2015, ജൂലൈ 22, ബുധനാഴ്‌ച

വിമലഹൃദയ ദേവാലയ നവീകരണം


ഒരു കുടുംബത്തിന്റെ കൂട്ടായ്മയോടെ അകമഴിഞ്ഞ സാമ്പത്തിക സഹകരണത്തോടെ നെട്ടൂര്‍ വിമലഹൃദയ ഇടവക ദേവാലയത്തിന്റെ നവീകരണം നൂറ്റിപ്പത്ത് ദിനരാത്രങ്ങള്‍കൊണ്ട് പൂര്‍ത്തീകരിച്ചത് വിവരിക്കുകയാണ് ഫിനാന്‍സ് കമ്മിറ്റി കണ്‍വീനര്‍ കൂടിയായ ലേഖകന്‍.
  

നെട്ടൂര്‍ വിമലഹൃദയ ഇടവക ദേവാലയം 
1970 സെപ്തംബര്‍ 27-ാം തീയതി അന്നത്തെ വരാപ്പുഴ അതിരൂപതാ വികാര്‍ കാപ്പിറ്റുലാര്‍ അഭിവന്ദ്യ കൊര്‍ണേലിയസ് ഇലഞ്ഞിക്കല്‍ പിതാവ്; നെട്ടൂരിന്റെ മദ്ധ്യഭാഗത്ത് കായലിനഭിമുഖമായി നിര്‍മ്മിച്ച വിമലഹൃദയ മാതാവിന്റെ നാമധേയത്തിലുള്ള പുതിയ ദേവാലയം ആശീര്‍വദിച്ചു. 43 വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ നാടും ഇടവക സമൂഹവും വളരുകയും മുഴുവന്‍ ഇടവക സമൂഹത്തേയും ഉള്‍ക്കൊള്ളാന്‍ ഇടവക ദേവാലയത്തിനകത്തെ സ്ഥലസൗകര്യങ്ങള്‍ തീരെ അപര്യാപ്തമായി തീരുകയും ചെയ്തു. 

നവീകരണത്തിന് തുടക്കം
ദേവാലയത്തിനകത്ത് പലവിധ പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ വിവിധ അവസരങ്ങളില്‍ നടത്തിയിരുന്നുവെങ്കിലും ദേവാലയത്തിനകത്തും അള്‍ത്താരയിലും സ്ഥലസൗകര്യങ്ങള്‍ വര്‍ദ്ധി പ്പിക്കുവാന്‍ കഴിഞ്ഞിരുന്നില്ല. 2012 നവംബര്‍ 30-ാം തീയതി വികാരിയായി ചുമതലയേറ്റ ബഹുമാനപ്പെട്ട ആന്റണി കൊപ്പാണ്ടുശ്ശേരി അച്ചന്‍ ഈ അവസ്ഥ പരിഹരിക്കുന്നതിനെക്കുറിച്ച് ഗൗരവമായി ചിന്തിച്ചു. ദിവ്യബലിക്കെത്തുന്ന എല്ലാവരും ദേവാലയത്തിനകത്തുനിന്ന് അതില്‍ പങ്കെടുക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു.
       അനുഭവസമ്പത്തും ദേവാലയ നിര്‍മ്മാണ രംഗത്തെ പ്രവര്‍ത്തന പരിചയവും വെച്ച് മനസ്സിലുള്ള ആശയം പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍, കുടുംബയൂണിറ്റ് കേന്ദ്രസമിതി ഭാരവാഹികള്‍, ഇടവകയിലെ പരിചയസമ്പന്നരായ വ്യക്തികള്‍ തുടങ്ങി പലരുമായും പങ്കുവയ്ക്കുകയും ദേവാലയം നവീകരിക്കുന്നതിനുള്ള സാധ്യതകള്‍ ആരായുകയും ചെയ്തു. ദേവാലയ നവീകരണത്തിന്റെ മുന്നോടിയായി പാരിഷ്ഹാള്‍  മോടിപിടിപ്പിക്കാനുള്ള പദ്ധതി വരികയും വളരെ പെട്ടെന്നു തന്നെ അത് പൂര്‍ത്തിയാക്കാന്‍ സാധിക്കുകയും ചെയ്തു. ഇടവക സമൂഹത്തിന് പൊതുവില്‍ വലിയ സാമ്പത്തിക ബാദ്ധ്യത ഇല്ലാതെയാണ് ആ പണി പൂര്‍ത്തിയാക്കിയത്.
