂരിലേക്ക് കടന്നു. ആഴം കുറഞ്ഞ കുമ്പളം ചാലി (Cambalão ford)ലൂടെ പള്ളുരുത്തി കടന്ന് കൊച്ചി ആക്രമിക്കാനുള്ള സാമുതിരിയുടെ നീക്കം ദുവാത്തെ പച്ചിക്കോ പരാജയപ്പെടുത്തി.21 പോര്‍ച്ചുഗീസ് -കൊച്ചി സംയുക്ത സൈന്യം  സാമൂതിരിയുടെ സൈന്യവുമായി കായലില്‍വെച്ച് ഘോരയുദ്ധം നടന്നു. നെട്ടൂര്‍, കുമ്പളം, പനങ്ങാട്  തുരുത്തുകള്‍ യുദ്ധക്കളങ്ങളായി. പനങ്ങാട് കടവില്‍ വെച്ച് സംയുക്ത സൈന്യം സാമൂതിരിയുടെ സൈന്യത്തെ തോല്‍പ്പിച്ച് പനങ്ങാട് താവളമടിച്ചു. പിന്നീട് സാമൂതിരി ഈജിപ്തിലെ സുല്‍ത്താന്റെ സഹായം അഭ്യര്‍ത്ഥിച്ചെങ്കിലും അത് ലഭിച്ചില്ല.
 പോര്‍ച്ചുഗീസുകാര്‍ കൊച്ചീരാജാവിനെ വിജയപൂര്‍വ്വം സിംഹാസനത്തില്‍ അവരോധിച്ചു. സാമൂതിരിയില്‍നിന്നും രക്ഷപ്പെട്ട രാജാവ് പ്രതിഫലമെന്ന നിലയില്‍ െകാച്ചിയില്‍ കോട്ടകളും ദേവാലയങ്ങളും പണികഴിപ്പിക്കുന്നതിന് പോര്‍ച്ചുഗീസുകാര്‍ക്ക് അനുവാദവും സഹായവും നല്‍കി. ഓലക്കുടിലുകള്‍ നിറഞ്ഞ ഒരു മുക്കുവഗ്രാമമായിരുന്നു കൊച്ചി അന്ന്. കൊച്ചിയെ ഇരുപതു വര്‍ഷം കൊണ്ട് അല്‍ബുക്കര്‍ക്ക് യൂറോപ്പിലെ ഏതൊരു നഗരത്തേയും പോലെയാക്കി മാറ്റി. പള്ളികളും ആശ്രമങ്ങളും ആശുപത്രിയും സ്‌ക്കൂളുകളും ഗോഡൗണുകളും യൂറോപ്യന്‍ മട്ടിലുള്ള ബംഗ്ലാവുകളും തോട്ടങ്ങളും കളിസ്ഥലങ്ങളും ഉണ്ടാക്കി മുക്കുവഗ്രാമത്തെ ആധൂനികരിച്ചു. അല്‍േഫാണ്‍സോ ഡി അല്‍ബുക്കര്‍ക്ക് ഇന്ത്യയിലെ ആദ്യത്തെ വിദേശ കോട്ടയെന്നു വിശേഷിപ്പിക്കാവുന്ന വലിയ ഒരു കോട്ട, ഇമ്മാനുവേല്‍  കോട്ട (Fort Emmanuel) കൊച്ചിയുടെ വടക്ക് അഴിമുഖം മുതല്‍ രണ്ടു കിലോമീറ്ററോളം നീളത്തില്‍  പണികഴിപ്പിച്ചു. ഈ കോട്ടയില്‍ നിന്നുമാണ്  ഫോര്‍ട്ടുകൊച്ചിക്ക് ആ പേര് ലഭിച്ചത്. പോര്‍ച്ചുഗീസുകാര്‍ കൊച്ചിയില്‍ ഒരു വ്യാപാരശാലയും നിര്‍മ്മിച്ചു.  സാധാരണ ജനങ്ങള്‍ക്ക് ഒട്ടനവധി തൊഴിലവസരങ്ങള്‍ കിട്ടി.22 പോര്‍ച്ചുഗീസുകാരുടെ ഉപദേശമനുസരിച്ച് കൊച്ചി രാജാവ് നാട്ടു പ്രഭുക്കന്മാരുമായി സന്ധിയിലെത്തി. അവര്‍ രാജാവിന്റെ പരമാധികാരം അംഗീകരിച്ച് അദ്ദേഹത്തോട് കൂറു പ്രഖ്യാപിച്ചു.
 പ്രാകൃതമായ ആചാരങ്ങളും ജീവിതരീതികളും വെച്ചു പുലര്‍ത്തിയിരുന്ന കേരളീയ സമൂഹത്തില്‍ ആധൂനിക മാറ്റങ്ങള്‍ക്ക് തുടക്കമിട്ടത് പോര്‍ച്ചുഗീസുകാരാണ്. ജനങ്ങളെ സവര്‍ണ്ണരെന്നോ അവര്‍ണ്ണരെന്നോ നോക്കാതെ സമന്മാരായി കണ്ടു. കേരളത്തിന്റെ സാമൂഹിക, സാംസ്‌കാരിക, സാമ്പത്തിക, കാര്‍ഷിക, വിദ്യാഭ്യാസ മേഖലകളുള്‍പ്പെടെ ആകമാനം ഗുണകരമായ മാറ്റങ്ങള്‍ പോര്‍ച്ചുഗീസുകാരുടെ സാന്നിദ്ധ്യം ഉണ്ടാക്കി. പോര്‍ച്ചുഗീസുകാരുടെ കാലം മുതല്‍ കൊച്ചി ഒരു വലിയ വ്യാപാര കേന്ദ്രമായി വളര്‍ന്നു വന്നു. കൃഷിക്കാരില്‍ നിന്നും കരുമുളക്, ഇഞ്ചി, ഏലം തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങള്‍ പോര്‍ച്ചുഗീസുകാര്‍ നേരിട്ട് വിലയ്ക്ക് വാങ്ങി. അതുവരെ വ്യാപരം നടത്തിയിരുന്ന അറബികളുടേതിനേക്കാള്‍ മെച്ചപ്പെട്ട വില ലഭ്യമായതിനാല്‍ വിളകളുടെ ഉത്പാദനം വര്‍ദ്ധിച്ചു; ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ന്നു.23 ചവിട്ടുനാടകം, ദേവാസ്ത് വിളി തുടങ്ങിയ കലാരൂപങ്ങള്‍ പോര്‍ച്ചുഗീസുകാരുടെ സംഭാവനകളാണ്. കേരളത്തില്‍ ആദ്യമായി അച്ചടിശാലകള്‍ സ്ഥാപിച്ചതും അച്ചടി ആരംഭിച്ചതും പോര്‍ച്ചുഗീസുകാരായിരുന്നു.
കൊച്ചീരാജവിന്റെ കൊട്ടാരം ഫോര്‍ട്ടുകൊച്ചി കല്പാത്തിത്തോടിന്റെ കരയിലായിരുന്നു. തടിയും കല്ലും കല്‍ചെളിയും കൊണ്ട് പണിത് ഓല മേഞ്ഞ് നിലം ചാണകം മെഴുകിയ കൊട്ടാരം. സാധാരണക്കാരന്റെ വീട് ഓലയും മുളയും കൊണ്ടുള്ള കൊച്ചു കുടിലുകളായിരുന്നു.24 വെട്ടിയെടുത്ത ചെങ്കല്ല്, ചുടുകട്ട എന്നിവകൊണ്ട് പണിത്  കക്ക നീറ്റിയെടുത്ത കുമ്മായവും ആറ്റുമണലും ഉപയോഗിച്ചുള്ള ചാന്തുതേച്ച് ഉറപ്പും ഭംഗിയുമുള്ള വീടുകളുടെ നിര്‍മ്മാണ രീതി പോര്‍ച്ചുഗീസുകാര്‍ കൊച്ചിയില്‍ കൊണ്ടുവന്നു.  മരച്ചീനി, കാപ്പി, സപ്പോട്ട, ചാമ്പക്ക, ളോയിക്ക, ഇലുമ്പിപുളി, ഉരുളക്കിഴങ്ങ്, തുടങ്ങിയവയും തടിയുടെ ആവശ്യത്തിനായി  ആഞ്ഞിലി, പരുത്തി എന്നിവ ബ്രസിലില്‍ നിന്നും കൊണ്ടുവന്ന് ഇവിടെ നട്ടു പിടിപ്പിച്ചു. കശുവണ്ടി, റബര്‍, പുകയില, ആത്തച്ചക്ക, കൈതച്ചക്ക, പേരക്ക, പപ്പങ്ങ തുടങ്ങിയവയും പോര്‍ച്ചുഗീസുകാര്‍ നമുക്ക് നല്കിയവയാണ്.25 അറബിക്കടലിലെ ചാള (മത്തി Sardine) പോര്‍ച്ചുഗീസുകാരുടെ സംഭാവനയാണ്. ആഫ്രിക്കയ്ക്കും യൂറോപ്പിനുമിടയിലുള്ള മെഡിറ്ററേനിയന്‍ കടലിലെ സാര്‍ഡിനിയ (Sardinia) എന്ന ദ്വീപിനു ചുറ്റുമാണ് മത്തിയുടെ ആവിര്‍ഭാവം.  മെഡിറ്ററേനിയന്‍ കടലില്‍ സുലഭമായ മത്തിയെ അറബിക്കടലിലെത്തിച്ചതു പോര്‍ച്ചുഗീസുകാരാണ്.26
 അക്കാലത്തെ സാധാരണ ജനങ്ങള്‍ അര്‍ദ്ധനഗ്നരായിരുന്നു. വസ്ത്രമായി ധരിച്ചിരുന്നത് അരയ്ക്കു ചുറ്റും ഒരു തുണി മാത്രമാണ്. ഈ രീതിയില്‍ നിന്നും   പോര്‍ച്ചുഗീസുകാര്‍  പുരുഷന്മാര്‍ക്ക് മുണ്ട്, കളസം, കമ്മീസ്  സ്ത്രീകള്‍ക്ക് കവായ, മുണ്ട്, മുലക്കച്ച  ക്രമേണ റൗക്ക, ബ്ലൗസ്, ഷെമ്മീസ്, പാവാട തുടങ്ങിയ വസ്ത്രധാരണരീതി കൊണ്ടുവന്നു.  ക്രിസ്ത്യനികള്‍ക്കു മാത്രമെ ഈ സൗകര്യമുണ്ടായിരുന്നുള്ളു. സാധാരണ ഹിന്ദുക്കള്‍ക്ക് ഈ സൗകര്യം ലഭിച്ചത് 19 -ാം നൂറ്റാണ്ടിലെ ചാന്നാര്‍ ലഹളയോടെയാണ്.27
 ക്രിസ്ത്യന്‍ മിഷണറിമാരുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ കേരളത്തിന്റെ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ സംഭാവനകള്‍ നല്കി.  അവകാശങ്ങളൊന്നുമില്ലാതെ അയിത്തത്തിന്റേയും തീണ്ടലിന്റേയും ദുരിതമനുഭവിച്ച് , അടിമകളായി ജീവിച്ചിരുന്ന താണജാതിക്കാരെ എല്ലാ പൗരാവകാശങ്ങളോടു കൂടി മനുഷ്യരായി പരിഗണിച്ചിരുന്നത്  പോര്‍ച്ചുഗീസുകാരും തുടര്‍ന്നു വന്ന പാശ്ചാത്യരുമാണ്. അന്നുവരെയില്ലാത്തവിധം വലിയ തൊഴിലവസരങ്ങള്‍ ഉണ്ടായപ്പോള്‍ പട്ടിണിയിലും ദാരിദ്രത്തിലും കഴിഞ്ഞിരുന്ന ജനങ്ങള്‍ അതിനു കാരണക്കാരായ പോര്‍ച്ചുഗീസുകാരുടേയും അവരോടൊപ്പം വന്ന മിഷനറിമാരുടേയും സ്വാധീനത്തിലായതില്‍ അത്ഭുതമില്ലല്ലൊ. നായര്‍, ഈഴവര്‍, വാലന്മാര്‍, മുക്കുവര്‍, പുലയര്‍, തുടങ്ങി അവര്‍ണ്ണ സവര്‍ണ്ണഭേദമോന്യെ നാനജാതികളില്‍ പെട്ടവര്‍ ക്രിസ്തുമതം സ്വീകരിക്കുകയുണ്ടായി. 1540 - 50 കാലത്ത് വെണ്ടുരുത്തി ഉള്‍പ്പെടെ 15 വലിയ മാര്‍ത്തോമ പള്ളികളുടെ കീഴിലെ മുഴുവന്‍ ക്രിസ്ത്യാനികളും റോമന്‍ കത്തോലിക്കാ സഭയില്‍ ചേര്‍ന്നു.28
 1542 ല്‍ ഭാരതത്തില്‍ (ഗോവയില്‍) എത്തിയ വി. ഫ്രാന്‍സീസ് സെവ്യര്‍ 1548 ജനുവരി 12 ന് കൊച്ചിയില്‍ വന്നു. ഗോവ മുതല്‍ കന്യാകുമാരി വരെയും കന്യാകുമാരി മുതല്‍ ഒറീസ്സ വരെയും സിലോണ്‍, മലാക്കാ, ചൈന, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളും അദ്ദേഹത്തിന്റെ പ്രേഷിത പ്രവര്‍ത്തന മേഖലയായിരുന്നു.  ആലപ്പുഴ, കൊച്ചി തീരപ്രദേശങ്ങളില്‍ മാര്‍ത്തോമ ക്രിസ്ത്യാനികള്‍ ലത്തീന്‍ റീത്തിലേക്ക് മാറിക്കൊണ്ടിരിക്കുന്ന കാലമായിരുന്നു ഇക്കാലം. അവരെ നെസ്‌തോറിയന്‍ പാഷണ്ഡതയില്‍ നിന്നും മോചിപ്പിച്ച് കത്തോലിക്കാ സഭാംഗങ്ങളാക്കുവാനുള്ള  വിശ്വാസ പരിശീലനവും ആവശ്യമായ സഹായങ്ങളും അദ്ദേഹം നല്കി.29
 കൊച്ചി 1663 മുതല്‍ 1773 വരെ ഡച്ചുകാരുടെ അധീനതയിലായിരുന്നു. 1653 ലാണ് ഡച്ച് അധിനിവേശം ആരംഭിക്കുന്നത്. ഫോര്‍ട്ട് ഇമ്മാനുവേലിനു പകരം ഡച്ചുകാര്‍ ഇവിടെ ഫോര്‍ട്ട് വില്യംസ് (Fort Williams) പണികഴിപ്പിക്കുകയും ചെയ്തു. പത്തുവര്‍ഷം കൊണ്ട് ഡച്ചുകാര്‍ പോര്‍ച്ചുഗീസുകാര്‍ക്കു മേല്‍ സമ്പൂര്‍ണ്ണ ആധിപത്യം നേടി.
 1580 ല്‍ പോര്‍ച്ചുഗല്‍ സ്‌പെയിനിന്റെ ആധിപത്യത്തിലായിരുന്നതിനാല്‍ ഇന്ത്യയിലെ കാര്യങ്ങള്‍ ശ്രദ്ധിക്കുവാന്‍ പോര്‍ച്ചുഗീസ് രാജാവിന് താല്പര്യമില്ലാതെയായി.  പോര്‍ച്ചുഗീസുകാരുടെ പതനത്തിന് ഒരു പരിധിവരെ കാലക്രമേണ വന്ന അവരുടെ അലസതയും ചൂതാട്ടവും മതാന്ധതയും അസഹിഷ്ണതയും ഉദ്യോഗസ്ഥരുടെ അഴിമതിയുമാണ്. ഇത് അവരെ ജനങ്ങളില്‍  നിന്നും അകറ്റി. അലസരായ പുരുഷന്മാര്‍ ചൂതാട്ടകേന്ദ്രങ്ങളിലും നൃത്തകേന്ദ്രങ്ങളിലും സമയും ചെലവഴിച്ചപ്പോള്‍ ചെലവിനുള്ള വക കണ്ടെത്തേണ്ടത് അടിമകളുടെ പണിയായിരുന്നു.
 കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ തെങ്ങുകൃഷി വ്യാപകമാക്കിയത് ഡെച്ചുകാരാണ്. നല്ലയിനം തേങ്ങുകള്‍ക്കായി വെണ്ടുരുത്തിയിലും വൈപ്പിനിലും ശാസ്ത്രീയമായ രീതിയില്‍ തെങ്ങിന്‍തൈകള്‍ വെച്ചുപിടിപ്പിച്ചിരുന്നു. സൂററ്റില്‍നിന്നും മേല്‍ത്തരം അമരിതൈകള്‍ കൊണ്ടുവന്ന് വെണ്ടുരുത്തി, എറണാകുളം, ആലങ്ങാട്, വരാപ്പുഴ തുടങ്ങിയ സ്ഥലങ്ങളില്‍ കൃഷി ചെയ്ത് നാട്ടുകാര്‍ക്ക് പരിശീലനം നല്കുകയും ചെയ്തു. ഉപ്പ് നിര്‍മ്മാണം, ചായം മുക്കല്‍ തുടങ്ങിയവ കേരളത്തില്‍ കൊണ്ടു വന്നത് ഡച്ചുകാരാണ്.30 
 1634-35 കാലത്ത് ഇംഗ്ലീഷുകാര്‍ പോര്‍ച്ചുഗീസുകാരുമായി ഒപ്പിട്ട കരാര്‍ പ്രകാരം പോര്‍ച്ചുഗീസ് തുറമുഖങ്ങള്‍ കൊച്ചി (വെണ്ടുരുത്തി) ഉള്‍പ്പെടെ ബ്രീട്ടീഷ് നിയന്ത്രണത്തിലായി. 1773 ല്‍ മൈസൂര്‍ രാജാവ് ഹൈദര്‍ അലി കൊച്ചി കീഴടക്കി. കൊച്ചീരാജാവ്  ഹൈദര്‍ അലിക്ക് ഭീമമായ തുകയും മറ്റും കപ്പം കൊടുക്കേണ്ടിയും വന്നു.  1791 ഇംഗ്ലീഷ് ഈസ്റ്റിന്‍ഡ്യാ കമ്പനിയുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം  കൊച്ചീരാജാവ് ഇംഗ്ലീഷുകാരുടെ സാമന്തനാകുകയും ആണ്ടു തോറും കപ്പം കൊടുക്കേണ്ടിയും വന്നു. 1800 ല്‍ കൊച്ചി മദിരാശി ഗവണ്‍മെന്റിന്റെ  കീഴിലായി. അങ്ങിനെ കൊച്ചി ബ്രിട്ടീഷുകാരുടെ നിയന്ത്രണത്തിലായി; 1947 ഇന്ത്യയുടെ സ്വാതന്ത്ര്യ ലബ്ധി വരെ.
1938 ജൂണ്‍ 17 ന് പാസ്സാക്കിയ കൊച്ചിന്‍ ഗവണ്‍മെന്റ് ആക്ട് പ്രകാരം കൊച്ചിയില്‍ നിയമസ്സഭ രൂപംകൊണ്ടു. 1949 ജൂലായ് ഒന്നിന് സ്വാതന്ത്ര്യ ഇന്ത്യന്‍ സംസ്ഥാനങ്ങളായ കൊച്ചിയും തിരുവിതാംകൂറും  ചേര്‍ന്ന് തിരു - കൊച്ചി  സംസ്ഥാനം രൂപം കൊണ്ടു. തിരുവിതാംകൂര്‍ മഹാരാജാവ് സംസ്ഥാനത്തിന്റെ രാജപ്രമുഖനായി. പ്രജകള്‍ക്ക് വിശാലമായ ജീവിതം കൈവരിക്കാന്‍ കൊച്ചീ മഹാരാജാവ് തന്റെ സമസ്താവകാശങ്ങളും ത്യജിച്ചു. 1956 നവമ്പര്‍ ഒന്നിന് മലബാര്‍, കൊച്ചി, തിരുവിതാകൂര്‍ എന്ന വേര്‍തിരിവില്ലാതെ ഐക്യകേരളം രൂപം കൊണ്ടു.
യുദ്ധകാലത്തെ വെണ്ടുരുത്തി
 രണ്ടാം ലോക മഹായുദ്ധകാലത്ത് വെണ്ടുരുത്തിയില്‍ ആംഗ്ലോ ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള ലത്തീന്‍ കത്തോലിക്കര്‍, അരയന്‍മാര്‍, ഈഴവര്‍ തുടങ്ങിയവരാണ് താമസിച്ചിരുന്നത്. ഏതാനും മുസ്ലീം കുടുംബങ്ങളുമുണ്ടായിരുന്നു. കാഞ്ഞൂര്‍ സെന്റ് സെബാസ്റ്റിയന്‍ പള്ളിക്ക് ആത്മക്കാരുടെ നിയോഗത്തിനായി വെണ്ടുരുത്തിക്കാര്‍ നല്‍കിയ ഭൂമിയായിരുന്നു വാത്തുരുത്തി. അവിടെ ഒരു കശുവണ്ടി കമ്പനിയുണ്ടായിരുന്നു. ദേവാലയങ്ങള്‍ കൂടാതെ കൊച്ചി തുറമുഖം, ഒരു സര്‍ക്കാര്‍ കുഷ്ഠരോഗാശുപത്രി, വിശുദ്ധ കുരിശിന്റെ പള്ളിയോട് ചേര്‍ന്ന് ഒന്നും രണ്ടും ക്ലാസ്സുകളുള്ള ഒരു സ്‌ക്കൂള്‍, ഇടവകപ്പള്ളിയോട് ചേര്‍ന്ന്  ഒന്നു മുതല്‍ നാലു വരെ  ക്ലാസ്സുകളുള്ള സെന്റ് പീറ്റേഴ്‌സ് എല്‍.പി. സ്‌ക്കൂള്‍ എന്നിവയും വെണ്ടുരുത്തിയില്‍ ഉണ്ടായിരുന്നു. ഒരുവിധം ആളുകളുടെ വിദ്യാഭ്യാസം നാലാം ക്ലാസ്സു വരെയായിരുന്നു. കൂടുതല്‍ സൗകര്യമുള്ളവര്‍ അടുത്ത കരകളിലെ സ്‌ക്കൂളുകളില്‍ പോയി കൂടുതല്‍ പഠിച്ചിരുന്നു.
 ഇപ്പോഴത്തെ നേവിയുടെ എയര്‍േപാര്‍ട്ട് അക്കാലത്ത് കൃഷിസ്ഥലമായിരുന്നു. ചൂണ്ടപ്പണി, തുന്നല്‍, കള്ളുചെത്ത്, കല്പാത്തിപ്പണി (ബോട്ട്, വള്ളം, ഉരു തുടങ്ങിവയുടെ നിര്‍മ്മാണം), ചെരിപ്പുകുത്തല്‍, മരപ്പണി, കല്പണി തുടങ്ങിയ കൈത്തൊഴിലുകളായിരുന്നു മിക്കവര്‍ക്കും.
സ്വന്തം കൃഷിയുള്ളവരുമുണ്ടായിരുന്നു. നെല്ലും തേങ്ങയുമായിരുന്നു പ്രധാന കൃഷികള്‍. വെണ്ടുരുത്തിയിലെ കല്പാത്തിപ്പണിക്കാര്‍ക്ക് കൊച്ചിയിലും ആലപ്പുഴയിലുമൊക്കെ വലിയ ഡിമാന്റായിരുന്നുവെന്ന് പഴമക്കാര്‍ പറയാറുണ്ട്.
 അന്നത്തെ യാത്രാമാര്‍ഗ്ഗം പുഴയായതിനാല്‍ സാധാരണക്കാര്‍ക്ക് വഞ്ചി ഒരു പ്രധാന വാഹനമായിരുന്നു; അല്ലെങ്കില്‍ ഒരേയൊരു വാഹനമായിരുന്നു. വെണ്ടുരുത്തി ഉള്‍പ്പെടെയുള്ള ദ്വീപുകളെ തമ്മില്‍ അടുപ്പിച്ചിരുന്നത് കടത്തുവള്ളങ്ങളായിരുന്നു. പല വലിപ്പത്തിലും ആകൃതിയിലുമൊക്കെ പണിത വള്ളങ്ങള്‍ ദ്വീപുകളിലെ വഞ്ചിപ്പുരകളില്‍ എപ്പോഴും തയ്യാറായി നിന്നിരുന്നു; വളരെ ചെറിയ കൊതുമ്പുവഞ്ചി, ചൂണ്ടവഞ്ചി, വളവരയന്‍ വഞ്ചി, ദൂരെ ദിക്കിലേക്ക് ചരക്കുകള്‍ കൊണ്ടുപോകുന്ന കേവുവള്ളങ്ങള്‍. വെണ്ടുരുത്തി ഇടവക പള്ളിയുടെ മുമ്പിലുള്ള കടവില്‍നിന്നും പെരുമാനൂരിലെ കല്പക കടവില്‍ (ഇപ്പോഴത്തെ കല്പക ലെയ്ന്‍ - കേരള സംസ്ഥാന ജല ഗതാഗത വകുപ്പിന്റെ തേവര ബോട്ട് യാര്‍ഡ്, സെന്റ് തോമസ് ഹൈസ്‌കൂളിന് സമീപം) കടത്തിറങ്ങിയാണ് പെരുമാനൂര്‍, തേവര, എറണാകുളം തുടങ്ങിയ ദേശങ്ങളിലേക്ക് യാത്ര ചെയ്യുന്നത്. നെട്ടൂരേക്ക് വരുന്നതും ഈ വഴിതന്നെ. കല്പക ഓയില്‍ മില്‍സ് എന്ന ഒരു സ്ഥാപനം അവിടെ അവിടെ ഉണ്ടായിരുന്നതിനാലാണ് കല്പക കടവെന്ന് പേരു വന്നത്.
സാധാരണക്കാര്‍ കടത്തുവഞ്ചിയിലൂടെ യാത്ര ചെയ്യുമ്പോള്‍ കൈയ്യില്‍ കാശുള്ളവരും മാടമ്പികളും ചാരുകസേരകളോടുകൂടിയ 'വളവരയന്‍ വഞ്ചി'യെന്ന ആഢംബര വഞ്ചിയിലായിരുന്നു യാത്ര.
കൊച്ചിക്കായലിലൂടെ കോഴിക്കോടുവരേയും തിരുവനന്തപുരം വരെയും െകാച്ചിയില്‍നിന്നും സുഗമമായ ജലഗതാഗത മാര്‍ഗമുണ്ടായിരുന്നു.
 വെണ്ടുരുത്തിക്കാരുടെ വീടുകള്‍ മിക്കവാറും മരം, പനമ്പ്, ഓല തുടങ്ങിയവ കൊണ്ടുള്ള ചുവരുകളുള്ളതും ഓലമേഞ്ഞതുമായിരുന്നു. ഇഷ്ടിക, ഓട് വീടുകള്‍ അക്കാലത്ത് അധികമില്ലായിരുന്നു.