       പിന്നീട് പാരിഷ് കൗണ്‍സില്‍ യോഗത്തില്‍ ദേവാലയ നവീകരണത്തിന്റെ ആശയം അവതരിപ്പിക്കുകയും അതിന് മുഴുവന്‍ അംഗങ്ങളും പിന്തുണ നല്‍കുകയും ചെയ്തു. ഇതിനിടയില്‍ നിര്‍മ്മാണരംഗത്ത് പ്രവര്‍ത്തിക്കുന്ന അയല്‍ ഇടവകാംഗമായ സേവ്യര്‍ ചക്കാലക്കല്‍ (അദ്ദേഹമാണ് തേവര സെന്റ് ജോസഫ് പള്ളി നവീകരണവും കോന്തുരുത്തി സെന്റ് ജോണ്‍ നെപുംസ്യാനോസ് പള്ളി നിര്‍മ്മാണവും ഏറ്റെടുത്ത് നിര്‍വഹിച്ചത്), അദ്ദേഹത്തിന്റെ മകന്‍ എന്‍ജിനീയര്‍ ബാബു സേവ്യര്‍ എന്നിവരുമായി അച്ചന്‍ ഈ ആശയം പങ്കുവയ്ക്കുകയും ഏകദേശം രൂപരേഖ തയ്യാറാക്കുകയും ചെയ്തിരുന്നു. 

നെട്ടൂര്‍ വിമലഹൃദയ ദേവാലയ അള്‍ത്താര
    നവീകരണ പ്രവര്‍ത്തനങ്ങളില്‍ മുഴുവന്‍ ഇടവകാംഗ ങ്ങളേയും പങ്കാളികള്‍ ആക്കണമെന്നുമുള്ള ഉദ്ദേശത്തോ ടെ ഇടവക പൊതുയോഗം വിളിച്ചുകൂട്ടി ഒരു പൊതു ചര്‍ച്ച യ്ക്ക് വഴിയൊരുക്കി. ഇടവകയിലെ എല്ലാ കുടുംബനാഥന്മാര്‍ ക്കും പ്രത്യേകം ക്ഷണക്കത്തുകള്‍ നല്‍കി 3.11.2013 ല്‍ ഇടവക പൊതുയോഗം വിളിച്ചുകൂട്ടി. യോഗത്തില്‍ വികാരി യച്ചന്‍ ദേവാലയ നവീകരണത്തിന്റെ രൂപരേഖ അവതരിപ്പിക്കുകയും അതിന്റെ ഏകദേശ ചെലവ് ഇടവകാംഗങ്ങളെ അറിയിക്കുകയും ചെയ്തു. വിശദമായി ചര്‍ച്ചകള്‍ നടന്നു. ദേവാലയം നവീകരിക്കാന്‍ ഏകകണ്ഠമായി തീരു മാനിച്ചു. 