ദൈവത്തിന്റെ ആലയങ്ങള്‍
വിശുദ്ധ പത്രോസ് പൗലോസ്  ദേവാലയം
കിഴക്കുഭാഗത്തെ കായലിന് അഭിമുഖമായി സ്ഥിതി ചെയ്യുന്ന വിശുദ്ധ പത്രോസ് പൗലോസ്  ദേവാലയമായിരുന്നു (St. Peter and St. Paul Church) ഇടവകപ്പള്ളി. 1788 ല്‍ ലൂക്കാ പാദ്രിയുടേയും മിഖേല്‍ കപ്പിത്താന്റേയും നേതൃത്വത്തിലാണ് ഈ പള്ളി പണിതത്.* പള്ളിയുടെ അള്‍ത്താര സ്വര്‍ണ്ണം പൂശിയതാണെന്നും പോര്‍ച്ചുഗീസുകാരുടെ നേതൃത്വത്തില്‍ ചൈനക്കാരായ പണിക്കാര്‍ നിര്‍മ്മിച്ചതാണെന്നും പറയപ്പെടുന്നു. അള്‍ത്താരയില്‍ വിശുദ്ധ പത്രോസിന്റെയും വിശുദ്ധ പൗലോസിന്റെയും സ്വരൂപങ്ങള്‍ ഇരുവശങ്ങളിലും പരിശുദ്ധ കന്യാമറിയത്തിന്റെ സ്വരൂപം മദ്ധ്യത്തിലുമായിരുന്നു. വിശുദ്ധ പത്രോസ് പൗലോസ് കൊമ്പ്രര്യയും പരിശുദ്ധ ജനനിയുടെ പേരിലുള്ള കൊമ്പ്രര്യയും ഉണ്ടായിരുന്നു.
വിശുദ്ധ പത്രോസ് പൗലോസ്  ദേവാലയ
അള്‍ത്താര
1788 ല്‍ പണിത ഇപ്പോഴത്തെ പള്ളിയിരുന്ന സ്ഥാനത്ത് പോര്‍ച്ചുഗീസുകാര്‍ 1599 ല്‍ ഒരു ദേവാലയം പണിതിരുന്നു. ഈ ദേവാലയം 1676 ലെ വെള്ളപ്പൊക്കത്തില്‍ നശിക്കുകയാണുണ്ടായത്.*
പോര്‍ച്ചുഗീസുകാര്‍ 1524 ല്‍ വല്ലാര്‍പാടത്ത് പരിശുദ്ധാത്മാവിന്റെ നാമധേയത്തില്‍ പണിത ദേവാലയവും (Holy Spirit Church) 1573 ല്‍ വൈപ്പിനിലെ ഓച്ചന്തുരുത്ത് പണിത കുരിശിങ്കല്‍ ദേവാലയവും (Cruc Milagres Church) 1676 ലെ വെള്ളപ്പൊക്കത്തില്‍ നശിച്ചതായി ചരിത്രം പറയുന്നു.
ഉദയംപേരൂര്‍ സൂനഹദോസ് നടക്കുന്ന സമയത്ത് (1599 ജൂണ്‍ 20-26) കേരളത്തില്‍ 130 ക്രൈസ്തവ ദേവാലയങ്ങളാണുണ്ടായിരുന്നത്. ഇവ മാര്‍തോമ്മ ക്രിസ്ത്യന്‍ പള്ളികളായിരുന്നു. ഇതില്‍ 30 പള്ളികള്‍ ലത്തീന്‍ റീത്ത് സ്വീകരിക്കുന്നതിന് അനുകൂല സാഹചര്യങ്ങളുണ്ടായിരുന്നുവെങ്കിലും അവയില്‍ 15 പള്ളികള്‍,  വിശ്വാസികള്‍ മുഴുവനോടെ ലത്തീന്‍ റീത്ത് സ്വീകരിക്കുകയുണ്ടായി. ഈ പതിനഞ്ച് പള്ളികളിലൊന്നാണ് വെണ്ടുരുത്തി പള്ളി.31
പോര്‍ച്ചുഗീസുകാരുടെ വരവിന് മുമ്പുതന്നെ വെണ്ടുരുത്തിയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ പേരില്‍ ഒരു ദേവാലയം ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ഡിസംബര്‍ 8 ന് ദൈവജനനിയുടെ നാമത്തില്‍ പണ്ടുമുതലേ തിരുനാള്‍ ആഘോഷിച്ചിരുന്നു*
പെരുമാനൂര്‍, തേവര, കോന്തുരുത്തി, മൂത്തേടം, തൈക്കൂടം,  തുടങ്ങിയ സ്ഥലത്തെ കത്തോലിക്കരുടെ ഇടവക പള്ളിയായിരുന്നു വെണ്ടുരുത്തി. വെണ്ടുരുത്തിയില്‍ നിന്നാണ് ഈ ഇടവകകള്‍ ആവിര്‍ഭവിച്ചത്.*.
തിരുവിതാംകൂര്‍ ദിവാനായിരുന്ന വേലുത്തമ്പി ദളവയും കൊച്ചി മന്ത്രിയായിരുന്ന പാലിയത്തച്ചനുമായുള്ള സഖ്യത്തെത്തുടര്‍ന്ന് (1805 - 1808) കൊച്ചിയിലും സമീപ പ്രദേശത്തും കത്തോലിക്കര്‍ക്ക് വളരെയേറെ മര്‍ദ്ദനമേല്‍ക്കേണ്ടിവന്നിട്ടുണ്ട്; ദേവാലയങ്ങള്‍ക്ക് നാശമേറ്റിട്ടുണ്ട്. വിദേശികളോടുള്ള എതിര്‍പ്പ് ക്രിസ്ത്യന്‍ പള്ളികള്‍ നശിപ്പിക്കുന്നതിലേക്കും മാറി. ഈ അക്രമികളായ പടയാളികള്‍ 'പെട്ടിക്കൊലപ്പടയെന്നാണ് കുപ്രസിദ്ധി നേടിയത്*
വെണ്ടുരുത്തി പള്ളി ആക്രമിക്കുന്നതിനായി ഒരു പട്ടാളക്കൂട്ടം പുറപ്പെട്ടു. ഇതറിഞ്ഞ വെണ്ടുരുത്തിക്കാര്‍ സ്ത്രീകളും കുട്ടികളുമടക്കം പള്ളിമുറ്റത്ത് ഒന്നിച്ചുചേര്‍ന്നു, കായലിലേക്കിറങ്ങി അരവരെ വെള്ളത്തില്‍ സൈന്യത്തെ തടയുവാനായി നിലയുറപ്പിച്ചു. പള്ളിയെ ആക്രമിക്കുന്നതില്‍നിന്നും പിന്മാറുവാന്‍ അവര്‍ സൈന്യത്തോട് ആവശ്യപ്പെട്ടു. ജീവന്‍ വെടിഞ്ഞും പള്ളി സംരക്ഷിക്കുവാനുള്ള നാട്ടുകാരുടെ ധൈര്യം കണ്ട് സൈന്യം പിന്തിരിഞ്ഞുവെന്ന് പറയപ്പെടുന്നു.*
ദിവ്യബലി ലത്തീന്‍ ഭാഷയിലായിരുന്നു. വൈദികര്‍ അള്‍ത്താരയ്ക്കുനേരെ തിരിഞ്ഞായിരുന്നു പരിശുദ്ധ കുര്‍ബ്ബാനയര്‍പ്പിച്ചിരുന്നത്. ജപമാലയും വണക്കമാസവും വീടുകളിലെ പ്രാര്‍ത്ഥനകളായിരുന്നു. നാട്ടില്‍ ധാരാളമുള്ള എരുക്കിന്‍പൂവ്, മുതല ചുള്ളി പൂവ് തുടങ്ങിയവകൊണ്ട് മാലകോര്‍ത്ത് രൂപങ്ങള്‍ അലങ്കരിച്ചിരുന്നു.
വി. പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ തിരുനാള്‍ (ജൂണ്‍ 29), പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാള്‍ (ഡിസംബര്‍ 8), വിശുദ്ധ കുരിശിന്റെ തിരുനാള്‍, വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാള്‍ തുടങ്ങിയവയായിരുന്നു പെരും നാളുകള്‍.
നോമ്പുകാലത്ത് 'കുരിശിന്റെ വഴി'യുണ്ടാകും. ദുഃഖവെള്ളിയാഴ്ച പള്ളിയുടെ അകത്ത് പാസ്‌ക് രൂപം കൊണ്ടുള്ള കുരിശിന്റെ വഴി വെണ്ടുരുത്തിയില്‍ മാത്രം നടന്നിരുന്ന ഒന്നാണ്. പാസ്‌ക് രൂപം (യേശുവിന്റെ പീഡിതരൂപം) വളരെയേറെ പ്രത്യേകതയുള്ളതാണ്. രൂപത്തിന്റെ ശിരസ്സ്, കൈകാലുകള്‍ തുടങ്ങിയവ ചലിപ്പിക്കുവാന്‍ പറ്റിയ വിധത്തിലായിരുന്നു ഉണ്ടാക്കിയിരുന്നത്. കുറ്റിക്കാട്ട് അന്തോ റൂബന്‍ (ബാപ്പൂട്ടി മേസ്തിരി) ആണ് പാസ്‌ക്ക് രൂപം കൊണ്ട് കുരിശിന്റെ വഴി പുനഃസൃഷ്ടിച്ചിരുന്നത്. പീലാത്തോസ് യേശുവിനെ കുരിശുമരണത്തിന് വിധിക്കുന്നതു മുതല്‍ മൃതദേഹം കല്ലറയില്‍ അടയ്ക്കുന്നതുവരെയുള്ള 14 സ്ഥലങ്ങളിലേയും സംഭവങ്ങള്‍ പാസ്‌ക്ക് രൂപംവഴി കാണിച്ചിരുന്നു.
പത്ത് പ്രധാന മനോഗുണപ്രവൃത്തികള്‍ (10 കല്പനകള്‍), തിരുസ്സഭാ കല്പനകള്‍, ത്രീത്വസ്തുതി, കര്‍തൃപ്രാര്‍ത്ഥന,  നന്മനിറഞ്ഞ മറിയം, വിശ്വാസപ്രമാണം എന്നിവയായിരുന്നു പ്രധാനമായും മതബോധന ക്ലാസ്സുകളില്‍ കുട്ടികള്‍ പഠിച്ചിരുന്നത്. തോമസ് ആശാന്റെ നേതൃത്വത്തിലായിരുന്നു വേദപഠന ക്ലാസ്സുകള്‍.
വെണ്ടുരുത്തിയില്‍ ധീവരരും ഈഴവരും ഉണ്ടായിരുന്നുവെങ്കിലും ഹൈന്ദവ ക്ഷേത്രങ്ങള്‍ ഉണ്ടായിരുന്നില്ല. വിശുദ്ധ പത്രോസ് പൗലോസ് ദേവാലയത്തെ കൂടാതെ ഒരു കപ്പേളയും ഒരു പള്ളിയും കൂടി വെണ്ടുരുത്തിയില്‍ ഉണ്ടായിരുന്നു- കടല്‍ക്കര മാതാവിന്റെ കപ്പേളയും വിശുദ്ധ കുരിശിന്റെ പള്ളിയും.
കടല്‍ക്കരെ നിന്നും കാക്കുന്ന മാതാവ്
ഇപ്പോഴത്തെ കൊച്ചിന്‍ ഹാര്‍ബറിന് സമീപമായിരുന്നു കടല്‍ക്കര മാതാവിന്റെ കപ്പേള (Star of the Sea Shrine)- സ്ഥിതി ചെയ്തിരുന്നത്. വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് ഇടവക പള്ളിയില്‍നിന്നും കടല്‍ക്കര മാതാവിന്റെ കപ്പേളവരെ പ്രദക്ഷിണം ഉണ്ടാകും. പുണ്യാളന്റെ സ്വരൂപം കപ്പേളയില്‍വെച്ച് പ്രാര്‍ത്ഥനകള്‍ നടത്തുമായിരുന്നു. ദിവ്യബലിയര്‍പ്പണമുണ്ടായിരുന്നില്ല. കപ്പേളയില്‍ കടല്‍ക്കര മാതാവിന്റെ സ്വരൂപം പ്രതിഷ്ഠിച്ചിരുന്നു.
വിദേശികളായ ഏതോ കപ്പല്‍ക്കാര്‍ പണികഴിപ്പിച്ചതാണ് ഇൗ കപ്പേള. കപ്പല്‍ച്ചാലുവിട്ട് പുറങ്കടലില്‍ നങ്കൂരമടിച്ചിരുന്ന ഒരു കപ്പല്‍ പെട്ടെന്നുണ്ടായ കാറ്റില്‍പെട്ട് ആടിയുലയുവാന്‍ തുടങ്ങുകയും നിയന്ത്രണം വിടുകയും ചെയ്തു. കടലില്‍ മുങ്ങി മരിക്കുമെന്ന് പേടിച്ച യാത്രക്കാര്‍ ഒന്നടങ്കം മാതാവിനെ വിളിച്ചു പ്രാര്‍ത്ഥിച്ചു.കാറ്റും കോളും മാറുകയും കപ്പല്‍ കൊച്ചി അഴിമുഖത്ത് കരയ്ക്കു സമീപം ഒരു മണ്‍തിട്ടയില്‍ ഉറയ്ക്കുകയും െചയ്തു. മാതാവിനോടുള്ള ഉപകാരസ്മരണയ്ക്കായി കപ്പല്‍ യാത്രക്കാര്‍ പണിത ദേവാലയമാണ് കടല്‍ക്കര മാതാവിന്റെ കപ്പേള*.
നേവല്‍ബേസിനു വേണ്ടി കപ്പേളയും സ്ഥിതിചെയ്തിരുന്ന സ്ഥലവും ഏറ്റെടുത്തതിനാല്‍ കപ്പേളയില്‍ പ്രതിഷ്ഠിച്ചിരുന്ന കടല്‍ക്കര മാതാവിന്റെ സ്വരൂപം ഇടവക പള്ളിയിലേക്ക് മാറ്റി. പള്ളിയുടെ പടിഞ്ഞാറായി റോഡരികില്‍ ഒരു ഗ്രോട്ടോ പണിത് ഈ സ്വരൂപം അവിടെ പ്രതിഷ്ഠിച്ചിരിക്കുന്നു.

ഒരു കുടുംബ പള്ളിയായിരുന്നു വിശുദ്ധ കുരിശിന്റെ പള്ളി (Holy Cross Church). കുരിയച്ചന്റെ പള്ളി, നടുക്കത്തെപ്പള്ളി, നെടുമ്പറമ്പന്മാരുടെ പള്ളി എന്നീ പേരുകളിലും ഈ പള്ളി അറിയപ്പെട്ടിരുന്നു .
ഇപ്പോഴത്തെ നേവല്‍ അഡ്മിറല്‍ ഓഫീസിനു സമീപമായിരുന്നു വിശുദ്ധ കുരിശിന്റെ ദേവാലയം.
ഇടവകക്കാരനായ നെടുമ്പറമ്പില്‍ പൈലി പേറുക്കുഞ്ഞന്‍ പണികഴിപ്പിച്ചതായിരുന്നു ഈ പള്ളി. അദ്ദേഹത്തിന് അവകാശമായി കിട്ടിയ കുടുംബസ്വത്തില്‍ ആറ് ഏക്കര്‍ സ്ഥലം നല്‍കി അതില്‍ പള്ളി പണികഴിപ്പിച്ചു.
ക്രൂശിത രൂപമായിരുന്നു അള്‍ത്താരയില്‍ പ്രതിഷ്ഠിച്ചിരുന്നത്. അതിനുതാഴെ മുന്നിലായി ഒരു മരക്കുരിശും പ്രതിഷ്ഠിച്ചിരുന്നു. ഈ മരക്കുരിശാണ് നമ്മുടെ കുരിയച്ചന്‍. ഈ കുരിശിന് 200 വര്‍ഷത്തോളം പഴക്കമുണ്ട്. കുരിശും മറ്റ് സ്വരൂപങ്ങളും പേറുക്കുഞ്ഞന്‍ ഗോവയില്‍നിന്നും വാങ്ങിച്ചതാണെന്ന് പറയപ്പെടുന്നു.
കുരിശിന്റെ പള്ളിയിലെ വെള്ളിയാഴ്ച ദിവസം കുര്‍ബാനയും മറ്റ് പ്രാര്‍ത്ഥനകളും ഉണ്ടായിരുന്നു. കത്തിനില്‍ക്കുന്ന മെഴുകുതിരികളുടെ ഒരു മഹാപ്രപഞ്ചംതന്നെ വെള്ളിയാഴ്ചകളില്‍ അവിടെ കാണാമായിരുന്നു. നോമ്പുകാലത്ത് വിയാസാക്രയും (Via Sacra കുരിശിന്റെ വഴി)  മറ്റ് ദിവസങ്ങളില്‍ പ്രാര്‍ത്ഥനകളും നടത്തിയിരുന്നു.
പാച്ചോറ്, ബണ്ണുകൊണ്ടുള്ള കൈ, കാല്‍, ആള്‍ രൂപങ്ങള്‍, നേര്‍ച്ചക്കഞ്ഞി തുടങ്ങിയവയായിരുന്നു നേര്‍ച്ച കാഴ്ചകള്‍.
നെടുമ്പറമ്പില്‍ പേറുക്കുഞ്ഞന്റെ വീട്ടുകാരായിരുന്നു പള്ളിയുടെ ചെലവുകളും മറ്റ് മേല്‍നോട്ടവും നടത്തിയിരുന്നത്. കാലമേറെയായപ്പോള്‍ ഈ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി മോശമായി. കാലപ്പഴക്കംകൊണ്ട് പള്ളി ജീര്‍ണ്ണിച്ച് തകരാറായെങ്കിലും അത് പരിപാലിക്കുവാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ഇതിനിടെ ഇടിവെട്ടേറ്റ് പള്ളിയുടെ മേല്‍ക്കൂര തകര്‍ന്നു വീണു. അള്‍ത്താരയും മുഖപ്പും മാത്രം അത്രയേറെ തകരാതെ നിന്നു.
കുരിയച്ചന്‍ കുരിശൊഴിച്ച് മറ്റ് തിരുസ്വരൂപങ്ങളും പൂജാവസ്തുക്കളും ഇടവക പള്ളിയിലേക്ക് മാറ്റി. മഴയും വെയിലും കാറ്റുമേറ്റ് കുരിശ് അങ്ങനെ നിലെകാണ്ടു; കാലങ്ങളോളം. പള്ളിക്കകവും പുറവും കാടുപിടിച്ചു. തിരിച്ചറിവില്ലാത്ത കുട്ടികള്‍ കുരിശിന്റെ കൈകളില്‍ തൂങ്ങിക്കളിക്കുമായിരുന്നു.
എങ്കിലും കുരിശിന്റെ മുമ്പില്‍ മെഴുകുതിരികള്‍ കത്തിച്ച് പ്രാര്‍ത്ഥിക്കുവാനും തങ്ങളുടെ സങ്കടങ്ങളും ആവശ്യങ്ങളും പറയുവാനും നാട്ടുകാരെത്തിയിരുന്നു.
1940 ല്‍  ഇടവകയില്‍നിന്നും പിരിവെടുത്ത്, വികാരിയായിരുന്ന ഫാ. അഗസ്റ്റിന്‍ കുറ്റിക്കലിന്റെ നേതൃത്വത്തില്‍ കുരിശിന്റെ പള്ളി പുതുക്കിപ്പണിതു. മുടങ്ങിയിരുന്ന വിശുദ്ധ കുരിശിന്റെ തിരുനാള്‍ വീണ്ടും ആരംഭിച്ചു.

കൊച്ചി തുറമുഖ വികസനം, വെല്ലിങ്ടണ്‍ ഐലണ്ട് രൂപീകരണം
കരിമ്പനയും തെങ്ങും കവുങ്ങും മാവും പ്ലാവും ചേമ്പും കാച്ചിലും നെല്‍പ്പാടങ്ങളും നിറഞ്ഞ ദ്വീപിലേക്ക് വികസനത്തിന്റെ കുതിപ്പ് ആരംഭിക്കുന്നത് 1920 കളിലാണ്. ബ്രിട്ടീഷുകാരനായ സര്‍ റോബര്‍ട്ട് ചാള്‍സ് ബ്രിസ്‌റ്റോ (Sir Robert charles Bristo 1880-1965) കൊച്ചി തുറമുഖത്ത് ചീഫ് എന്‍ജിനീയറായി നിയമിതനാകുന്നതോടുകൂടി.
ഏതാണ്ട് അഞ്ഞൂറ് വര്‍ഷത്തിലേറെ പഴക്കമുള്ള കൊച്ചി തുറമുഖത്തിന്റെ വികസനത്തിനായി കൊച്ചിന്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് ഒരു നിവേദനം നല്‍കിയിരുന്നു. കൊച്ചി തുറമുഖത്തിനുമേല്‍ അധികാരമുണ്ടായിരുന്ന മദ്രാസ് ഗവണ്‍മെന്റ് 1919 ല്‍ സര്‍ ജോണ്‍ പോള്‍സ് ബാരിയെ തുറമുഖ വികസനത്തിന്റെ പഠനം നടത്തുവാന്‍ നിയോഗിച്ചു..32
കൊച്ചി അഴിമുഖത്ത് രൂപപ്പെട്ടിരുന്ന പാറപോലെ ഉറച്ച ഒരു വലിയ മണ്‍കൂനയും കായലില്‍ അടിഞ്ഞുകൂടിയ ചെളിയും മണലും വലിയ കപ്പലുകള്‍ക്ക് തുറമുഖത്തേക്ക് അടുക്കുന്നതിന് തടസ്സമായിരുന്നു.33 ഇത് നീക്കുന്നതിന് ചെറിയ തോതില്‍ മണ്ണു മാന്തലും മറ്റും നടത്തിയിരുന്നു.
തുടര്‍ന്ന് കൊച്ചി തുറമുഖത്തിന്റെ ചുമതലയേറ്റ റോബര്‍ട്ട് ബ്രിസ്‌റ്റോ തുറമുഖ വികസനത്തിന് വിപുലമായ ഒരു പദ്ധതി തയ്യാറാക്കി. അന്നത്തെ മദ്രാസ് ഗവര്‍ണര്‍ ലോര്‍ഡ് വെല്ലിങ്ടണില്‍നിന്നും പദ്ധതി നടപ്പാക്കാനുള്ള അനുമതിയും നേടി.
1925 ല്‍ നിര്‍മ്മിച്ച ലോര്‍ഡ് വെല്ലിങ്ടണ്‍ എന്ന മണ്ണുമാന്തിക്കപ്പല്‍ ഉപയോഗിച്ച് 1926 മുതല്‍ ദിവസവും 20 മണിക്കൂര്‍ വീതം അഴിമുഖത്തെ മണ്‍കൂന നീക്കുന്ന ശ്രമം ആരംഭിച്ചു. 2 വര്‍ഷംകൊണ്ട് മണ്‍കൂന നീക്കുകയും കപ്പല്‍ച്ചാലിന്റെ ആഴം കൂട്ടുകയും ചെയ്തു.34 അഴിമുഖത്തിന്റെ വീതി 450 അടിയായും കപ്പല്‍ച്ചാലിന്റെ നീളം ഏതാണ്ട് അഞ്ച് കിലോ മീറ്ററോളവുമായി വര്‍ദ്ധിച്ചു. അവസാന പാറയും നീക്കി 1928 മാര്‍ച്ച് 30 ന് കപ്പല്‍ച്ചാല്‍ വികസനം പൂര്‍ത്തിയായി. 26.5.1928 ല്‍ 'ബോംബെ സ്റ്റീം നാവിഗേഷന്‍ കമ്പനിയുടെ 'പത്മ' എന്ന ചരക്ക് കപ്പല്‍ കൊച്ചി ഹാര്‍ബറില്‍ പരീക്ഷണാര്‍ത്ഥം പ്രവേശിച്ചു. കപ്പല്‍പ്പാത പോലും  അപ്പോള്‍ അടയാളപ്പെടുത്തിയിരുന്നില്ല. 1931 ല്‍ ആദ്യ യാത്ര കപ്പല്‍ കൊച്ചി തുറമുഖത്ത് അടുത്തു.35
1932 ല്‍ മാരിടൈം ബോര്‍ഡ് ഓഫ് ബ്രിട്ടീഷ് ഇന്ത്യ കൊച്ചിയെ ഇന്ത്യയിലെ മേജര്‍ തുറമുഖമായി പ്രഖ്യാപിച്ചു. 1936 ല്‍ അഴിമുഖത്തിന്റെ പണി പൂര്‍ത്തിയായി. (യുദ്ധക്കപ്പലുകള്‍ക്ക് അടുക്കുന്നതിനായി രണ്ടാം ലോക മഹായുദ്ധകാലത്ത് തുറമുഖത്തിന്റെ നിയന്ത്രണം റോയല്‍ നേവി ഏറ്റെടുത്തു).36
കായലില്‍നിന്നും നീക്കംചെയ്ത മണ്ണും എക്കലും വെണ്ടുരുത്തിയോട് ചേര്‍ത്താണ് ഇട്ടിരുന്നത്. ഈ മണ്ണും എക്കലും ചേര്‍ന്ന് 780 ഏക്കര്‍ വിസ്തൃതിയില്‍ വെണ്ടുരുത്തിയോട് ചേര്‍ന്ന് കായലില്‍ ഒരു പുതിയ കര രൂപംകൊണ്ടു.37 ആ പ്രദേശത്തു താമസിച്ചിരുന്ന ഏതാനും പേരെ ഇതിനകം കുടിയൊഴിപ്പിച്ചിരുന്നു.*
പുതിയ കരയുടെ ചുറ്റും കല്ലുകള്‍ കെട്ടുകയും തീരത്ത് മരങ്ങള്‍ വെച്ചുപിടിപ്പിക്കുകയും ചെയ്തു. പുതിയ സ്ഥലത്ത് തുറമുഖ ഓഫീസുള്‍പ്പെടെയുള്ള കെട്ടിടങ്ങള്‍ പണിതു. 1935 ല്‍ മലബാര്‍ ഹോട്ടല്‍ പണിതീര്‍ന്നു. ഒരു ചെറുപട്ടണം ബ്രിസ്‌റ്റോ സായിപ്പ് അവിടെ നിര്‍മ്മിച്ചു.38 അന്നത്തെ മദ്രാസ് ഗവര്‍ണറായിരുന്ന ലോര്‍ഡ് വെല്ലിങ്ടണിന്റെ പേര് വെണ്ടുരുത്തി കൂടി ഉള്‍പ്പെടുന്ന പുതിയ കരയ്ക്ക് നല്‍കി; വെല്ലിങ്ടണ്‍ ഐലണ്ട് (Wellington Island).

ദ്വീപ് കരകളെ തൊടുന്നു
മട്ടാഞ്ചേരിയായിരുന്നു കൊച്ചിയിലെ അന്നത്തെ പ്രധാന വ്യാപാര കേന്ദ്രം. പടിഞ്ഞാറ് കായലിനക്കരെ മട്ടാഞ്ചേരിയുമായി തുറമുഖത്തെ ബന്ധപ്പെടുത്തുന്നതിനായി കായലിന് കുറുകെ തോപ്പുംപടിയിലേക്ക് വെണ്ടുരുത്തിയില്‍ നിന്നും ഒരു പാലവും ബ്രിസ്‌റ്റോ നിര്‍മ്മിച്ചു. ഉരുക്കും തടിയും ഉപയോഗിച്ച് 486 മീറ്റര്‍ നീളത്തില്‍. 1938 ല്‍ പാലത്തിന്റെ പണി പൂര്‍ത്തിയായി. 1943 ഏപ്രില്‍ 13 ന് തോപ്പുംപടി പാലം (ഹാര്‍ബര്‍ പാലം, മട്ടാഞ്ചേരി പാലം) കമ്മീഷന്‍ ചെയ്തു.39
ഇതേസമയംതന്നെ വെണ്ടുരുത്തിയെ എറണാകുളം പട്ടണവുമായി ബന്ധിപ്പിക്കുന്നതിന് കിഴക്ക് പെരുമാനൂരിലേക്ക് (തേവര ജംഗ്ഷന്‍) മറ്റൊരു പാലത്തിന്റെ പണിയും ആരംഭിച്ചു.  ബ്രിട്ടീഷ് കൊച്ചി, മദ്രാസ് സര്‍ക്കാര്‍, കൊച്ചി രാജാവ്, തിരുവിതാംകൂര്‍ എന്നിവര്‍ ചേര്‍ന്ന് ഉണ്ടാക്കിയ ഫോര്‍ പാര്‍ട്ടി എഗ്രിമെന്റ് 1939 (Four Party Agreement) പ്രകാരമാണ് പാലം പണിയുന്നത്.40 1931 ല്‍ കൊച്ചി മഹാരാജാവ് പെരുമാനൂരില്‍ വെച്ച് പാലത്തിന്റെ കല്ലിടല്‍ കര്‍മ്മം നടത്തി. 1938 ല്‍ തന്നെ ഈ പാലം പണിയും പൂര്‍ത്തിയായി-വെണ്ടുരുത്തി പാലം.