   2014 ഏപ്രില്‍ മാസത്തില്‍ നടക്കുവാന്‍ പോകുന്ന ഡീക്കന്‍ ഷോബിന്റെ നവപൂജാര്‍പ്പണത്തിനു മുമ്പ് പണി പൂര്‍ത്തിയാക്കേണ്ടതിന്റെ ആവശ്യകതയും അച്ചന്‍ പറഞ്ഞു. തുടര്‍ന്ന് 2014 ലെ വിശുദ്ധവാരാചരണത്തിന് മുമ്പ് പണി പൂര്‍ത്തിയാക്കണം എന്ന ലക്ഷ്യത്തോടെ പണി ആരംഭിച്ചു. പള്ളിയുടെ മേല്‍ക്കൂര നിലനിര്‍ത്തി ക്കൊണ്ട് അള്‍ത്താര ആധുനിക രീതിയില്‍  പൂര്‍ണമായും നവീകരിക്കാനും പള്ളിയുടെ പ്രധാന ഭാഗത്തെ ഭിത്തികള്‍ പൊളിച്ച് ഇരുവശത്തേക്കും വീതി കൂട്ടുന്ന തിനും പള്ളിയുടെ മുഖപ്പ് ചെറിയ ഭേദഗതികളോടെ നവീകരിക്കുന്നതിനും കൂടി ആകെ 24,70,000 രൂപ ചെലവു വരുന്ന ഒരു പദ്ധതിക്ക് അംഗീകാരം നല്‍കി. പിന്നീട് കൂടുതല്‍ പണം ലഭിക്കുകയാണെങ്കില്‍ പള്ളിയുടെ അകം മുഴുവനുമുള്ള തറ കാലഘട്ടത്തിനനുസരിച്ച് ഭംഗിയാക്കാമെന്നുള്ള തീരുമാനങ്ങളാണ് എടുത്തത്. അന്നത്തെ യോഗത്തില്‍ ഒരു നവീകരണ സമിതിക്ക് രൂപം നല്‍കി.
    ഇടവക വികാരി ഫാ. ആന്റണി കൊപ്പാണ്ടുശ്ശേരി, സഹവികാരി ഫാ. ഫിലിപ്പ് ഷൈന്‍ എന്നിവരുടെ നിയന്ത്രണത്തില്‍ എന്‍.സി. സെബാസ്റ്റിയന്‍ കണ്‍വീനറായി ഒമ്പതംഗ ഫിനാന്‍സ് കമ്മിറ്റി, ലോറന്‍സ് സിമേന്തി കണ്‍വീനറായി വിവിധ നിര്‍മ്മാണ രംഗത്ത് പ്രവര്‍ത്തിക്കുന്ന 14 പേര്‍ അടങ്ങുന്ന നിര്‍മ്മാണ കമ്മിറ്റി, പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍, കുടുംബയോഗ കേന്ദ്രസമിതി അംഗങ്ങള്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ഒരു നവീകരണ സമിതിയാണ് കാര്യങ്ങള്‍ നിയന്ത്രിച്ചത്.

സാമ്പത്തികം
    സാധാരണക്കാര്‍ മാത്രമുള്ള നെട്ടൂര്‍ ഇടവകയില്‍നിന്നും വലിയ ഒരു തുക മൂന്നുമാസംകൊണ്ട് സ്വരൂപിക്കുക എന്നുള്ളത് ക്ലേശകരമാണ് എന്നു തോന്നിയെങ്കിലും ഇടവക പൊതുയോഗത്തില്‍ പങ്കെടുത്ത ഏതാനും വ്യക്തികള്‍ തങ്ങളുടെ സംഭാവനകള്‍ വാഗ്ദാനം ചെയ്യുകയുണ്ടായി. ഏകദേശം നാലര ലക്ഷം രൂപ അന്ന് വാഗ്ദാനം ലഭിച്ചു. 2013 നവമ്പര്‍ 17 മുതല്‍ ഇടവകയിലെ ഓരോ ഭവനവും കയറിയിറങ്ങി സംഭാവന സ്വരൂപിക്കുവാനും തീരുമാനമായി. തങ്ങള്‍ ഉദ്ദേശിക്കുന്ന സംഭാവന തുക ഗഡുക്കളായി നല്‍കുന്നതിന് സംഭാവന കാര്‍ഡ് അച്ചടിച്ച് എല്ലാ വീടുകളിലും നല്‍കി. ഓരോ ആഴ്ചയിലും ലഭിക്കുന്ന തുകയും അത് നല്‍കിയവരുടെ പേരുവിവരങ്ങളും ഞായറാഴ്ച  കുര്‍ബാന മദ്ധ്യേ പരസ്യപ്പെടുത്തി. സുതാര്യത ഉറപ്പാക്കി, ഡിസംബര്‍ 21-ാം തീയതിയോടുകൂടി ഇരുപതു ലക്ഷത്തിനുമേല്‍ തുക വാഗ്ദാനം ലഭിക്കുകയും ചെയ്തു. എന്നാല്‍ പണി പുരോഗമിക്കുന്നതിനനുസരിച്ച് സംഭാവനകളും വന്നുകൊണ്ടിരുന്നു. തങ്ങള്‍ നല്‍കുന്ന തുക പൂര്‍ണ്ണമായും ഉപയോഗപ്പെടുന്നുണ്ട് എന്നുള്ള തോന്നല്‍ കൂടുതല്‍ സംഭാവനകള്‍ നല്‍കാന്‍ പ്രേരണയായി. ഓരോരുത്തരും താന്താങ്ങളുടെ പങ്ക് കൃത്യമായി നല്‍കി. അതായിരുന്നു ഏറ്റവും വലിയ ശക്തിയും പ്രചോദനവും.
     37,69,119 (മുപ്പത്തിയേഴുലക്ഷത്തി അറുപത്തൊമ്പതിനായിരത്തി നൂറ്റി പത്തൊമ്പത്) രൂപയാണ് ഇടവക മക്കള്‍ ഈ ആവശ്യത്തിലേക്ക് സംഭാവനയായി നല്‍കിയത്, കൂടാതെ ഇടവകാതിര്‍ത്തിയില്‍പെട്ടവരും അല്ലാത്തവരുമായ സുമനസ്സുകള്‍ ഇടവകയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ ഇതര സ്ഥാപനങ്ങള്‍ എന്നിവര്‍ നല്‍കിയ സംഭാവന ഏതാണ്ട് അഞ്ച് ലക്ഷം രൂപയും ഇടവകയിലെ മതബോധന വിഭാഗം നടത്തിയ പ്രൈസ് കൂപ്പണിലൂടെ ഒരു ലക്ഷത്തി മുപ്പത്തയ്യായിരം രൂപയുംകൂടി ആകെ 43,41,523 (നാല്പത്തിമൂന്നുലക്ഷത്തി നാല്‍പ്പത്തൊന്നായിരത്തി അഞ്ഞൂറ്റി ഇരുപത്തിമൂന്ന്) രൂപയാണ് നവീകരണ സമിതിക്ക് സ്വരൂപിക്കാന്‍ കഴിഞ്ഞത്. അഭിവന്ദ്യ മെത്രാപ്പോലീത്ത രണ്ട് പ്രാവശ്യമായി ആറ് ലക്ഷം രൂപയും 2013 ലെ മിഷന്‍ സണ്‍ഡേ കളക്ഷനില്‍ നിന്നും നീക്കിവച്ച ഒരു ലക്ഷം രൂപയും ഇടവകയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി മുന്‍കാലങ്ങളില്‍ സ്വരൂപിച്ച തുകയില്‍നിന്നും നാല്‍പ്പത്തൊന്നായിരത്തി ഇരുന്നൂറ്റിനാല്‍പ്പത്തഞ്ച് രൂപയും ഉള്‍പ്പെടെ ആകെ 50,90,672 (അമ്പതുലക്ഷത്തി തൊണ്ണൂറായിരത്തി അറൂന്നൂറ്റി എഴുപത്തി രണ്ട്) രൂപയാണ് ദേവാലയ നവീകരണത്തിനുവേണ്ടി ദേവാലയ നവീകരണ സമിതി നേരിട്ട് ചെലവഴിച്ചത്.