പാലങ്ങളുടെ പണി പൂര്‍ത്തിയായ വര്‍ഷം മൂന്നാറില്‍നിന്നും 16 പെട്ടിലോറികള്‍ കണ്ണന്‍ദേവന്‍ തേയിലയുമായി വെണ്ടുരുത്തി പാലത്തിലൂടെ കൊച്ചിന്‍ ഹാര്‍ബറിലെത്തി. ഒരു വലിയ ജര്‍മ്മന്‍ കപ്പല്‍ ഹാര്‍ബറില്‍ നങ്കൂരമിട്ടിരുന്നു; മൂന്നാറില്‍ നിന്നുമുള്ള തേയില കൊണ്ടുപോകുന്നതിനായി.
കൊച്ചി തുറമുഖത്തേക്ക് ചരക്ക് നീക്കുന്നതിനായി 1936 ല്‍ പണി ആരംഭിച്ച റെയിലിന്റേയും റെയില്‍ പാലത്തിന്റേയും വെല്ലിങ്ടണ്‍ ഐലണ്ടിലെ ഹാര്‍ബര്‍ റെയില്‍വേ സ്‌റ്റേഷന്റെയും പണി 1943 ല്‍ പൂര്‍ത്തിയായി.41
ആദ്യ കൊച്ചിന്‍-ഷൊര്‍ണ്ണൂര്‍ ജംഗ്ഷന്‍ പാസഞ്ചര്‍ ട്രെയിന്‍ 1943 ലും ബാംഗ്ലൂര്‍, ബോംബെ ബോഗികളോടെ കൊച്ചിന്‍-മദ്രാസ് എക്‌സ്പ്രസ് 1944 ലും വെണ്ടുരുത്തിയില്‍നിന്നും ഓടിത്തുടങ്ങി.
തുറമുഖം വികസിച്ചു. ബസ്സുകള്‍, ലോറികള്‍, കാറുകള്‍ എല്ലാം വന്നു. വെണ്ടുരുത്തി പഴേ വെണ്ടുരുത്തിയല്ലാതായി. എന്നാല്‍ വെണ്ടുരുത്തിക്കാരോ....?
തങ്ങളുടെ നാട്ടിലേക്ക് വികസനവും പുതിയ തൊഴിലവസരങ്ങളും വന്നപ്പോള്‍ അതേ വികസനത്തിനുവേണ്ടി, പിറന്ന നാടും വീടും ഉപേക്ഷിച്ചുകൊണ്ട് മറ്റിടങ്ങളിലേക്ക് പ്രവാസികളായി, കുടിയേറ്റക്കാരായി പോവേണ്ടി വന്നു.

യുദ്ധത്തിന്റെ ഇരകള്‍, പലായനം
രണ്ടാം ലോക മഹായുദ്ധം മറ്റൊരു ഇടിവെട്ടായി വെണ്ടുരുത്തിക്കാര്‍ക്ക് ഏറ്റു.
1939-ല്‍ ആരംഭിച്ച രണ്ടാം ലോക മഹായുദ്ധത്തില്‍ ഇന്ത്യയെ ഭരിച്ചിരുന്ന ബ്രിട്ടനും പങ്കാളിയായിരുന്നു. മൂന്നു ചുറ്റും സമുദ്രമുള്ള തെക്കേ ഇന്ത്യയില്‍ നാവികാക്രമണത്തിനും പ്രതിരോധത്തിനുമുള്ള സാധ്യത ഏറെയായിരുന്നു. അതിനാല്‍ സൈനികാവശ്യത്തിന് ഏറ്റവും ഉചിതമായ ഒരു കേന്ദ്രം ഇവിടെ ആവശ്യമായിരുന്നു. അതിനു പറ്റിയ സ്ഥലമായി സര്‍ക്കാര്‍ കണ്ടത് കൊച്ചിയിലെ വെണ്ടുരുത്തിയാണ്.
യുദ്ധം തുടങ്ങുന്നതിനു മുമ്പുതന്നെ ഒരു ചെറിയ നേവല്‍ യുണിറ്റ് വെണ്ടുരുത്തിയില്‍ ആരംഭിച്ചിരുന്നു. (യുദ്ധകാലത്ത് 1941-ല്‍ റോയല്‍ എയര്‍ േഫാഴ്‌സിന് വിമാനത്താവളം ഉണ്ടാക്കാനായി കുറേ സ്ഥലം നല്‍കി; രണ്ടാം ലോക മഹായുദ്ധത്തില്‍ ജപ്പാന്‍ സിലോണിനെ (ശ്രീലങ്കയെ) ആക്രമിക്കുകയാണെങ്കില്‍ ഈ വ്യോമ കേന്ദ്രത്തില്‍നിന്ന് പോര്‍ വിമാനങ്ങള്‍ പറന്ന് ജപ്പാന്റെ മുന്നേറ്റത്തെ തടയുകയെന്നതായിരുന്നു ലക്ഷ്യം. 1943 ജൂണ്‍ 22 ന് ഇത് റോയല്‍ നേവിക്ക് കൈമാറി. റോയല്‍ നേവിയുടെ ദക്ഷിണേന്ത്യയിലെ ഹെഡ് ക്വാര്‍ട്ടേഴ്‌സായി പിന്നീട് മാറി. യുദ്ധാനന്തരം 1946 ല്‍ റോയല്‍ ഇന്ത്യന്‍ നേവി (ബ്രിട്ടീഷ് നേവി)യുടെ 'എച്ച്.എം.എസ്. ചിങ്കാര' എന്ന പേരിലറിയപ്പെട്ടിരുന്ന ഈ സ്ഥാപനം ആദ്യ ദ്വീപിന്റെ പേരു ചേര്‍ന്ന് 'എച്ച്.എം.ഐ.എസ്. വെണ്ടുരുത്തി' എന്നാക്കി മാറ്റി. ഇന്ത്യ ഒരു സ്വതന്ത്ര റിപ്പബ്ലിക്കായപ്പോള്‍ 1950 ജനുവരി 26 ന് നേവല്‍ബേസിന്റെ പേര് 'ഐ.എന്‍.എസ്. വെണ്ടുരുത്തി' എന്നാക്കി.)
 1942 ലെ സൈനിക സുരക്ഷാ നിയമം (Diffence India Act 1942) അനുസരിച്ച് സര്‍ക്കാര്‍ വെണ്ടുരുത്തിയില്‍ സ്ഥലമേറ്റെടുക്കുവാന്‍ ആരംഭിച്ചു. ഇടവക ദേവാലയത്തിന്റെ സമീപപ്രദേശവും വാത്തുരുത്തിയുമൊഴികെയുള്ള സ്ഥലങ്ങള്‍ സൈനികാവശ്യത്തിനായി 1942 മുതല്‍  സര്‍ക്കാര്‍ ഏറ്റെടുത്തു തുടങ്ങി.
പുതുക്കിപ്പണിത വിശുദ്ധ കുരിശിന്റെ ദേവാലയവും കടല്‍ക്കര മാതാവിന്റെ കപ്പേളയും ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു. നാനാജാതികളിലായി അഞ്ഞൂറിലേറെ കുടുംബങ്ങള്‍ കുടിയൊഴിപ്പിക്കപ്പെട്ടു. ലോക മഹായുദ്ധം മൂലമുള്ള ക്ഷാമത്തിനും പട്ടിണിക്കുമിടയില്‍ ജനിച്ച നാടുവിട്ട് മറ്റ് നാടുകളിലേക്ക് പോകേണ്ട അവസ്ഥ. വെണ്ടുരുത്തി നിവാസികള്‍ക്ക് സ്ഥലം വിട്ടുപോയേ പറ്റൂ.
1942-44 കാലങ്ങളില്‍ അവര്‍ പള്ളുരുത്തി, പെരുമ്പടപ്പ്, കൊച്ചി, തേവര, തൃപ്പൂണിത്തുറ, കോന്തുരുത്തി, വൈറ്റില, നെട്ടൂര്‍ തുടങ്ങിയ സമീപ പ്രദേശത്തേക്ക് കുടിയേറി. സാമ്പത്തികമായി മെച്ചപ്പെട്ടവര്‍ അടുത്തുള്ള പട്ടണങ്ങളില്‍ സ്ഥലം വാങ്ങി താമസിച്ചു. കുടിയൊഴിപ്പിക്കലിനുശേഷം അവശേഷിച്ചത് ഇടവക പള്ളിക്കു ചുറ്റുമുള്ള പത്ത് മുപ്പത് വീടുകള്‍ മാത്രം.  കുടിയൊഴിഞ്ഞ ചിലര്‍ വാത്തുരുത്തിയിലേക്ക് താമസം മാറ്റി. ഏതാണ്ട് ഇരുന്നൂറ്റി പതിനഞ്ചോളം വീട്ടുകാര്‍ നെട്ടൂരിലേക്കാണ് കുടിയേറിയത്.

നെട്ടൂര്‍ ഗ്രാമ ചരിത്രം കൂടി
കൊച്ചി രാജാവ് വാസസ്ഥലമായ മട്ടാഞ്ചേരിയില്‍നിന്നും ഭരണ കേന്ദ്രമായ തൃപ്പൂണിത്തുറ പാലസിലേക്ക് യാത്ര ചെയ്തിരുന്നത് നെട്ടൂരിന്റെ തെക്കുഭാഗം മുറിച്ച് കടന്നു പോകുന്ന തോടിലൂടെയായിരുന്നു (തെക്കേ തോട്ടുങ്കല്‍). വെണ്ടുരുത്തിയില്‍ നിന്നും മട്ടാഞ്ചേരിയിലേക്കും തേവരയിലേക്കും പാലങ്ങള്‍ പണിയുംവരെ കായലിലൂടെ മാത്രമായിരുന്നു യാത്ര. മട്ടാഞ്ചേരിയില്‍ നിന്നും കായല്‍വഴി തെക്കോട്ട് കുമ്പളവും കഴിഞ്ഞ് പോകുവാന്‍ നിവൃത്തിയില്ല. കുമ്പളം ഇടക്കൊച്ചി കായലിനപ്പുറം അരൂര്‍ മറ്റൊരു രാജ്യമായ തിരുവിതാംകൂറില്‍ പെട്ടതാണ്. അതിര്‍ത്തികളിലൂടെയുള്ള സഞ്ചാരം രാജാവിന്റെ സുരക്ഷയെ ബാധിക്കുമെന്നതിനാല്‍ തൃപ്പൂണിത്തുറയിലേക്കുള്ള എളുപ്പവഴി കായലിലൂടെ മട്ടാഞ്ചേരി, വെണ്ടുരുത്തി, തേവര തുരുത്തുകള്‍ കടന്ന് നെട്ടൂര്‍, വളന്തകാട് വഴി പോകുന്നതാണ്. അതിനായി കൊച്ചി രാജാവ് നിര്‍മ്മിച്ചതാണത്രെ നെട്ടൂര്‍ തെക്കുഭാഗത്തുള്ള തോട്. ഈ തോടിനോട് ചേര്‍ന്നാണ് നെട്ടൂര്‍ ചന്ത.
തൃപ്പൂണിത്തുറ, വളന്തകാട്, മരട്, ചേപ്പനം, ചാത്തമ്മ തുടങ്ങിയ സമീപ പ്രദേശങ്ങളില്‍നിന്നും വഞ്ചികളില്‍ ചന്തയില്‍ വന്ന് സാധനങ്ങള്‍ വാങ്ങുന്നതും വില്‍ക്കുന്നതും പതിവായിരുന്നു. വെണ്ടുരുത്തിയെപ്പോലെ വേമ്പനാട്ടു കായലിലെ ദ്വീപുകളായ നെട്ടൂരും പനങ്ങാടും കൊച്ചിയിലെ പോര്‍ച്ചുഗീസ് യുദ്ധരംഗങ്ങളായിരുന്നുവെന്ന് വി.വി.കെ. വാലത്ത് 'കേരളത്തിലെ സ്ഥലനാമ ചരിത്രങ്ങള്‍: എറണാകുളം ജില്ല ' എന്ന ഗ്രന്ഥത്തില്‍ (അദ്ധ്യായം 13, കായല്‍ത്തുരുത്തുകള്‍) രേഖപ്പെടുത്തുന്നു.
കുമ്പളത്തിനടുത്ത നെട്ടൂര്‍ ജനസംഖ്യയില്‍ പിന്നിലല്ലെന്നും നെല്ലും തെങ്ങും മുഖ്യ വിളകളാണെ ന്നും ബ്രിട്ടീഷ് ലഫ്റ്റനന്റുമാരായ ബി.എസ്. വാര്‍ഡ്, കോണര്‍ തുടങ്ങിയവര്‍ ചേര്‍ന്നെഴുതിയ 'ജിയോഗ്രഫിക്കല്‍ ആന്റ് സ്റ്റാറ്റിസ്റ്റിക്കല്‍ മെമ്വര്‍ ഓണ്‍ ദി സര്‍വ്വെ ഓഫ് ട്രാവന്‍കോര്‍ ആന്റ് കൊച്ചിന്‍ (വാള്യം IV 1898) എന്ന പുസ്തകത്തില്‍ പറയുന്നു.