നിര്‍മ്മാണ പ്രവൃത്തികള്‍
          ഇടവക തിരുനാള്‍ കഴിഞ്ഞ പിറ്റേന്നാള്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനാണ് തീരുമാനിച്ചതെങ്കിലും തിരുനാളിനുവേണ്ടി ഇട്ടിരുന്ന പന്തലും മറ്റും പൊളിച്ചു മാറ്റുന്നതിനും ദേവാലയത്തിന്റെ ഇരുവശങ്ങളിലും നിന്നിരുന്ന വലിയ തണല്‍ മരങ്ങള്‍ വെട്ടിമാറ്റുന്നതിനും ഒരാഴ്ച കൂടി പിന്നെയും വേണ്ടിവന്നു. 2013 ഡിസംബര്‍ 16-ാം തീയതി പണി പൂര്‍ണ്ണതോതില്‍ ആരംഭിച്ചു. പുറംമതില്‍ പണി ആദ്യം പൂര്‍ത്തീകരിച്ച് ദേവാലയത്തിന്റെ പ്രധാനഭാഗത്തിന്റെ ഇരു വശങ്ങളിലേയും ഭിത്തികള്‍ ഭാഗികമായി പൊളിച്ച് കോണ്‍ക്രീറ്റ് തൂണുകളില്‍ മേല്‍ഭാഗത്തെ ഭിത്തി ഉറപ്പിക്കുക എന്നുള്ളത് ക്ലേശകരമായിരുന്നു. പൂര്‍ണമായും കുമ്മായത്തില്‍ പണിത ഭിത്തികള്‍ താഴെനിന്ന് ഏതാണ്ട് മദ്ധ്യഭാഗം വരെ പൊളിച്ച് ഇരുമ്പ് ബീമുകളില്‍ കൊള്ളിച്ചു നിര്‍ത്തുക എന്നുള്ളത് അപകടം പിടിച്ച പണിയായിരുന്നു. പൂര്‍ണമായും ദൈവത്തില്‍ ആശ്രയിച്ചുകൊണ്ട് സേവ്യര്‍ ചക്കാലക്കലും അദ്ദേഹത്തിന്റെ തൊഴിലാളികളും എന്‍ജിനീയര്‍ ബാബുവിന്റെ  നിയന്ത്രണത്തില്‍ പ്രാര്‍ത്ഥനാപൂര്‍വ്വം പ്രവര്‍ത്തിച്ചപ്പോള്‍ എല്ലാം ഭംഗിയായി.
     ഏകദേശം 40 ഓളം പണിക്കാരാണ് വിവിധ മേഖലകളില്‍ രാവിലെ ഏഴുമണിമുതല്‍ വൈകീട്ട് ഏഴുമണിവരെ പണി ചെയ്തത്. ഒരു മാസം തുടര്‍ച്ചയായി പണി ചെയ്തുകഴിഞ്ഞപ്പോള്‍ ഘടന പൂര്‍ത്തിയായി. ഇതിനിടയില്‍ തന്നെ പള്ളിയുടെ ഇലക്ട്രിക് റീവയറിങ്ങ് പൂര്‍ണമായി നടത്തി. അള്‍ത്താരയുടെ പണിയും ആരംഭിച്ചു. ഈ ഘട്ടത്തില്‍ കുടുംബയൂണിറ്റുകളില്‍ നിന്നും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് അഭിപ്രായങ്ങള്‍ വന്നു തുടങ്ങി. പള്ളിയുടെ അകം പൂര്‍ണമായും ഗ്രാനൈറ്റ് ഇട്ട് മോടിയാക്കണമെന്ന അഭിപ്രായമാണ് പ്രധാനമായും വന്നത്. ഈ അഭിപ്രായം മാനിച്ചുകൊണ്ട് നവീകരണ സമിതിയുടെ അവലോകന യോഗത്തില്‍വച്ച് ഗ്രാനൈറ്റ് ഇടുന്നതിനുള്ള നടപടി ആരംഭിച്ചു. സമയബന്ധിതമായി പണി പൂര്‍ത്തിയാക്കുന്നതിലേക്ക് പ്രധാന മരപ്പണികളും ഗ്രാനൈറ്റ് വര്‍ക്കുകളും വ്യത്യസ്ത വ്യക്തികളെ ഏല്‍പ്പിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. ഈ അവസരത്തില്‍ പള്ളിയുടെ ഇരു വശങ്ങളിലും ഉള്ള ജനലുകള്‍ക്ക് ഗ്ലാസ് ഇട്ട് പുതിയ മരത്തില്‍ പണികള്‍ സൗജന്യമായി ചെയ്തുതരാന്‍ സന്നദ്ധത കാണിച്ച് നിര്‍മ്മാണക്കമ്മിറ്റി അംഗമായ  മാര്‍ട്ടിന്‍ ചക്കാലക്കല്‍ രംഗത്തു വരികയും അള്‍ത്താരയ്ക്ക് ചുറ്റുമുള്ള കൈവിരിയും ബലിപീഠവും മാര്‍ട്ടിനെ ചുമതല ഏല്‍പ്പിക്കുകയും ചെയ്തു. സേവ്യറിന്റെ പണിക്കാര്‍ ഒരേ സമയത്തുതന്നെ അള്‍ത്താരയുടെ പണിയും അകത്തെ തേപ്പും മുഖപ്പിന്റെ പണിയും മുടക്കം കൂടാതെ നിര്‍വ്വഹിച്ചുപോന്നു. കമ്മിറ്റിയില്‍ വന്ന അഭിപ്രായത്തെ പരിഗണിച്ച് ഗ്രാനൈറ്റ് വര്‍ക്കിന് ടെണ്ടര്‍ വയ്ക്കുകയും ആന്റണി തുണ്ടത്തില്‍ ഏറ്റവും കുറഞ്ഞ നിരക്കിലും കുറേയേറെ പണികള്‍ സൗജന്യമായും ചെയ്യുവാന്‍ തയ്യാറായി പണി ആരംഭിക്കുകയും ചെയ്തു.
      അവസാന ഘട്ടം ആയപ്പോഴേയ്ക്കും പണികള്‍ പൂര്‍ത്തിയാക്കാന്‍ താമസം നേരിടും എന്നു കരുതി പഴയ കതകുകളും ജനലുകളും മുന്‍വശത്തെ പാനല്‍ വര്‍ക്കുകളും ചെയ്യുവാന്‍ ടി.ഡി. ജോസഫ് തട്ടാശ്ശേരി സന്നദ്ധനാകുകയും ആ പണികളും സമയബന്ധിതമായി പൂര്‍ത്തിയാക്കാനും കഴിഞ്ഞു. പെയിന്റിംഗ് വര്‍ക്കുകള്‍  ജാക്‌സണ്‍ മുക്കത്തും പോളിഷിംഗ് വര്‍ക്കുകള്‍  ബാബു കുരിശിങ്കലും ഏറ്റെടുത്തു ചെയ്തു.  ജാക്‌സണ്‍ മുക്കത്ത് കൂലിയിനത്തില്‍ നാമമാത്രമായ തുക കൈപ്പറ്റിക്കൊണ്ട് ബഹുഭൂരിപക്ഷം പെയിന്റിംഗ് ജോലികളും പണികളും സൗജന്യമായിട്ടാണ് ചെയ്തത്. ഇത്രയുമായപ്പോള്‍ പള്ളിക്കുചുറ്റും കട്ടകള്‍ വിരിച്ചില്ലെങ്കില്‍ അഴുക്കും മണ്ണും കയറി ദേവാലയത്തിനകം മോശമാകും എന്നുള്ള അഭിപ്രായങ്ങള്‍ വന്നു. അതിനാല്‍ പള്ളിക്ക് ചുറ്റും രണ്ട് മീറ്റര്‍ വീതിയിലും മുന്‍വശത്ത് ഏകദേശം പത്ത് മീറ്റര്‍ വരെയും കട്ടകള്‍ വിരിച്ചു. അവസാനമായപ്പോള്‍ ഇനി ദേവാലയത്തിനു ചേര്‍ന്ന ഒരു ശബ്ദസജ്ജീകരണങ്ങള്‍ വേണമെന്ന അഭിപ്രായം പരിഗണിച്ച് പുതിയ സൗണ്ട് സിസ്റ്റം ഉണ്ടാക്കുന്നതിന്  ജെഫ്‌റി നെറ്റൊയെ ചുമതല ഏല്‍പ്പിക്കുകയും രണ്ട് ലക്ഷത്തിപ്പതിനാറായിരം രൂപയ്ക്ക് പുതിയ ശബ്ദ സംവിധാനങ്ങള്‍ ഉണ്ടാക്കുകയും ചെയ്തു. അങ്ങനെ ഏതാണ്ട് 110 ദിവസങ്ങള്‍ കൊണ്ട് വളരെ മനോഹരമായി ദേവാലയ നവീകരണവും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു.