നെട്ടൂര്‍-കുമ്പളം ദേശത്ത് കോയ്മ സ്ഥാനം നല്‍കി കൊച്ചി രാജാവ് ഒരാളെ അധികാരപ്പെടുത്തിയിരുന്നുവെന്ന് 'കോയ്മ ഓഫ് കുമ്പളം ദേശം, നെട്ടൂര്‍ എന്നീ രാജകീയ തീട്ടൂരത്തില്‍ കാണിച്ചിരിക്കുന്നു.  (Theetturams dated 19th Medam 988 M.E. to Col. Manro, Files 1684-1869).
നെട്ടൂരിലും സമീപ തുരുത്തുകളിലും (നെട്ടൂര്‍ പ്രവൃത്തി) ഉള്ള കുട്ടികളെ മലയാണ്‍മ, തമിഴ് മലയാളം, ആദ്യമായിട്ടുള്ള എഴുത്തും കണക്കുകളും കാവ്യവും ജ്യോതിഷം തുടങ്ങിയ വിദ്യകള്‍ പഠിപ്പിക്കുവാനായി ചെറുപറമ്പത്ത് കോമി എന്നയാളെ കൊച്ചി രാജാവ് ചുമതലപ്പെടുത്തിയിരുന്നു. ശമ്പളം വകയായി മാസം മുപ്പതു പണം വീതം നല്‍കിയിരുന്നു (കൊല്ല വര്‍ഷം 993 മേടം 11 ന്  എ.ഡി. 1818  എഴുതിയ രേഖ.)
നൂറ്റാണ്ടുകള്‍ പഴക്കമേറിയതാണ്  നെട്ടൂരിലെ ശിവക്ഷേത്രം  (മഹദേവക്ഷേത്രം, തൃക്കെ അമ്പലം). പരശുരാമന്‍ സ്ഥാപിച്ച 108 ശിവക്ഷേത്രങ്ങളില്‍ ഒന്നാണിതെന്നും  ക്ഷേത്രകാര്യങ്ങള്‍ നോക്കുന്നതിനായിനാ
108 നമ്പൂതിരി ഇല്ലങ്ങളെ ഈ ദേശത്ത് കുടിയിരുത്തിയെന്നും വിശ്വസിക്കപ്പെടുന്നു. ഇവിടത്തെ ശിവപ്രതിഷ്ഠ തിരുനെട്ടൂരപ്പന്‍ എന്നറിയപ്പെടുന്നു.  തിരുനെട്ടൂരപ്പന്‍ എന്ന പേരില്‍ നിന്നാണത്രെ നെട്ടൂര്‍ എന്ന സ്ഥലപ്പെരുണ്ടായത്.42
തൃപ്പൂണിത്തുറയിലെ അത്തച്ചമയത്തില്‍ പങ്കെടുക്കുന്നതിന് കരിങ്ങാച്ചിറ കത്തനാര്‍, ചെമ്പിലരയന്‍ തുടങ്ങിയവര്‍ക്കൊപ്പം നെട്ടൂര്‍ തങ്ങളേയും  കൊച്ചി രാജാവ് പ്രത്യേകം ക്ഷണിക്കുമായിരുന്നു. അതൊരു കീഴ്‌വഴക്കവുമായിരുന്നു.
മുഹമ്മദ് നബിയുടെ പരമ്പരയില്‍ ഉള്‍പ്പെട്ടതാണത്രെ നെട്ടൂര്‍ തങ്ങള്‍ കുടുംബം. നബിയുടെ പരമ്പരയിലെ 34 ാം തലമുറയില്‍പ്പെട്ട സയ്യിദ് മുഹമ്മദ് കുഞ്ഞിക്കോയ തങ്ങള്‍ ഹൈദറൂസി നെട്ടൂര്‍ ജുമാ മസ്ജിദിന്റെ കബറിടത്തില്‍ അന്ത്യവിശ്രമം കൊള്ളുന്നതായി 'നെട്ടൂര്‍ മഖാം ശരീഫ് ചരിത്രം''   എന്ന പുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു.43
കൊച്ചി രാജാക്കന്മാര്‍ക്ക് പച്ചമരുന്നു ശേഖരിക്കുന്നതിന് നിയോഗിക്കപ്പെട്ടവരായിരുന്നത്രെ   നെട്ടൂരിലെ ഉള്ളാട സമൂഹം. നെട്ടൂര്‍ തെക്കുംഭാഗത്ത് ഒരു കോളനിയുണ്ടാക്കി ഉള്ളാടരെ കൊച്ചീരാജാവ് അവിടെ പാര്‍പ്പിച്ചതായി പറയുന്നു.

രണ്ട് കോളനികള്‍ കൂടി . . .
വെണ്ടുരുത്തിയില്‍ സ്വന്തമായി സ്ഥലമുണ്ടായിരുന്നവര്‍ക്ക് സര്‍ക്കാര്‍ സ്ഥലവില നല്‍കിയിരുന്നു. ഭൂമിയില്ലാത്തവര്‍ക്കായി നെട്ടൂരില്‍ തെക്കും വടക്കും പടിഞ്ഞാറുമായി രണ്ട് കോളനികള്‍ക്ക് സര്‍ക്കാര്‍ സ്ഥലമേറ്റെടുത്തിരുന്നു. (വടക്കേ കോളനിയും തെക്കേ കോളനിയും). ഒരു കുടുംബത്തിന് 6 സെന്റ് ഭൂമി വീതം കോളനിയില്‍ തിരിച്ചിട്ടിരുന്നു. സ്ഥലവില 20 വര്‍ഷം കൊണ്ട് സര്‍ക്കാരിലേക്ക് അടച്ചു തീര്‍ക്കണമെന്നായിരുന്നു വ്യവസ്ഥ. അതിനുശേഷമേ സ്ഥലം സ്വന്തമാകുമായിരുന്നുള്ളൂ. (സ്ഥലവില അടച്ചുതീര്‍ത്ത ശേഷവും വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞു മാത്രമേ ജനകീയ സര്‍ക്കാര്‍ അവര്‍ക്ക് കൈവശാവകാശം നല്‍കിയുള്ളൂ. 1985 മാര്‍ച്ചിലാണ് കോളനിക്കാര്‍ക്ക് പട്ടയം നല്‍കിയത്. നെട്ടൂര്‍ വിശുദ്ധ കുരിശിന്റെ പള്ളി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ വെച്ച് അന്നത്തെ പള്ളുരുത്തി എം.എല്‍.എ. ടി.പി. പീതാംബരന്‍ മാസ്റ്റര്‍ പട്ടയം വിതരണം ചെയ്തു). കുറേപ്പേര്‍ കോളനികളിലും ചിലര്‍ സ്വന്തം സ്ഥലം വാങ്ങിയും മറ്റു ചിലര്‍ നെട്ടൂരിലെ ഭൂവുടമകളുടെ പറമ്പുകളില്‍ കുടിയാന്മാരായും താമസമാക്കി.
അവര്‍ ഉണ്ടാക്കിയ വീടുകളും കുടിലുകളും പള്ളിയില്‍നിന്നും കൊടുത്തയച്ച പുത്തന്‍ വെള്ളം കൊണ്ട് വീട്ടുകാര്‍ തന്നെ വെഞ്ചിരിച്ചു. കാടും തോടും കണ്ടങ്ങളൊക്കെയായിരുന്ന കോളനി സ്ഥലങ്ങള്‍.
യുദ്ധവും ക്ഷാമവും പട്ടിണിയും കുടിയേറ്റമൊക്കെയാണെങ്കിലും തങ്ങളുടെ കുരിയച്ചനെ അവര്‍ മറന്നില്ല. അന്നത്തെ വെണ്ടുരുത്തി കൈക്കാരന്മാരായ നെടുമ്പറമ്പില്‍ ദേവസി ശൗരോ, നെടുമ്പറമ്പില്‍
അഗസ്റ്റിന്‍ ദേവസി, നെടുമ്പറമ്പില്‍ പൈലി ലോനന്‍ എന്നിവര്‍ ഏതാണ്ട് നമ്മുടെ അവകാശം തന്നെയെന്ന നിലയില്‍ വെണ്ടുരുത്തിയില്‍ നിന്നും കുരിശ് നെട്ടൂരേക്ക് കൊണ്ടു പോന്നു.
വെണ്ടുരുത്തിയില്‍ നിന്നും ആളുകള്‍ വരും മുമ്പു തന്നെ മറ്റ് സമുദായക്കാരെ കൂടാതെ ഏതാനും ക്രിസ്ത്യന്‍ കുടുംബങ്ങള്‍ നെട്ടൂരുണ്ടായിരുന്നു. പനങ്ങാട് ഇടവകക്കാരായ കന്നിക്കാട്ട്, മരട് മൂത്തേടം ഇടവകക്കാരായ കക്കാര, ഇലഞ്ഞിമിറ്റം  ലത്തീന്‍ കത്തോലിക്ക കുടുംബങ്ങളും കോന്തുരുത്തി ഇടവകക്കാരായ സുറിയാനി കത്തോലിക്ക കുടുംബങ്ങളും. എങ്കിലും ഒരു ക്രൈസ്തവ ആരാധനാലയം നെട്ടൂരില്‍ ഉണ്ടായിരുന്നില്ല.
നെട്ടൂരില്‍ പള്ളിയില്ലാത്തതിനാല്‍ അവര്‍ക്ക് ദിവ്യബലിയില്‍ പങ്കെടുക്കാനായി കോന്തുരുത്തി, മൂത്തേടം, തേവര, പനങ്ങാട്, കുമ്പളം തുടങ്ങിയ സമീപ പ്രദേശങ്ങളിലേക്ക്  പോകേണ്ടിവന്നു. മറ്റ് കൂദാശകള്‍ക്കായി തങ്ങളുടെ ഇടവക പള്ളികളിലേക്കും. റോഡുകളോ പാലങ്ങളോ ഇല്ലാത്ത കാലത്ത് നടന്നും  വഞ്ചി കയറിയുമൊക്കെയാണ് അവര്‍ പള്ളിയില്‍ പോയിരുന്നത്. വെണ്ടുരുത്തിയില്‍ നിന്ന് വന്നവര്‍ക്കും ഇതുതന്നെയായിരുന്നു ഗതി. ജ്ഞാനസ്‌നാനം, ആദ്യകുമ്പസാരം, കുര്‍ബാന, വിവാഹം, സ്‌ഥൈര്യലേപനം, ശവസംസ്‌ക്കാരം തുടങ്ങിയവയ്ക്ക് വെണ്ടുരുത്തി പള്ളിയില്‍ തന്നെ ചെല്ലണമായിരുന്നു.
കാറ്റും കോളും നിറഞ്ഞ കായലിലൂടെ നെട്ടൂരില്‍ നിന്നും വെണ്ടുരുത്തിയിലേക്കുള്ള വഞ്ചിയാത്ര ദുരിതം നിറഞ്ഞതായിരുന്നു. മരണം ഉണ്ടായാല്‍ അച്ചന്‍ വെണ്ടുരുത്തിയില്‍ നിന്നുമെത്തി പ്രാര്‍ത്ഥനയും മറ്റ് തിരുക്കര്‍മ്മങ്ങളും നടത്തി മൃതദേഹവുമായി വഞ്ചിയില്‍ കായല്‍ കടന്ന് വെണ്ടുരുത്തി സെമിത്തേരിയില്‍ സംസ്‌കരിക്കണമായിരുന്നു. വെണ്ടുരുത്തിയില്‍ നിന്നും വികാരിയച്ചന്‍ ഇടയ്ക്കിടെ നെട്ടൂര്‍ സന്ദര്‍ശിക്കുമായിരുന്നു.
അങ്ങനെ ഒരിക്കല്‍ വികാരി ഫാ. അഗസ്റ്റിന്‍ കുറ്റിക്കല്‍ നെട്ടൂര് വന്നപ്പോള്‍ വടക്കേ കോളനിയിലെ
സ്ത്രീകള്‍ അദ്ദേഹത്തിനു ചുറ്റുംകൂടി.  കുര്‍ബാനയ്ക്കും മറ്റ് കൂദാശകള്‍ക്കും പങ്കെടുക്കാനുള്ള പ്രയാസങ്ങള്‍ അച്ചനോടു പറഞ്ഞു. നെട്ടൂര് ഒരു പള്ളി പണിയേണ്ടതിനെക്കുറിച്ച് ബോധ്യമായ കുറ്റിക്കലച്ചന്‍ ഒരു നിവേദനം തയ്യാറാക്കി എല്ലാവരെക്കൊണ്ടും ഒപ്പുവെപ്പിച്ച് വാങ്ങി. അത് വരാപ്പുഴ അതിരൂപതയ്ക്ക് സമര്‍പ്പിച്ചു.പള്ളി പണിയുവാന്‍ അതിരൂപതയില്‍ നിന്നും അനുമതി ലഭിച്ചു. എന്നാല്‍ പള്ളി ഒരെണ്ണം പണിയുക അത്ര എളുപ്പമുള്ള കാര്യമല്ലായിരുന്നു. കൊച്ചി രാജ്യത്തെ അന്നത്തെ നിയമപ്രകാരം രണ്ട് വ്യത്യസ്ത മതവിഭാഗങ്ങളുടെ ആരാധനാലയങ്ങള്‍ തമ്മില്‍ മൂന്ന് ഫര്‍ലോങ്ങ് അകലമെങ്കിലും ഉണ്ടായിരിക്കണം.
ഏതാനും അമ്പലങ്ങളും  മുസ്ലീം ആരാധനാലയങ്ങളും അന്ന് നെട്ടൂര് ഉണ്ടായിരുന്നു. ഈ ആരാധനാലയങ്ങള്‍ സ്ഥിതിചെയ്യുന്ന സ്ഥലങ്ങള്‍ ഒഴിവാക്കിയാലും വേണ്ട സൗകര്യങ്ങളുള്ള സ്ഥലം പള്ളി പണിക്ക് ലഭിക്കുക എളുപ്പമായിരുന്നില്ല. 
കാലങ്ങളുടെ മാറ്റത്തില്‍ കൊച്ചീ രാജ്യത്ത് നിലനിന്നിരുന്ന പല നിയമങ്ങള്‍ക്കും മാറ്റം വന്നു. ദേവാലയങ്ങള്‍ തമ്മിലുള്ള അകലം പാലിക്കുന്ന മാനദണ്ഡത്തിലും മാറ്റമുണ്ടായി.
കൊച്ചി രാജ്യത്തെ സ്ഥലമെടുപ്പ് എക്‌സിക്യൂട്ടീവ് ആയിരുന്ന കുമാരമേനോന്റെ മേല്‍നോട്ടത്തില്‍ നെട്ടൂരില്‍ പലയിടത്തും സൗകര്യപ്രദമായ സ്ഥലം അന്വേഷിച്ചു. തെക്കെ കോളനിയില്‍ തോടിനടുത്തുള്ള  (തെക്കേ തോട്ടുങ്കല്‍) സ്ഥലമാണ് ആദ്യം കണ്ടെത്തിയത്. അത് പക്ഷെ തരപ്പെട്ടില്ല. പിന്നീട് വടക്കെ കോളനിയില്‍ ഇപ്പോള്‍ വിശുദ്ധ കുരിശിന്റെ ദേവാലയവും പാഷണിസ്റ്റ് സിസ്‌റ്റേഴ്‌സിന്റെ കോണ്‍വെന്റും സ്ഥിതി ചെയ്യുന്ന സ്ഥലം പള്ളിക്കായി ലഭിച്ചു. ഈ സ്ഥലത്ത് മൂന്ന് നായര്‍ വീടുകളും ഒരു വെളുത്തേടത്ത് നായര്‍ വീടും ഉണ്ടായിരുന്നു. സ്ഥലമെടുത്തുകിട്ടിയ പണം കൊണ്ട് അവര്‍ നെട്ടൂരില്‍ വേറെ സ്ഥലം വാങ്ങി, താമസം മാറ്റി. ഈ സ്ഥലത്തിനടുത്ത് ഉണ്ടായിരുന്ന ഒരു ചെറിയ കാവ് ക്ഷേത്രമായിരുന്നു ഇന്നത്തെ അറക്കല്‍ ശ്രീമഹാകാളി ക്ഷേത്രം.
കൊച്ചി രാജ്യത്തെ റവന്യൂ മന്ത്രിയായിരുന്ന പറമ്പി ലോനന്റെയും എം.എല്‍.സി. ആയിരുന്ന എം.ഡി. ജോസഫിന്റെയും ശ്രമം കൊണ്ട് പള്ളിയും സെമിത്തേരിയും പണിയുവാന്‍ സര്‍ക്കാരിന്റെ അനുമതിയും ലഭിച്ചു.

കുടിയേറ്റക്കാര്‍ ദൈവത്തിന് ആലയം പണിയുന്നു
സ്ഥലം ലഭിച്ചെങ്കിലും കൂടുതലും മത്സ്യത്തൊഴിലാളികളും കൂലിപ്പണിക്കാരുമായ നെട്ടൂര്‍കാര്‍ക്ക്  പള്ളി പണിയുന്നതിനുള്ള സാമ്പത്തികശേഷി ഉണ്ടായിരുന്നില്ല.
ഇടവകക്കാരില്‍ ഭൂരിഭാഗവും മറ്റ് നാടുകളിലേക്ക് കുടിയേറിപ്പോയതിനാല്‍ വെണ്ടുരുത്തിയിലെ സെന്റ് പീറ്റേഴ്‌സ് എല്‍.പി.സ്‌കൂള്‍ പഠിക്കുവാന്‍ കുട്ടികളില്ലാതെ നിന്നുപോയി. സ്‌കൂളിന്റെ കെട്ടിടം പൊളിച്ച് അതിന്റെ കല്ലും മരവും ഒാടും കൊണ്ട് നെട്ടൂര് പള്ളി പണിയുവാന്‍ തീരുമാനിച്ചു.
പൊളിച്ച സ്‌കൂള്‍ കെട്ടിടത്തിന്റെ സാധന സാമഗ്രികളൊക്കെ വെണ്ടുരുത്തിയില്‍നിന്നും കായല്‍ മാര്‍ഗ്ഗം വള്ളത്തില്‍ കൊണ്ടുവന്നത് കോച്ചേരി അന്തോണിച്ചേട്ടനും അനുജന്‍ ജോസെയും കൂടിയാണ്.
നിറയെ കല്ലും ഓടും മരസാധനങ്ങളും കയറ്റിവന്ന വള്ളം വെണ്ടുരുത്തി കായല്‍ കടന്ന് തേവര  മാര്‍ക്കറ്റിനു വടക്കുഭാഗത്തുള്ള തോടിന്റെ അടുത്തെത്തിയപ്പോഴേയ്ക്കും വലിയ കാറ്റും കോളുമുണ്ടായി. വള്ളം മുങ്ങുമെന്ന അവസ്ഥയിലുമായി. വള്ളത്തിലുള്ളവരുടെ കരച്ചിലും ഒച്ചയും കേട്ട് ആളുകള്‍ ഓടിക്കൂടി. തേവരയിലെ അരയന്മാരാണ് കാറ്റില്‍നിന്നും കോളില്‍നിന്നും വള്ളത്തേയും വള്ളക്കാരേയും രക്ഷപ്പെടുത്തി കായലില്‍നിന്നും തേവരത്തോട്ടിലൂടെ നെട്ടൂര്‍ പുഴയിലെത്തിച്ചത്.
പള്ളിക്കായി വാങ്ങിയ സ്ഥലത്തിന്റെ കിഴക്കും വടക്കുമൊക്കെ നെല്‍പ്പാടങ്ങളാണ്. ഇതിനിടയിലുള്ള കണിയാന്‍ചാലിലൂടെ അന്തോണിച്ചേട്ടനും ജോസെച്ചേട്ടനും വള്ളവുമൂന്നി പള്ളി സ്ഥലത്തിന്റെ പടിഞ്ഞാറെ തോട്ടിലെത്തി. (കുരിശിന്റെ പള്ളിക്ക് പടിഞ്ഞാറുള്ള ഇപ്പോഴത്തെ സര്‍വ്വോദയം റോഡ് അന്ന് അറക്കലമ്പലം മുതല്‍ വടക്ക് പുഴവരെ എത്തുന്ന ഒരു തോടായിരുന്നു). കല്ലുകള്‍ നല്ല നീളവും വീതിയുമുള്ളവയായിരുന്നു. ഇവ വഞ്ചിയില്‍നിന്നും പള്ളി പണിയുന്ന സ്ഥലത്തേക്ക് എത്തിക്കുക ഭാരപ്പെട്ട ജോലിയായിരുന്നു. എങ്കിലും എല്ലാവരും കൂടി കല്ലുകള്‍ എത്തേണ്ടിടത്തു തന്നെ എത്തിച്ചു.
1947 മെയ് മാസം പള്ളിയുടെ പണിയാരംഭിച്ചു. പണി വളരെ വേഗത്തില്‍ നടന്നു. പണിക്കാര്‍ക്ക് പണമായി കൂലി നല്‍കാനുള്ള സ്ഥിതിയൊന്നും അന്നുണ്ടായിരുന്നില്ല. ഇടവകക്കാര്‍ തന്നെയായിരുന്നു  പ ണിക്കാരും. യുദ്ധത്തെ തുടര്‍ന്ന് പൊതുവെ ക്ഷാമകാലമായതിനാല്‍ അരി വളരെ കുറച്ചെ കിട്ടുമായിരുന്നുള്ളൂ. കപ്പപ്പുഴുക്കും ചക്കരക്കാപ്പിയുമാണ് പണിക്കാര്‍ക്ക് കഴിക്കുവാന്‍ നല്‍കിയിരുന്നത്. പിന്നെ ബജറയും കമ്പപ്പൊടിയും.
പള്ളി പണിക്കായി കെ.ഒ. റോക്കി (ജനറല്‍ കണ്‍വീനര്‍), ദേവസി നെടുമ്പറമ്പില്‍, ശൗരോ നെടുമ്പറമ്പില്‍ എന്നിവര്‍ അംഗങ്ങളായി ഒരു സമിതി രൂപീകരിച്ചിരുന്നു. ഈ കമ്മിറ്റിയുടെ കീഴില്‍ ഒരേ മനസ്സോടെ ഇടവകക്കാര്‍ ഒത്തു ചേര്‍ന്നു. എല്ലാവരുടേയും ഒത്തൊരുമിച്ചുള്ള ശ്രമം കൊണ്ട് പള്ളിയുടെ പണി പൂര്‍ത്തിയായി. കുരിശാകൃതിയില്‍ തെക്കുവടക്കായി നീളത്തില്‍, വടക്ക് അള്‍ത്താരയായി, നെട്ടൂരിലെ ആദ്യ ക്രൈസ്തവ ദേവാലയം; നെട്ടൂര്‍ക്കാരുടെ പള്ളി.
   കൈക്കാരനായിരുന്ന നെടുമ്പറമ്പില്‍ ദേവസ്സി ശൗരോയുടെ സാമ്പത്തിക സഹായത്താല്‍ പള്ളിയുടെ വടക്ക് ഭാഗത്ത് സ്ഥലം വാങ്ങിച്ച് സെമിത്തേരിയും പണിതു. (ഈ സെമിത്തേരി പിന്നീട് ബോസ്‌കോ പനക്കലച്ചന്റെ കാലത്ത് തെക്കോട്ടും മാത്യു ഡിക്കൂഞ്ഞയച്ചന്റെ കാലത്ത് കുറേക്കൂടി കിഴക്കോട്ടും വലുതാക്കുകയുണ്ടായി).
1947 ഡിസംബര്‍ 23 ന് വരാപ്പുഴ അതിരൂപത വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ അലക്‌സാണ്ടര്‍ ലന്തപ്പറമ്പില്‍ നെട്ടൂര്‍ ഇടവകയെ പരിശുദ്ധ കന്യാമറിയത്തിന്റെ വിമലഹൃദയത്തിന് സമര്‍പ്പിച്ചു. മറിയത്തിന്റെ വിമലഹൃദയ ദേവാലയം (Immaculate Heart of Mary's  Church) എന്ന് നാമകരണം ചെയ്തു കൊണ്ട് പള്ളിയും തുടര്‍ന്ന് സെമിത്തേരിയും ആശീര്‍വദിച്ചു.
വെണ്ടുരുത്തിയില്‍ നിന്നുമുള്ള സ്‌കൂള്‍ കെട്ടിട സാമഗ്രികള്‍ കൂടാതെ നെട്ടൂരിലെ ഓരോ ക്രൈസ്തവ കുടുംബത്തില്‍ നിന്നും നിശ്ചിത തുക കണക്കാക്കി പിരിവെടുക്കുകയുമുണ്ടായി. മറ്റ് ഇടവകകളില്‍ നിന്നും സംഭാവനകള്‍ ലഭിച്ചു. പള്ളിയുടെ അള്‍ത്താര സ്വന്തം ചെലവില്‍ നിര്‍മ്മിച്ചു നല്‍കിയത് ചെട്ടിവീട്ടില്‍ തോമസ് ആയിരുന്നു. വെണ്ടുരുത്തിയിലെ ചിത്രകാരനായ ജോസഫ് ലൂയിസിന്റെ 'അന്ത്യവിധി' എന്ന പെയിന്റിംഗ് അള്‍ത്താരയുടെ മുകളില്‍ അലങ്കരിച്ചിരുന്നു. പള്ളിയുടെ മുഖപ്പ് വാഴക്കൂട്ടത്തില്‍ ശൗരോ ഡിസൈന്‍ ചെയ്തു. ബാപ്പൂട്ടി മേസ്തിരി മരപ്പണികള്‍ക്കും പൈലി മേസ്തിരി കല്പണികള്‍ക്കും നേതൃത്വം നല്‍കി.
പള്ളിക്ക് ഒരു മണിയുണ്ടായിരുന്നില്ല. എം.എല്‍. എന്ന ചുരുക്കപ്പേരിലറിയപ്പെട്ടിരുന്ന ബ്രിട്ടീഷ് യുദ്ധക്കപ്പലിന്റെ സാധന സാമഗ്രികള്‍ തേവരയിലെ തോമസ് കാനാടന്‍ എന്നയാള്‍ ലേലത്തിനു വിളിച്ചിരുന്നു. തോമസ് കാനാടന്‍ നല്‍കിയ കപ്പലിന്റെ പ്രൊപ്പല്ലര്‍ മണിയുടെ ആകൃതിയില്‍ താഴേക്ക് വളച്ച് നാക്ക് ഘടിപ്പിച്ച് പള്ളി മണിയാക്കി ഉപയോഗിച്ചു. ആളുകള്‍ അതിനെ 'എം.എല്‍. മണി'യെന്നാണ് വിളിച്ചിരുന്നത്.
പള്ളിയുടെ മുമ്പില്‍ തെക്കുഭാഗത്തായി ഒരു 'നാടന്‍ ബദാം മരം' ഉണ്ടായിരുന്നു. ഇതായിരുന്നു പള്ളിയുടെ കൊടിമരമായി ഉപയോഗിച്ചിരുന്നത്. വര്‍ഷങ്ങള്‍ക്കു ശേഷം കളരിക്കല്‍ കെ.എ. സെവ്യര്‍ ഇരുമ്പ് പൈപ്പു കൊണ്ടുള്ള ഒരു കൊടിമരം പണിതു നല്കുകയുണ്ടായി.

വികസനം, തൊഴിലവസരങ്ങള്‍
ഇക്കാലത്ത് കൊച്ചി തുറമുഖം, നേവല്‍ബേസ്, എറണാകുളം പട്ടണം എന്നിവിടങ്ങളില്‍ ധാരാളം തൊഴില്‍ സാധ്യതകള്‍ ഉണ്ടായിരുന്നു. ഇവിടങ്ങളില്‍ പലരും നെട്ടൂരു നിന്നും ജോലിക്ക് പോയിരുന്നു. ആ ജോലിയില്‍ നിന്നുള്ള വരുമാനം നെട്ടൂരിലേക്കും വികസനം കൊണ്ടുവന്നു.