വെഞ്ചരിപ്പ് ആഘോഷങ്ങള്‍
     ദേവാലയ വെഞ്ചരിപ്പിനുവേണ്ടി പ്രത്യേകം കമ്മിറ്റികള്‍ രൂപീകരിച്ചു. ജനറല്‍ കണ്‍വീനര്‍ ആയി പാരിഷ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ടി.പി. ആന്റണി മാസ്റ്ററെ തെരഞ്ഞെടുത്തു.  ലിറ്റര്‍ജി കണ്‍വീനറായി സിസ്റ്റര്‍ ജോണ്‍സിയേയും റിസപ്ഷന്‍ കണ്‍വീനറായി എന്‍.സി. സെബാസ്റ്റിയനേയും കാറ്ററിംഗ് കണ്‍വീനറായി ജെയിംസ് ചെട്ടിവീട്ടിലിനേയും, ഡെക്കറേഷന്‍ & ലൈറ്റ് ആന്റ് സൗണ്ട് കണ്‍വീനറായി ഡയസ് മാളിയേക്കലിനേയും, വോളന്റിയര്‍ കണ്‍വീനറായി കനീഷ്യസ് ആന്റണിയേയും പബ്ലിസിറ്റി & സോവനീര്‍ കണ്‍വീനറായി സാംസണ്‍ അറക്കലിനേയും ചുമതലപ്പെടുത്തി. എല്ലാ കമ്മിറ്റികളും തന്നെ കണ്‍വീനര്‍മാരുടെ നേതൃത്വത്തില്‍ കാര്യങ്ങള്‍ കൃത്യതയോടെ ക്രമീകരിച്ചു.
       ആഘോഷങ്ങള്‍ വളരെ പരിമിതപ്പെടുത്താനാണ് തീരുമാനിച്ചത്. അഭിവന്ദ്യ പിതാവിന് ഏറ്റവും നല്ല സ്വീകരണം ഇടവക മക്കളുടെ പങ്കാളിത്തം കൊണ്ട് സമ്പന്നമാക്കുവാന്‍ നമ്മുടെ കുടുംബ കൂട്ടായ്മകള്‍ ഏറെ സഹായിച്ചു. എന്നാല്‍ അവസാനമായപ്പോള്‍ കുറേ ചെറുപ്പക്കാര്‍ ഇതൊരു വന്‍ ആഘോഷമാക്കണമെന്ന താല്‍പര്യത്തോടെ വികാരിയച്ചനെ സമീപിക്കുകയും സ്വമേധയാ ഫണ്ട് കണ്ടെത്തി വാദ്യഘോഷങ്ങളും കരിമരുന്നു പ്രയോഗവുംകൊണ്ട് ഈ ആഘോഷം ഗംഭീരമാക്കുവാന്‍ അനുമതി വാങ്ങുകയും ചെയ്തു. വെഞ്ചരിപ്പ് ചടങ്ങുകള്‍ ഏറെ മനോഹരമാക്കി.
     2014 ഏപ്രില്‍ 6 ന് വൈകീട്ട് നാലുമണിക്ക് വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്തയ്ക്ക് ഇടവകാങ്കണത്തില്‍ ഹൃദ്യമായ സ്വീകരണവും തുടര്‍ന്ന് ദേവാലയാശീര്‍വാദവും ദിവ്യബലിയും നടന്നു. സമാപനാശീര്‍വാദത്തിനുശേഷം വികാരിയച്ചന്‍ ഏവര്‍ക്കും നന്ദി പറഞ്ഞു. ദേവാലയ നവീകരണ പ്രവൃത്തികള്‍ ഏറ്റെടുത്ത് നിര്‍വഹിച്ച് പ്രധാന മേസ്തിരിമാര്‍ക്കും എഞ്ചിനീയര്‍ക്കും അഭിവന്ദ്യ പിതാവ് ഉപഹാരങ്ങള്‍ സമ്മാനിച്ചു. തുടര്‍ന്ന് സ്‌നേഹവിരുന്നും വാദ്യഘോഷങ്ങളും കരിമരുന്ന് പ്രയോഗവും നടന്നു. എല്ലാ പരിപാടികളും സമംഗളം പര്യവസാനിച്ചു. 

ഉപസംഹാരം
     കേവലം നൂറ്റിപ്പത്ത് ദിവസങ്ങള്‍കൊണ്ട് വളരെ വലിയ ഒരു പദ്ധതി യാതൊരു വിമര്‍ശന ത്തിനും ഇടകൊടുക്കാതെ സുതാര്യമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത് പരിശുദ്ധ വിമലഹൃദയ മാതാവിന്റെ മദ്ധ്യസ്ഥതയാല്‍ ലഭിച്ച ദൈവാനുഗ്രഹംകൊണ്ടാണ്.
     വികാരിയായിരുന്ന ആന്റണി കൊപ്പാണ്ടുശ്ശേരിയച്ചന്റെ തുറന്ന മനസ്സോടെയുള്ള സമീപനവും ഇടവക സമൂഹത്തിന്റെ ഉദാരമായ സഹകരണവും പണികള്‍ ഏറ്റെടുത്തു നടത്തിയവരുടെ ആത്മാര്‍ത്ഥത നിറഞ്ഞ അദ്ധ്വാനവും പ്രവര്‍ത്തനങ്ങള്‍ ഫലവത്താക്കി. എന്നിരുന്നാലും ആശീര്‍വാദത്തിനു മുമ്പു  പഴയ മേല്‍ക്കൂരയും അതിന്റെ ഷീറ്റുകളും മാറ്റുവാന്‍ സാധിച്ചില്ല. അതിനുള്ള നിയോഗം കൊപ്പാണ്ടുശ്ശേരിയച്ചനുശേഷം വികാരിയായ ജോര്‍ജ് മംഗലത്ത് അച്ചനായിരുന്നു. ദൈവകൃപയാല്‍ പഴയ ആസ്ബറ്റോസ് ഷീറ്റുകള്‍ മാറ്റി അലൂമിനിയം ഗാല്‍വനൈറ്റ് ഷീറ്റിട്ട് ദേവാലയം മനോഹരമാക്കി. 2015 ഫെബ്രുവരിയോടുകൂടി മേല്‍ക്കൂരയുടെ ഷീറ്റുകള്‍ കൂടി മാറ്റിയപ്പോള്‍ നവീകരണം അതിന്റെ പൂര്‍ണതയിലേക്ക് എത്തി.
നെട്ടൂര്‍ വിമലഹൃദയ ഇടവക ദേവാലയം ആര്‍ച്ച് ബിഷപ്പ് ഡോ. ഫ്രാന്‍സീസ് കല്ലറക്കല്‍ ആശീര്‍വ്വദിക്കുന്നു

History of I.H.M. Church, Nettoor
നെട്ടൂര്‍ വിമലഹൃദയ മാതാവിന്റെ ഇടവക ചരിത്രം