കടത്തുകടവുകള്‍ കേന്ദ്രീകരിച്ച് കടകള്‍ വന്നുതുടങ്ങി. ചായക്കടകള്‍, പലചരക്കു കടകള്‍, തുണിക്കടകള്‍, വെറ്റിലയും ചുണ്ണാമ്പും പുകയിലയും അടയ്ക്കയും വില്ക്കുന്ന മുറുക്കാന്‍ കടകള്‍, മുടിവെട്ടുകടകള്‍, തയ്യല്‍ക്കടകള്‍, തട്ടാന്‍കട . . . അങ്ങനെയങ്ങനെ . . . വടക്കേ കോളനിയില്‍ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസിന്റെ ഒരു ഓഫീസ് പ്രവര്‍ത്തിച്ചിരുന്നു.
ചെമ്മണ്ണ് നിരത്തിയ പൊതുവഴിയും വൈദ്യുതിയും നെട്ടൂരെത്തി. പഞ്ചായത്ത് വക മണ്ണെണ്ണയില്‍ കത്തുന്ന വഴിവിളക്കുകള്‍. എറണാകുളത്തു നിന്നും വലിയ വള്ളത്തില്‍ (ചന്തവള്ളം) പലചരക്കുകള്‍ നെട്ടൂരിലെ കടവുകളില്‍ അടുത്തു.

ഇടയന്‍ എത്തുന്നു
1947 ല്‍ പള്ളി പണി പൂര്‍ത്തിയായെങ്കിലും നെട്ടൂര്‍ പള്ളിയില്‍ ഒരു വൈദികനെ നിയമിച്ചിരുന്നില്ല. വെണ്ടുരുത്തിപ്പള്ളിയുടെ കുരിശുപള്ളി (കപ്പേള) മാത്രമായിരുന്ന നെട്ടൂര്‍ പള്ളി.
ശനിയാഴ്ചയും ഞായറാഴ്ചയും വെണ്ടുരുത്തിയില്‍ നിന്നും വികാരിയച്ചന്‍ ഇവിടെ വന്ന് ദിവ്യബലി അര്‍പ്പിച്ചിരുന്നു. മാമ്മോദീസ, ആദ്യ കുമ്പസാരം, കുര്‍ബാന, സ്‌ഥൈര്യലേപനം, വിവാഹം തുടങ്ങിയ കൂദാശകള്‍ അപ്പോഴും വെണ്ടുരുത്തിയില്‍ വെച്ച് തന്നെയായിരുന്നു നടത്തിയിരുന്നത്.
പള്ളിത്തിരുന്നാളുകള്‍ക്ക് ആവശ്യമായ മാതാവിന്റെ കിരീടം, മാല, വെള്ളിക്കുരിശ്, തിരിക്കാല്‍, ധൂമക്കുറ്റി തുടങ്ങിയവ തിരുനാള്‍ പ്രസുദേന്തി, ചെമ്മദോറായിരുന്ന ചക്കാലക്കല്‍ അഗസ്റ്റിന്റെ എഴുത്തുമായി വെണ്ടുരുത്തിയാല്‍ ചെന്ന് ഏറ്റുവാങ്ങുമായിരുന്നു.
1951 ല്‍ നെട്ടൂര്‍ ഇടവകയ്ക്ക് ഒരു വൈദികനെ വികാരിയായി ലഭിച്ചു. ഫാ. ജോസഫ് ഒളാട്ടുപുറം (1951-52). അച്ചന് താമസിക്കുവാനുള്ള ഒരു മേട ഇതിനകം ഉണ്ടാക്കിയിരുന്നു. തറ ചെങ്കല്ലുകൊണ്ട് നിര്‍മ്മിച്ചതായിരുന്നെങ്കിലും ചുമരുകള്‍ പനമ്പുകൊണ്ടും മേല്ക്കൂര ഓല മേഞ്ഞതുമായിരുന്നു. അക്കാലത്തെ വീടുകള്‍ ഓല, പനമ്പ്, പലക തുടങ്ങിയവ കൊണ്ടു നിര്‍മ്മിച്ചവയായിരുന്നു. പള്ളിക്കും സെമിത്തേരിക്കും ഇടയ്ക്ക് L ഷെയ്പില്‍ പടിഞ്ഞാറുനിന്നും തെക്കോട്ടേയ്ക്കായി  ഭംഗിയുള്ള ഒരു മേട.

കുരിയച്ചന്‍ കുരിശ്
കാലം ഏറെയായിട്ടും വെണ്ടുരുത്തിയില്‍നിന്നും കൂടെ കൊണ്ടു പോന്ന കുരിയച്ചന്‍ കുരിശ് പ്രതിഷ്ഠിക്കാതെ പള്ളി സങ്കീര്‍ത്തിയുടെ ഒരു മൂലയില്‍ പൊടിയും മാറാലയും പിടിച്ച് അങ്ങനെ കിടന്നിരുന്നു. ഫാ. ജോണ്‍ വാരിയത്ത് (1954-57) വികാരിയായിരിക്കുമ്പോഴാണ് കുരിശിന്റെ പ്രതിഷ്ഠ നടക്കുന്നത്.
ഒരു ഷെഡ്ഡ് നിര്‍മ്മിക്കാനുള്ള തേക്കിന്‍ കഴകളും ഇരുമ്പുതകിടും തോമസ് കാനാടന്‍ നല്‍കി. പള്ളി സ്ഥലത്തിന്റെ തെക്കുപടിഞ്ഞാറെ മൂലയ്ക്ക് ഷെഡ് നിര്‍മ്മിച്ചു. പടിഞ്ഞാറ് പുഴയില്‍ എറണാകുളത്തു  നിന്നും സാധനങ്ങള്‍ കയറ്റി ചന്തവള്ളം അടുക്കുന്ന കടവിന് അഭിമുഖമായിട്ടായിരുന്നു ഷെഡ്ഡ് പണിതത്. ഷെഡ്ഡിനുള്ളില്‍ കുരിശിനെ (കുരിയച്ചനെ) പ്രതിഷ്ഠിച്ചു.

വിമോചന സമരം
1959-ലെ വിമോചന സമരകാലത്ത് പള്ളിയും ആരാധനാലയങ്ങളും കമ്മ്യൂണിസ്റ്റുകാര്‍ പൊളിച്ചുകളയുമെന്ന പ്രചാരണം വ്യാപകമായിരുന്നു. സര്‍ക്കാരിന് എതിരെയായിരുന്നു പത്രവാര്‍ത്തകള്‍ പലതുംതന്നെ. പള്ളികളില്‍ പോലീസ് കയറിയെന്നും ഏതു നിമിഷവും പോലീസ് അള്‍ത്താരയിലേക്ക് കയറിയേക്കും എന്നൊക്കെ പത്രവാര്‍ത്തകള്‍ വന്നിരുന്നു.44
കുരിയച്ചനേയും പള്ളിയേയും സംരക്ഷിക്കുന്നതിന് ചെറുപ്പക്കാരുടെ ഒരു സംഘം പള്ളിപ്പറമ്പില്‍ കാവല്‍ നിന്നിരുന്നു. ഇതില്‍ മറ്റ് മതക്കാരുമുണ്ടായിരുന്നു. അക്രമികളെ ചെറുക്കാനും സര്‍ക്കാരിനെതിരെ പ്രതിഷേധിക്കാനുമൊക്കെയായി ഇടവകയിലും ചെറിയ ചെറിയ ഗ്രൂപ്പുകള്‍ രൂപീകരിച്ചു. എറണാകുളം കേന്ദ്രീകരിച്ചു നടന്ന പ്രക്ഷോഭങ്ങളില്‍ തേവരയില്‍ നിന്നും രാജേന്ദ്രമൈതാനം വരെ ജാഥയായി ഈ ഗ്രൂപ്പുകള്‍ മുദ്രാവാക്യങ്ങള്‍ വിളിച്ച് പോയിരുന്നു. നെട്ടൂര്‍ വടക്കെ കോളനിയില്‍ നിന്നും തേവര മമ്മാഞ്ഞി മുക്കിലേക്ക് സമരക്കാരെ പുഴ കടത്താനായി ഒരു ചങ്ങാടവും ഏര്‍പ്പാടാക്കിയിരുന്നു. ക്ഷാമവും പട്ടിണിയും വിലക്കയറ്റവുമൊക്കെയായിരുന്ന അക്കാലത്ത് അമേരിക്കന്‍ പൊടി കൊണ്ടുള്ള 'ഉണ്ട'യായിരുന്നുവത്രെ വിശപ്പടക്കാന്‍ നല്‍കിയിരുന്നത്.
മാളിയേക്കല്‍ ജോര്‍ജ് ജോണ്‍ ആയിരുന്നു ജാഥാ ക്യാപ്റ്റന്‍. അദ്ദേഹം നല്ലൊരു കലാകാരന്‍ ആയിരുന്നു. സമരത്തില്‍ പങ്കെടുക്കുന്നവരില്‍ ആവേശമുണ്ടാക്കാനും അവരെ രസിപ്പിക്കാനുമായി പല കലാപരിപാടികളും അദ്ദേഹം നടത്തിയിരുന്നു. ഒട്ടനവധി പേരെ പോലീസ് അറസ്റ്റ് ചെയ്തു. വിമോചന സമരത്തില്‍ പങ്കെടുത്ത് ഇടവകയില്‍നിന്നും ആദ്യ അറസ്റ്റ് വരിച്ചത് കളരിക്കല്‍ അഗസ്റ്റിന്‍ ജോസഫായിരുന്നു.
(യാത്ര തീരുന്നില്ല; പേജ്   ല്‍ തുടരുന്നു.  ''ഇടവക വളരുന്നു; ആത്മീയമായും സാംസ്‌ക്കാരികമായും.'')

അവലംബം
* നമ്മുടെ മാതൃദേവാലയം - കെ.ഒ. റോക്കി, കോന്നുള്ളില്‍ (നെട്ടൂര്‍ ദേവാലയ ആശീര്‍വാദ             സ്മാരകോ പഹാരം 1970 സെപ്തംബര്‍).
1 & 4. കേരളത്തിലെ സ്ഥലനാമ ചരിത്രങ്ങള്‍: എറണാകുളം ജില്ല - വി.വി.കെ. വാലത്ത് .
2. History of Ernakulam þ ernakulam.nic.in/history.htm. 
3 & 6. വിക്കിപീഡിയ/കൊച്ചി.
5. അഖിലവിജ്ഞാനകോശം, വാല്യം രണ്ട്, ഡി.സി. ബുക്‌സ് 1998.
7. Wikipedia/Cochin Port & വിക്കിപീഡിയ/കൊച്ചി.
8, 9 & 11. ഭാരത സഭാ ചരിത്രം: രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളില്‍ - അഡ്വ. ജേക്കബ്
പുളിക്കന്‍.
10, 18 & 19. മലബാര്‍ മാന്വല്‍ - വില്യം ലോഗന്‍.
12 & 31. 1) ഭാരത സഭാ ചരിത്രം: രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളില്‍ - അഡ്വ. ജേക്കബ്
പുളിക്കന്‍ & കേരള സഭയുടെ ചരിത്രം - ഫാ. ജോര്‍ജ് അറക്കല്‍.
13. കൊച്ചിയും പാലിയത്തച്ഛന്മാരും - കെ. സദാശിവന്‍.
14. കേരളചരിത്രം - എ. ശ്രീധരമേനോന്‍.
15. വിക്കിപീഡിയ/കേരളത്തിലെ നാട്ടുരാജ്യങ്ങള്‍ & കേരളചരിത്രം - എ. ശ്രീധരമേനോന്‍.
16 & 17. ചരിത്രത്തിന്റെ അടിവേരുകള്‍ വേലായുധന്‍ പണിക്കശ്ശേരി.
19 & 20. കേരളത്തിലെ സ്ഥലനാമ ചരിത്രങ്ങള്‍: എറണാകുളം ജില്ല - വി.വി.കെ. വാലത്ത്.
18, 22, 25, 26, 27, 28, 29, 31 & 32. ഭാരത സഭാ ചരിത്രം: രാഷ്ട്രീയ സാമൂഹിക  
സാഹചര്യങ്ങളില്‍ -അഡ്വ. ജേക്കബ് പുളിക്കന്‍.                         
21.  കേരളചരിത്രം - എ. ശ്രീധരമേനോന്‍, Wikipedia/Battle of Cochin 1504.
23, 24, 27 & 28. ചരിത്രത്തിന്റെ അടിവേരുകള്‍ - വേലായുധന്‍ പണിക്കശ്ശേരി.
25. വാസ്‌കോ ഡ ഗാമയും ചരിത്രത്തിലെ കാണാപ്പുറങ്ങളും - സത്യന്‍ എടക്കാട്.
30. കേരളചരിത്രം - എ. ശ്രീധരമേനോന്‍.
32. വിക്കിപീഡിയ/കൊച്ചി.
33, 35 & 38. വിക്കിപീഡിയ/റോബര്‍ട്ട് ബ്രിസ്‌റ്റോ.
34. The Hindu dated 26.5.2003.
36. Wikipedia/Cochin Port .
37. Cochin Saga - Robert Bristo.
39. വിക്കിപീഡിയ/മട്ടാഞ്ചേരി ഹാര്‍ബര്‍ പാലം & വിക്കിപീഡിയ/റോബര്‍ട്ട് ബ്രിസ്‌റ്റോ.
40. madhyamam.com  dated 7.5.2013.
41. Wikipedia/Cochin Harbour Terminal Railway Station.      
42. വിക്കിപീഡിയ/നെട്ടൂര്‍ & വിക്കിപീഡിയ/നെട്ടൂര്‍ മഹാദേവക്ഷേത്രം.
43. നെട്ടൂര്‍ മഖാം ശരീഫ് ചരിത്രം - ഷൗക്കത്ത് അന്‍വരി, പാലക്കാട്.
44. വിക്കിപീഡിയ/വിമോചന സമരം.

History of I.H.M. Church, Nettoor
നെട്ടൂര്‍ വിമലഹൃദയ മാതാവിന്റെ ഇടവക ചരിത്രം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